പോയിട്ട് ഒന്നരമാസം, അച്ഛനും അമ്മക്കും താങ്ങാവാന്‍ ഇനി സാജനില്ല
പുനലൂര്‍: ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സാജന്‍ തന്റെ പിതാവിനെ അവസാനമായി വിളിച്ചത്. ദിവസവും മാതാപിതാക്കളെ വിളിക്കാറുള്ള മകന്‍ അന്ന് അല്‍പം അധികനേരം സംസാരിച്ചതായി പിതാവ് പറയുന്നു. ഉറ്റവരുടെ സുഖ വിവരങ്ങള്‍ക്കൊപ്പം സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വിശേഷങ്ങളും തിരക്കി സന്തോഷവാനായാണ് ഫോണ്‍ വച്ചത്.
ബുധനാഴ്ച പുലര്‍ച്ചെ കുവൈത്തിലെ ലേബര്‍ ക്യാംപില്‍ ഉണ്ടായ തീപിടിത്തം മാധ്യമങ്ങളിലൂടെ അറിഞ്ഞെങ്കിലും മകന്‍ സാജനും അപകടത്തില്‍പെട്ടതായി പിതാവ് കരുതിയിരുന്നില്ല. പിന്നീട് ബുധനാഴ്ച വൈകീട്ടാണ് ദുരന്തവാര്‍ത്ത കുടുംബത്തെ തേടിയെത്തുന്നത്. സാജന്റെ അമ്മയെ ഇത് അറിയിച്ചിരുന്നില്ല. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അവര്‍ മരണവാര്‍ത്ത അറിയുന്നത്.
മകനെ കുറിച്ച് വാത്സല്യം നിറഞ്ഞ വാക്കുകള്‍ കണ്ണീരോടെ പറയുന്ന മാതാവിനെയും തളര്‍ന്നിരിക്കുന്ന പിതാവിനെയും ആയിരുന്നു വീട്ടിലെത്തിയവര്‍ക്ക് വ്യാഴാഴ്ച കാണാന്‍ കഴിഞ്ഞത്.
പുനലൂര്‍ നരിക്കല്‍ വാഴവിള അടിവള്ളൂര്‍ സാജന്‍ വില്ലയില്‍ സാജന്‍ ജോര്‍ജ് എന്ന 29കാരന്‍ തന്റെ സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കാന്‍ ഒന്നരമാസം മുമ്പ് ആയിരുന്നു വിദേശത്തേക്ക് പോയത്.
അടൂരിലെ സ്വകാര്യ എന്‍ജിനീയറിങ് കോളജില്‍ അസി. പ്രൊഫസറായി ജോലി ചെയ്യുന്നതിനിടെയാണ് എം.ടെക് ബിരുദധാരിയായ സാജന് കുവൈത്തിലെ കമ്പനിയില്‍ ജോലി ലഭിക്കുന്നത്. അവിടെ ജൂനിയര്‍ എന്‍ജിനീയറായി ജോലി ചെയ്ത ആദ്യ ശമ്പളം കഴിഞ്ഞ അഞ്ചിന് വീട്ടിലേക്ക് അയക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."