മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഇന്ന് കോടതിയിൽ ഹാജരായേക്കും
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഇന്ന് കോടതിയിൽ ഹാജരായേക്കും. തനിക്കെതിരായ കുറ്റം ചുമത്തൽ സംബന്ധിച്ച് വാദം ബോധിപ്പിക്കാൻ കൂടുതൽ സമയം ശ്രീറാം വെങ്കിട്ടരാമൻ തേടിയിരുന്നു. ഈ സമയം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇന്ന് കോടതിയിലെത്തുക. തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് ഹാജരാവുക.
മൂന്നാം തവണയാണ് പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ വാദം ബോധിപ്പിക്കാൻ സമയം തേടിയത്. 2024 മാർച്ച് 30നും 2023 ഡിസംബർ 11നും കേസ് പരിഗണിച്ചപ്പോഴും പ്രതി സമയം തേടിയിരുന്നു. രണ്ടു തവണയും കോടതി അനുവദിച്ച് നൽകിയിരുന്നു. എന്നാൽ, കേസിൽ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് റിവിഷൻ ഹരജിയുമായി ചെന്ന ശ്രീറാമിന് സുപ്രിം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിയെ വിചാരണയ്ക്കായി തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി വിളിച്ചുവരുത്തുന്നത്. നരഹത്യാക്കുറ്റത്തിനാണ് ശ്രീറാം വെങ്കിട്ടരാമൻ വിചാരണ നേരിടുന്നത്.
2019 ലായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. പത്രപ്രവർത്തകനും സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫുമായിരുന്ന കെ.എം. ബഷീർ 2019 ഓഗസ്റ്റ് 3ന് തിരുവനന്തപുരത്ത് നടന്ന കാർ അപകടത്തിലാണ് കൊല്ലപ്പെട്ടത്. ഐഎഎസ് ഓഫീസറായ ശ്രീറാം വെങ്കിട്ടരാമൻ, സുഹൃത്ത് വഫ ഫിറോസ് എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി പോവുകയായിരുന്ന ബഷീറിനെ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറാണ് ഇടിച്ചു തെറിപ്പിച്ചത്.
അമിത വേഗതയിലോടിച്ച കാർ തിരുവനന്തപുരം മ്യൂസിയം പൊലിസ് സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടാക്കിയത്. പൊലിസിൻറെ അനാസ്ഥ കാരണം ശ്രീറാമിൻറെ രക്തപരിശോധന വൈകി. മണിക്കൂറുകൾക്ക് ശേഷം രക്തപരിശോധന നടത്തിയെങ്കിലും മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കാനായില്ല. പുലർച്ചെ നടന്ന അപകടത്തിൻറെ എഫ്ഐആർ ഇടുന്നത് രാവിലെ ഏഴുമണിക്ക് ശേഷം മാത്രമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."