മൂന്നാറിലെ കയ്യേറ്റം അന്വേഷിക്കാൻ സി.ബി.ഐ എത്തുമോ? ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: മൂന്നാറിലെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട ഹരജികൾ കേരള ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. 19 റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടേണ്ടി വരുമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ കോടതിയുടെ ഉത്തരവ് ഇന്നുണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വ്യാജപട്ടയം നൽകിയതുമായി ബന്ധപ്പെട്ടാണ് ഇവർക്കെതിരെ അന്വേഷണത്തിന് ഉത്തരവുണ്ടാവുക. മൂന്നാർ മേഖലയിലെ കയ്യേറ്റം ഒഴിപ്പിക്കണം എന്ന ആവശ്യവുമായി വൺ എർത്ത് വൺ ലൈഫ് എന്ന സന്നദ്ധ സംഘടന ഉൾപ്പെടെയുള്ളവരാണ് കോടതിയിൽ ഹരജി നൽകിയത്.
വ്യാജപട്ടയം നൽകിയ സംഭവം അന്വേഷിക്കാൻ സി.ബി.ഐ വേണ്ടങ്കിൽ അതിനുള്ള കാരണം സർക്കാർ അറിയിക്കണമെന്ന് കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. അഡ്വക്കറ്റ് ജനറൽ വിഷയത്തിൽ ഇന്ന് സർക്കാർ നിലപാട് അറിയിക്കും. കേസിൽ സി.ബി.ഐയെ കോടതി നേരത്തെ കക്ഷിചേർത്തിരുന്നു.
ഉദ്യോഗസ്ഥരുടെ പങ്കാളിത്വം വ്യക്തമാക്കുന്ന രാജൻ മധേക്കർ റിപ്പോർട്ട് കോടതിക്ക് സർക്കാർ കൈമാറിയിട്ടുണ്ട്. റവന്യു ഉദ്യോഗസ്ഥർ അടക്കമുള്ള പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുമെന്ന് സർക്കാർ നേരത്തെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. എന്നാൽ സി.ബി.ഐ അന്വേഷണത്തോട് സർക്കാർ എന്ത് നിലപാട് എടുക്കുമെന്ന് ഇന്ന് അറിയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."