വിമാന യാത്രക്കാരന്റെ 43 കിലോഗ്രാം ഭാരമുള്ള ലഗേജില്‍ നിന്ന് സാധനങ്ങള്‍ നഷ്ടപ്പെട്ടു; വിമാനക്കമ്പനിക്ക് പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍
ന്യൂഡല്‍ഹി: വിമാന യാത്രക്കാരന്റെ ലഗേജില്‍ നിന്ന് സാധനങ്ങള്‍ നഷ്ടപ്പെട്ടതില്‍ വിമാനക്കമ്പനികള്‍ക്ക് 30,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. ഘാനയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് യാത്ര ചെയ്ത ചണ്ഡീഗഡ് സ്വദേശിനിയുടെ ലഗേജില്‍ നിന്നാണ് സാധനങ്ങള്‍ നഷ്ടപ്പെട്ടത്. തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് ചണ്ഡീഗഡിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിമാനക്കമ്പനികള്‍ക്ക് പിഴയിട്ടത്.
എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് ഘാനയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് ഏക്താ സെഹ്ഗാള്‍ 2022 ഒക്ടോബര്‍ 16 ന് യാത്ര ചെയ്തത്. നാല് ബാഗുകള്‍ കൈയിലുണ്ടായിരുന്നു. 43 കിലോഗ്രാം ആയിരുന്നു ആകെ ഭാരം. ഒക്‌ടോബര്‍ 17 ന് രാത്രി 8.20ന് വിമാനം ന്യൂഡല്‍ഹിയില്‍ ഇറങ്ങിയെങ്കിലും എയര്‍പോര്‍ട്ട് കണ്‍വെയര്‍ ബെല്‍റ്റില്‍ ബാഗുകളെത്തിയിരുന്നില്ല. തുടര്‍ന്ന് വിമാനത്താവള അധികൃതരെ സമീപിച്ചപ്പോള്‍, ആളൊഴിഞ്ഞ കോണില്‍ കൂട്ടിയിട്ട ലഗേജുകളില്‍ നോക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അവിടെ നിന്ന് രണ്ട് ബാഗുകള്‍ കണ്ടെത്തിയെങ്കിലും അവ ഭാഗികമായി തുറന്ന നിലയിലും കേടായ നിലയിലുമായിരുന്നു. മാത്രമല്ല, ബാഗുകളുടെ പൂട്ട് തകര്‍ത്താണ് സാധനങ്ങള്‍ പുറത്തെടുത്തെന്നും മനസിലായി.
തുടര്‍ന്ന് ബാഗുകളുടെ ഭാരം പരിശോധിച്ചപ്പോള്‍ 43 കിലോഗ്രാമില്‍ നിന്ന് 39.2 കിലോഗ്രാമായി കുറഞ്ഞതായും കണ്ടെത്തി. 4 കിലോ സാധനങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി നല്‍കിയപ്പോള്‍ 200 ഡോളര്‍ മാത്രമാണ് നഷ്ടപരിഹാരം നല്‍കിയത്. തുടര്‍ന്നാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പരാതിക്കാരിയെ മാനസികമായി ബുദ്ധിമുട്ടിച്ചെന്ന് കണ്ടെത്തിയാണ് നഷ്ടപരിഹാരമായി 20,000 രൂപ നല്‍കാനും കേസുകളുടെ നടത്തിപ്പിനായി 10,000 രൂപ നല്‍കാനും കമ്മീഷന്‍ ഉത്തരവിട്ടത്. കേരളത്തിലടക്കം പല വിമാനത്താവളങ്ങളിലും യാത്രക്കാരുടെ ബാഗുകളില്‍ നിന്ന് സാധനങ്ങള്‍ നഷ്ടപ്പെടുന്നുവെന്ന പരാതി പലപ്പോഴായി ഉയര്‍ന്ന് കേട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."