വായനാദിനത്തിലും പ്രവര്‍ത്തനമില്ലാതെ സ്‌കൂള്‍ ലൈബ്രറികള്‍
പത്തനംതിട്ട: വീണ്ടുമൊരു വായനാദിനം കൂടിയെത്തുമ്പോള്‍ വിദ്യാലയങ്ങളില്‍ ലൈബ്രറികള്‍ പേരിന് മാത്രം. വായനയെ പ്രോത്സാഹിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കാത്തത് വിദ്യാര്‍ഥികള്‍ക്കും തിരിച്ചടിയാകുന്നു. പുസ്തകങ്ങളോ ദിനപത്രങ്ങളോ ക്ലാസ് മുറികളില്ല. പത്രവായന പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുമെന്ന തീരുമാനവും എങ്ങുമെത്തിയില്ല. പത്തുവരെയുള്ള ക്ലാസുകളില്‍ പത്രവായനയ്ക്ക് പ്രത്യേകസമയം നിശ്ചയിക്കുമെന്ന നിര്‍ദേശവും അങ്ങനെതന്നെ.
2077 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിഷ്‌കര്‍ഷിക്കുന്ന വിധത്തിലുള്ള ലൈബ്രറികള്‍ ഉള്ളത് നാല് സ്‌കൂളുകളില്‍ മാത്രം. ഒരു സര്‍ക്കാര്‍ സ്‌കൂള്‍ പോലും ഈ പട്ടികയിലില്ല. പ്‌ളസ് വണ്‍ പ്രവേശന സമയത്ത് ലൈബ്രറി ഫീസ് ഇനത്തില്‍ 25രൂപ വീതം പിരിക്കുന്നുണ്ട്.
2015-ലെ കോടതി ഉത്തരവ് പ്രകാരമാണ് പതിനായിരം പുസ്തകങ്ങളുള്ള ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് ലൈബ്രേറിയനെ അനുവദിക്കാമെന്ന് ചട്ടമുണ്ടാക്കിയത്. എന്നാല്‍ ഇതും പ്രാവര്‍ത്തികമായിട്ടില്ല.
പത്രവായന നിരന്തര മൂല്യനിര്‍ണയത്തില്‍ ഉള്‍പ്പെടുത്തണമെന്ന രൂപരേഖ എസ്.സി ഇ.ആര്‍.ടി അസസ്‌മെന്റ് സെല്‍ തയാറാക്കുന്ന വിലയിരുത്തല്‍ മാര്‍ഗനിര്‍ദേശത്തില്‍ ഉള്‍പ്പെടുത്താനാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ പ്രഖ്യാപനങ്ങള്‍ എന്ന് പ്രാബല്യത്തില്‍ വരുമെന്ന ചോദ്യമാണ് ഉയരുന്നത്. മാത്രമല്ല ആവശ്യമായ പ്രസിദ്ധീകരണങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതും പ്രധാന വെല്ലുവിളിയാണ്. ഇതിനിടെ 9,10 ക്ലാസിലെ കുട്ടികള്‍ സര്‍ക്കാരിന് അടക്കേണ്ട ആദ്യ തവണ സ്‌പെഷ്യല്‍ ഫീസ് 12.50 പൈസയാണ്. ഇതില്‍ 3.25 പൈസ ലൈബ്രറി ഫീസാണ്.
എല്ലാ സ്‌കൂളുകളിലും ലൈബ്രറിയുടെ ചുമതല ഏതെങ്കിലും അധ്യാപകനെ ഏല്‍പ്പിക്കുകയാണ് ചെയ്യുന്നത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, നവോദയ വിഭാഗങ്ങളില്‍ ലൈബ്രറിയും ലൈബ്രേറിയനും ഉണ്ടെങ്കില്‍ മാത്രമാണ് സ്‌കൂളുകള്‍ക്ക് അനുമതി ലഭിയ്ക്കുക. പ്രതിവര്‍ഷം നൂറ് കണക്കിന് ലൈബ്രറി സയന്‍സ് ബിരുദധാരികള്‍ പുറത്തിറങ്ങുന്നുണ്ടെങ്കിലും അതും പരിഗണിക്കുന്നില്ലെന്നാണ് ആക്ഷേപം ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."