അവന്‍ വെട്ടിക്കൊന്ന ആളെത്രയാ? എത്ര പേരെ വെടിവെച്ചുകൊന്നു; മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് കെ.സുധാകരന്‍
കണ്ണൂരില്‍ ബോംബ് പൊട്ടി വയോധികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം നടത്തി കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. അപൂര്‍വം കൊലകളില്‍ ഒന്നാണ് ഇത്. സിപിഐഎമ്മിന്റെ ആക്രമണത്തില്‍ എത്ര ചെറുപ്പക്കാര്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ മരിച്ചത് ചെറുപ്പക്കാരന്‍ അല്ലല്ലോ. അത് മെച്ചം എന്നേയുള്ളൂവെന്നും കെ സുധാകരന്‍ പറഞ്ഞു.
കണ്ണൂര്‍ ഡിസിസി ഓഫിസില്‍ വിവിധ ബോംബുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച സംഭവം പോലുമുണ്ടായിട്ടുണ്ടെന്ന മുഖ്യമന്തിയുടെ പരാമര്‍ശത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് സുധാകരന്റെ രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രിക്ക് ആണത്തം ഉണ്ടോ. അവന്‍ വെട്ടിക്കൊന്ന ആളെത്രയാണ്. വെടിവെച്ചു കൊന്ന ആളുകളെത്ര. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ വെട്ടാനും കുത്താനും തുടങ്ങിയതല്ലേ. കെ സുധാകരന് ആ റെക്കോര്‍ഡ് ഇല്ലെന്നും സുധാകരന്‍ പറഞ്ഞു.
സിപിഐഎമ്മിന്റെ ഓഫീസില്‍ നിന്ന് ബോംബ് പിടിച്ചിട്ടുണ്ട്. തങ്ങളുടെ ഓഫീസില്‍ നിന്നും പിടിച്ചിട്ടില്ല. വിവരം കെട്ടവനാണ് മുഖ്യമന്ത്രി. കോണ്‍ഗ്രസ് ആരെയും ബോംബെറിഞ്ഞിട്ടും കൊന്നിട്ടുമില്ലെന്നും സുധാകരന്‍ പറഞ്ഞു.
കണ്ണൂര്‍ എരഞ്ഞോളി കുടക്കളം സ്വദേശി വേലായുധന്‍(75) ആണ് കഴിഞ്ഞ ദിവസം ബോംബ് പൊട്ടി മരിച്ചത്. ഒഴിഞ്ഞ പറമ്പില്‍ തേങ്ങയെടുക്കാന്‍ പോകുന്നതിനിടെയാണ് ബോംബ് പൊട്ടിയത്. ബോംബ് എവിടെ നിന്ന് എത്തിയെന്ന അന്വേഷണമാണിപ്പോള്‍ പൊലീസ് ഊര്‍ജിതമാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."