പ്ലസ് വൺ സീറ്റ് പ്രതിസന്ധി: ഇന്ന് സംസ്ഥാനത്ത് ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി, മലപ്പുറത്തെ വിദ്യാർഥിനിയുടെ ആത്മഹത്യ എന്നീ വിഷയങ്ങൾ ഉന്നയിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻറ് ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് സംഘടിപ്പിക്കും. മലപ്പുറം പരപ്പനങ്ങാടിയിൽ രണ്ടാം ഘട്ട അലോട്ട്മെൻ്റിന് ശേഷവും സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് വിദ്യാർഥിനി ഹാദി റുഷ്ദ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചും ആവശ്യമായ പുതിയ ബാച്ചുകൾ അടിയന്തിരമായി അനുവദിക്കണമെന്നാവശ്യപ്പെട്ടുമാണ് ബന്ദ് നടത്തുന്നത്.
പ്ലസ് വൺ പ്രവേശന പ്രക്രിയ ആരംഭിച്ച ശേഷവും മലബാർ ജില്ലകളിൽ സീറ്റ് പ്രതിസന്ധി രൂക്ഷമായി തുടരുകയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് കെ.എം ഷെഫ്റിൻ പറഞ്ഞു. ഹാദി റുഷ്ദ മലബാർ വിദ്യാഭ്യാസ വിവേചനത്തിൻറെ രക്തസാക്ഷിയാണ്. മലബാറിൽ ആയിരക്കണക്കിന് സീറ്റ് ബാക്കിയാണെന്ന നുണ പ്രചാരണം വിദ്യാഭ്യാസ മന്ത്രി നടത്തിയ ദിവസമാണ് സീറ്റ് ലഭിക്കാതെ ആത്മഹത്യയുമുണ്ടായത്. മരണത്തിന് ഉത്തരവാദി കേരള മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമാണ്. ഇനിയൊരു ഹാദി റുഷ്ദ കേരളത്തിൽ ഉണ്ടാകരുത്. അതിന് പുതിയ ബാച്ചുകൾ അനുവദിച്ച് ഉത്തരവിറക്കണം എന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ആവശ്യപ്പെടുന്നു.
കേരളത്തിൽ ഈ വർഷത്തെ പത്താം തരം ഫലം പുറത്തുവന്ന് പ്ലസ് വൺ അലോട്ട്മെന്റ് പ്രക്രിയ ആരംഭിച്ചതിനു ശേഷവും സംസ്ഥാനത്തെ മലബാർ ജില്ലകളിൽ ഹയർസെക്കന്ററി സീറ്റ് പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. മലബാർ ജില്ലകളിൽ ഏകജാലക സംവിധാനത്തിലൂടെ ഈ വർഷം പ്ലസ് വണ്ണിന് അപേക്ഷിച്ചിട്ടുള്ളവർ 246086 വിദ്യാർഥികളാണ്. ജൂൺ 11ന് വൈകിട്ട് പ്രസിദ്ധീകരിച്ച രണ്ടാം അലോട്ട്മെന്റിന് ശേഷം 127181 വിദ്യാർഥികൾക്ക് മലബാറിൽ സീറ്റ് ലഭിച്ചിട്ടില്ല. മലബാർ ജില്ലകളിൽ ബാക്കി ലഭ്യമായിട്ടുള്ള 42641 സീറ്റുകളിലേക്ക് കൂടി ഇനി പ്രവേശനം ലഭിച്ചാലും 84540 വിദ്യാർഥികൾ മലബാറിൽ സീറ്റ് ഇല്ലാതെ പുറത്തു നിൽക്കേണ്ടിവരും.
മലപ്പുറം - 32239, പാലക്കാട് - 17794, കോഴിക്കോട് - 16600, വയനാട് - 3073, കണ്ണൂർ - 9313, കാസർകോട് - 5521 എന്നിങ്ങനെയാണ് മലബാർ മേഖലയിലെ വിവിധ ജില്ലകളിലെ സീറ്റുകളുടെ കുറവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."