പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം; എംപിമാർ സത്യപ്രതിജ്ഞ ചെയ്യും, കാത്തിരിക്കുന്നത് നീറ്റ് ഉൾപ്പെടെയുള്ള ചൂടൻ ചർച്ചകൾ
ന്യൂഡൽഹി: രാജ്യത്തിന്റെ പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാവും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങോടെയാണ് ലോക്‌സഭാ സമ്മേളനത്തിന് തുടക്കമാവുന്നത്. ജൂലായ് മൂന്ന് വരെയാണ് സഭാ സമ്മേളനം ഉണ്ടാവുക. സത്യപ്രതിജ്ഞ, സ്പീക്കർ തെരഞ്ഞെടുപ്പ്, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് എന്നിവയാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ട. ചോദ്യപേപ്പർ ചോർച്ച ഉയർത്തി പിടിച്ചായിരിക്കും പ്രതിപക്ഷം സഭയിൽ ഉത്തരവാദിത്വം നിർവഹിക്കുകയെന്ന് കോൺഗ്രസ് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുക്കപ്പെട്ട എംപിമാർ ഇന്നും നാളെയുമായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. പ്രോ ടേം സ്പീക്കർ ഭർതൃഹരി മെഹ്താബിന് മുൻപാകെയാണ് സത്യപ്രതിജ്ഞ. അദ്ദേഹം എംപിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. രാവിലെ രാഷ്ട്രപതി ഭവനിലെത്തി ഭർതൃഹരി രാഷ്ട്രപതി ദ്രൗപതി മുർമ്മുവിന് മുന്നിൽ പ്രോ ടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്യും. ഇതിനു ശേഷമാകും ലോക്സഭയിലെത്തി സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിക്കുക.
കേരളത്തിൽ നിന്നുള്ള പതിനെട്ട് എംപിമാർ ഇന്ന് ലോക്സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യും. തിരുവനന്തപുരത്ത് നിന്ന് തെരഞ്ഞെടുക്കപ്പെട്ട ശശി തരൂർ, വയനാട് നിന്ന് തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി എന്നിവർ ഒഴികെയുള്ളവരാണ് സത്യപ്രതിജ്ഞ ചെയ്യുക. വിദേശ സന്ദർശനത്തിലായതിനാൽ ശശി തരൂർ ഈ ആഴ്ച അവസാനമാകും സത്യപ്രതിജ്ഞ ചെയ്യുക. വയനാട് മണ്ഡലം ഒഴിഞ്ഞതോടെ രാഹുൽ ഗാന്ധി റായ്ബറേലിയിൽ നിന്നുള്ള എംപിയായിട്ടായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക. ഇവിടെ നടക്കുന്ന ഉപതെരഞ്ഞെടുടപ്പിൽ പ്രിയങ്ക ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാർഥിയാവുക.
26 നാണ് സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുന്നത്. 27 നു രാജ്യസഭയും സമ്മേളിക്കും. ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ 27 ന് രാഷ്‌ട്രപതി ദ്രൗപതി മുർമു അഭിസംബോധന ചെയ്യും.
11 മണിക്ക് ലോക്സഭ സമ്മേളിക്കുന്നതിന് മുമ്പായി പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കാണും. കഴിഞ്ഞ ലോക്സഭയെ അപേക്ഷിച്ച് ബിജെപിയുടെ മൃഗീയ ഭൂരിപക്ഷം തകർന്നതിനാൽ സഭയിൽ പരിതാപകരമാകും ബിജെപിയുടെ അവസ്ഥ. 2019 ഉണ്ടായിരുന്നതിനേക്കാൾ 63 സീറ്റ് കുറഞ്ഞ് 240 എന്നതാണ് ഇപ്പോൾ ബിജെപിയുടെ അംഗസംഖ്യ. കോൺഗ്രസ് ആകട്ടെ 47 എന്ന സംഖ്യയിൽ നിന്നും 99 യിലേക്ക് എത്തിയതിന്റെ കരുത്തിലാണ് സഭയിൽ എത്തുന്നത്.
സത്യപ്രതിജ്ഞാ ചടങ്ങുകൾ രണ്ട് ദിവസം കൊണ്ട് അവസാനിക്കുന്നതോടെ ചൂടേറിയ ചർച്ചകൾക്കായാണ് സഭ കാത്തിരിക്കുന്നത്. നീറ്റ് ക്രമക്കേട്, നെറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച, ഓഹരി വിപണിയിലെ ചാഞ്ചാട്ട വിവാദം തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. നീറ്റ് - നെറ്റ് വിഷയങ്ങൾ ഉന്നയിച്ച് രാഹുൽഗാന്ധി ലോക്സഭയിൽ നോട്ടിസ് നൽകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."