ചെമ്പന്‍മുടി പ്രതിഷേധം: രണ്ടു വയസുകാരിയോട് ക്രൂരത കാട്ടിയ സി.ഐക്കെതിരേ നടപടി
പത്തനംതിട്ട: റാന്നി വെച്ചൂച്ചിറയിലെ ചെമ്പന്‍മുടിയിലെ ക്വാറിക്കെതിരേ പ്രതിഷേധിക്കച്ച് അറസ്റ്റ് വരിച്ച സ്ത്രീയുടെ രണ്ടു വയസുകാരിയോട് ക്രൂരത കാട്ടിയെന്ന പരാതിയില്‍ റാന്നി സി.ഐക്കെതിരേ നടപടിക്ക് ശുപാര്‍ശ.
സി.ഐ ന്യൂമാന്റെ ചെയ്തികളെ സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ ഉത്തരവിട്ടു.
എ.ഡി.ജി.പി ബി. സന്ധ്യയ്ക്കാണ് ചുമതല. ബാലാവകാശ കമ്മിഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
പാറ ഖനനത്തിനെതിരേ സമരം ചെയ്ത് അറസ്റ്റ് വരിച്ചവരുടെ കൂട്ടത്തിലുള്ള നാറാണമൂഴി മാത്യു-റീന ദമ്പതികളുടെ ഇളയ മകള്‍ രണ്ടു വയസുള്ള ബെല്ല റോസിനോടാണ് ന്യൂമാന്‍ ക്രൂരത കാണിച്ചത്. അമ്മ പൊലിസ് കസ്റ്റഡിയിലായതിനെ തുടര്‍ന്ന് മകള്‍ മറ്റുള്ളവര്‍ക്കൊപ്പം പുറത്തു നില്‍ക്കുകയായിരുന്നു. വിശന്ന് വലഞ്ഞപ്പോള്‍ അമ്മയുടെ അടുത്തേക്ക് പോകാനായി എത്തിയ ബെല്ല റോസിനെ സി.ഐ കൈയ്ക്കു പിടിച്ചു പുറത്താക്കുകയായിരുന്നു.
ന്യൂമാന്റെ നടപടിക്കെതിരേ നാട്ടുകാര്‍ പ്രതിഷേധിച്ചെങ്കിലും അദ്ദേഹം കുട്ടിയെ കടത്തി വിടാന്‍ തയാറായില്ല. സംഭവം വാര്‍ത്തയായതോടെ ബാലാവകാശ കമ്മിഷന്‍ സ്വമേധയാ വിഷയത്തില്‍ ഇടപെടുകയായിരുന്നു. കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഡി.ജി.പി അന്വേഷിച്ച് റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ എ.ഡി.ജി.പിയെ ചുമതലപ്പെടുത്തിയത്.
ചെമ്പന്‍മുടിയിലെ മണിമലേത്ത് ക്വാറിയില്‍ നിന്ന് റാന്നി തറസില്‍ദാര്‍ ഇ. ഷംസുദിന്റെ സാന്നിധ്യത്തില്‍ പൊലിസ് സംരക്ഷണയില്‍ പാറ കൊണ്ടുപോകുന്നത് തടഞ്ഞ മുപ്പതോളം വരുന്ന നാട്ടുകാരെയാണ് വെച്ചൂച്ചിറ പൊലിസ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ബലമായി അറസ്റ്റ് ചെയ്തത്.
ഇതിനെതിരേ നടന്ന പ്രതിഷേധത്തിനിടെയാണ് സി.ഐയുടെ വിവാദ നടപടി. രാവിലെ ഏഴോടെ അറസ്റ്റ് ചെയ്തവരെ വിട്ടയച്ചത് വൈകിട്ട് അഞ്ചോടെയാണ്. ഇതിനിടെ അറസ്റ്റിലായവര്‍ക്ക് ഭക്ഷണമോ വെള്ളമോ പൊലിസ് നല്‍കിയില്ലെന്നും അതിജീവന സമരസമിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
ശക്തമായ ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് മൂന്ന് വര്‍ഷം മുമ്പ് അടച്ചുപൂട്ടിയതാണ് മണിമലേത്ത് ക്വാറി. കോടതി ഉത്തരവിനെ തുടര്‍ന്നാണ് പ്രതിഷേധങ്ങള്‍ക്കിടയിലും ഇവിടെ വീണ്ടും ഖനനം തുടങ്ങാന്‍ ഉടമ തയാറായത്. ഉത്തരവ് നടപ്പാക്കാന്‍ പൊലിസും സംരക്ഷണം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."