വിശ്വാസ ദീപ്തിയില്‍ ഇന്ന് ബലി പെരുന്നാള്‍; ഗള്‍ഫിലെങ്ങും ആഘോഷ നിറവ്
ദുബൈ: ഇസ്ലാമിക വിശ്വാസത്തിലെ അതിമഹത്തായ രണ്ട് ആഘോഷ വേളകളിലൊന്നായ ഈദുല്‍ അദ്ഹ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ആഘോഷിക്കുന്നു. ഇസ്ലാമിക കലണ്ടറിലെ ഈ സുപ്രധാന തീയതി ലോകമെങ്ങുമുള്ള സമൂഹം സാഘോഷം കൊണ്ടാടുകയാണ്.
പെരുന്നാള്‍ നിസ്‌കാരത്തെ തുടര്‍ന്ന് പ്രിയപ്പെട്ടവരുമൊത്ത് ഭക്ഷണം കഴിച്ച് കുടുംബങ്ങള്‍ പരസ്പരം സമ്മാനങ്ങള്‍ കൈമാറുന്നു. ശേഷം, ബന്ധുക്കളെയും സുഹൃത്തുക്കളെയും രോഗികളെയും അഗതികളെയും സന്ദര്‍ശിക്കുന്നു. ഗള്‍ഫിലെ, വിശേഷിച്ചും ദുബൈയിലെ ഈദ് ആഘോഷങ്ങള്‍ എപ്പോഴും തിരക്കുകളില്‍ മുങ്ങാറുണ്ട്.
എമിറേറ്റിലെ മാളുകളും വിനോദ കേന്ദ്രങ്ങളും ജനങ്ങളെ കൊണ്ട് വീര്‍പ്പു മുട്ടാറുണ്ട്. പല തരം പരിപാടികളും പ്രത്യേക പ്രദര്‍ശനങ്ങളും കുടുംബങ്ങള്‍ക്കായി വിവിധ വിനോദ കേന്ദ്രങ്ങളില്‍ ഒരുക്കാറുണ്ട്. ദുബൈയിലെ ബുര്‍ജ് ഖലീഫയും അബൂദബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദും ദുബൈ മാളും പാര്‍ക്കുകളും അടക്കമുള്ള സ്ഥലങ്ങള്‍ ജനങ്ങളാല്‍ നിറയും.
താപനില ഉയര്‍ന്നതിനാല്‍ പകല്‍ നേരത്ത് ടൂറിസം ഇടങ്ങളിലേക്കുള്ള യാത്രകള്‍ പരിമിതമാകും. എന്നാല്‍, വൈകുന്നേരത്തോടെ പാര്‍ക്കുകളും മറ്റു ടൂറിസം സ്പോട്ടുകളും ജനനിബിഢമാകും. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വ്യത്യസ്ത പരിപാടികള്‍ അരങ്ങേറും. ഷോപ്പിങ് കേന്ദ്രങ്ങളിലും വലിയ ജനത്തിരക്കുണ്ടാകും. ഈദിന്റെ തലേ ദിവസങ്ങളില്‍ നഗരത്തിലെ മാളുകളിലും ഷോപ്പിങ് സെന്ററുകളിലും ഫ്ളാഷ് വില്‍പനയും ഡിസ്‌കൗണ്ട് മേളകളുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."