തെരെഞ്ഞെടുപ്പ് തോല്‍വി; തെറ്റുതിരുത്തല്‍ നടപടികളിലേക്ക് കടക്കാന്‍ സി.പി.എം
ലോക്‌സഭ തെരെഞ്ഞെടുപ്പിലുണ്ടായ വമ്പന്‍ തോല്‍വിക്ക് പിന്നാലെ ഗൗരവകരമായ തിരുത്തല്‍ നടപടികളിലേക്ക് സിപിഎം. 20 മണ്ഡലങ്ങളിലെ ഫലം വിശദമായി വിലയിരുത്തി. പാര്‍ട്ടി വോട്ടില്‍ പോലും ചോര്‍ച്ച ഉണ്ടായി. സംസ്ഥാന സമിതിയിലെ ചര്‍ച്ച വിശദമായി കേട്ട ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് സിപിഎം തീരുമാനിച്ചു.മൂന്ന് ദിവസത്തെ സംസ്ഥാന സമിതിക്ക് ശേഷം വീണ്ടും സെക്രട്ടേറിയറ്റ് ചേരും. തിരുത്തല്‍ നടപടികള്‍ക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമ രൂപം നല്‍കും. സംസ്ഥാന സമിതിയുടെ അഭിപ്രായം കൂടി കേട്ട ശേഷം മാര്‍ഗ്ഗ രേഖ അന്തിമമാക്കും.
പാര്‍ട്ടി കോട്ടകളില്‍ പോലും ഇടതുസ്ഥാനാര്‍ത്ഥികള്‍ പിന്നാക്കം പോയത് അപകടകരമായ സൂചനയാണെന്നും ബിജെപിയുടെ മുന്നേറ്റം ഗൗരവത്തോടെ കാണണമെന്നും സിപിഎം വിലയിരുത്തി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരില്‍ വലിയ ഭാഗം എതിരായി വോട്ട് ചെയ്തുവെന്നും പാര്‍ട്ടി വിലയിരുത്തുന്നു.ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മാത്രമേ സിപിഎമ്മിന് ജയിക്കാനായുള്ളൂ. ആലത്തൂര്‍ ഒഴികെ എല്ലാ സീറ്റുകളിലും തോല്‍വി ഏറ്റുവാങ്ങി.
പാര്‍ട്ടി ഗ്രാമങ്ങളില്‍പ്പോലും ബിജെപി വോട്ട് ഇരട്ടിയാക്കിയതിന് പിന്നിലെന്തെന്ന് തലപുകയ്ക്കുകയാണ് സിപിഎം. സിപിഎം പിബിയില്‍ കേരളത്തിലെ സ്ഥിതി സംബന്ധിച്ച ചര്‍ച്ച നടന്നിരുന്നു. ഇത്രയും വലിയ തിരിച്ചടി തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും ബിജെപിയുടെ വളര്‍ച്ച തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. കേരളത്തിലെ സാഹചര്യം സങ്കീര്‍ണ്ണം ആണെന്നും ശക്തി കേന്ദ്രങ്ങളില്‍ അടക്കം വോട്ട് കുറഞ്ഞത് വിശദമായി പരിശോധിക്കണമെന്നും പിബി വിലയിരുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."