കുവൈത്തിൽ പൊതുമാപ്പ് പദ്ധതി ജൂൺ 30 വരെ നീട്ടി
കുവൈത്ത് സിറ്റി:കുവൈത്തിൽ അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് തങ്ങളുടെ രേഖകൾ ഔദ്യോഗികമായി ക്രമപ്പെടുത്തുന്നതിന് അനുവദിച്ചിട്ടുള്ള പൊതുമാപ്പ് പദ്ധതിയുടെ കാലാവധി 2024 ജൂൺ 30 വരെ നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2024 ജൂൺ 14-നാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ റെസിഡൻസി നിയമങ്ങൾ ലംഘിച്ചിട്ടുളള പ്രവാസികൾക്കായി പ്രഖ്യാപിച്ചിട്ടുള്ള മൂന്ന് മാസത്തെ പൊതുമാപ്പ് പദ്ധതിയുടെ കാലാവധി 2024 ജൂൺ 17-ന് അവസാനിക്കാനിരുന്നതായിരുന്നു. ഈ കാലാവധിയാണ് ഇപ്പോൾ ഈദുൽ അദ്ഹ അവധി ദിനങ്ങൾ കണക്കിലെടുത്ത് ജൂൺ 30 വരെ നീട്ടി നൽകിയിരിക്കുന്നത്.
ഇതോടെ റെസിഡൻസി നിയമങ്ങൾ ലംഘിച്ചിട്ടുളള പ്രവാസികൾക്ക് ജൂൺ 30 വരെ അവരുടെ സ്റ്റാറ്റസ് ക്രമപ്പെടുത്തുന്നതിനും, രേഖകൾ പുതുക്കുന്നതിനും, നിയമപ്രകാരം രാജ്യത്ത് നിന്ന് മടങ്ങുന്നതിനും അനുമതിയുണ്ടായിരിക്കും. പിഴ, നിയമനടപടികൾ എന്നിവ കൂടാതെ ഇത്തരം പ്രവാസികൾക്ക് തങ്ങളുടെ രേഖകൾ ശരിയാക്കുന്നതിനും, നിയമപരമായി രാജ്യത്ത് നിന്ന് തങ്ങളുടെ നാടുകളിലേക്ക് മടങ്ങുന്നതിനും അവസരം നൽകുന്നതിനായാണ് മാനുഷിക പരിഗണന മുൻനിർത്തി ഇത്തരം ഒരു പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മന്ത്രാലയം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
റെസിഡൻസി നിയമങ്ങൾ ലംഘിച്ചിട്ടുളള പ്രവാസികളെ കണ്ടെത്തുന്നതിനായുള്ള പരിശോധനാ നടപടികൾ പൊതുമാപ്പ് പദ്ധതിയുടെ കാലാവധി അവസാനിക്കുന്ന തീയതിക്ക് ശേഷം ശക്തമാക്കുമെന്ന് മന്ത്രാലയം നേരത്തെ അറിയിപ്പ് നൽകിയിട്ടുണ്ട്. ഈ കാലാവധിയ്ക്ക് ശേഷം ഇത്തരം നിയമലംഘനങ്ങൾക്ക് പിടിക്കപ്പെടുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടിവരുമെന്നും തുടർന്ന് ഇവരെ നാട് കടത്തുമെന്നും മന്ത്രാലയം അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."