കൊച്ചി ഡിഎൽഎഫ് ഫ്ലാറ്റിൽ രണ്ടാഴ്ചക്കിടെ രോഗബാധിതരായത് 441 പേർ; നിരവധിപേർക്ക് രോഗലക്ഷണം, നടപടികളുമായി ആരോഗ്യ വകുപ്പ്
കൊച്ചി: കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റ് സമുച്ചയത്തിൽ താമസിക്കുന്ന നിരവധി പേർക്ക് വയറിളക്കവും ഛർദിയും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായ സംഭവത്തിൽ നടപടികളുമായി ആരോഗ്യ വകുപ്പ്. രണ്ടാഴ്ചക്കിടെ ഫ്ലാറ്റിൽ രോഗബാധിതരായത് 441 പേരാണ്. രോഗലക്ഷണങ്ങൾ കാണുന്നവർക്ക് ചികിത്സ ഉറപ്പാക്കാനുള്ള സൗകര്യങ്ങൾ തൃക്കാക്കരയിൽ ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ഫ്ലാറ്റിലെ വിവിധ കുടിവെളള സ്രോതസ്സുകളിൽ പരിശോധന നടത്തി.
കുടിവെളളത്തിൽ നിന്നാണ് രോഗബാധ ഉണ്ടായതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ വെളളം ശാസ്ത്രീയപരിശോധനക്കായി അയച്ചു. ഇതിന്റെ ഫലം ഉടൻ എത്തും. കിണർ, ബോർവെൽ, മഴവെളള സംഭരണി, ജല അതോററ്റി, സ്വകാര്യ ടാങ്കറുകൾ തുടങ്ങി വിവിധ ഇടങ്ങളിൽ നിന്നാണ് ഫ്ലാറ്റുകളിൽ വെള്ളം എത്തുന്നത്. എല്ലാ വെള്ളവും ശേഖരിച്ച് ശുദ്ധീകരിച്ചാണ് ഫ്ലാറ്റുകളിലെ താമസക്കാർക്ക് നൽകുന്നത്. ഇതിനായി സ്ഥാപിച്ച സംഭരണിയിൽ നിന്ന് ശേഖരിച്ച വെളളമാണ് ശാസ്ത്രീയ പരിശോധനക്കായി അയച്ചത്.
അസുഖബാധിതരായി നിലവിൽ അഞ്ച് പേരാണ് കൊച്ചിയിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. രണ്ടാഴ്ചക്കിടെ 441 പേരാണ് വയറിളക്കം, ഛർദ്ദി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുമായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. നിലവിൽ 102 പേർക്ക് കൂടി വിവിധ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് ചികിത്സ ഉറപ്പാക്കാനുള്ള സൗകര്യങ്ങൾ തൃക്കാക്കരയിൽ ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ട്. അയ്യായിരത്തിലേറെ പേരാണ് ഡിഎൽഎഫ് ഫ്ലാറ്റ് സമുച്ചയങ്ങളിൽ താമസിക്കുന്നത് എന്നാണ് കണക്കാക്കുന്നത്.
അതേസമയം, ഫ്ലാറ്റിൽ എത്തുന്ന വെള്ളം സൂപ്പർ ക്ലോറിനേറ്റ് ചെയ്ത് മാത്രം ഉപയോഗിക്കാനുള്ള നടപടി ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. രോഗ പകർച്ചയും വ്യാപനവും തടയാനായി ഫിൽറ്റർ ചെയ്ത വെള്ളമായാലും തിളപ്പിച്ച് ആറിയതിന് ശേഷം മാത്രം ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."