ഭരണഘടന കൈയ്യിലേന്തി സത്യപ്രതിജ്ഞ ചെയ്ത് കോണ്‍ഗ്രസ് സംഘം; കേരളത്തില്‍ നിന്നുള്ള 17 എംപിമാര്‍ സത്യവാചകം ചൊല്ലി ചുമതലയേറ്റു
ന്യൂഡല്‍ഹി: 18ാം ലോകസ്ഭയില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായി. പ്രോം ടേം സ്പീക്കര്‍ ഭര്‍തൃഹരി മെഹ്താഭിന് മുമ്പാകെ കേരളത്തില്‍ നിന്നുള്ള 17 എം.പിമാരാണ് സത്യവാചകം ചൊല്ലിയത്. വൈകുന്നരേത്തോടെയായിരുന്നു കേരള എംപിമാരുടെ സത്യപ്രതിജ്ഞ.
രാജ്‌മോഹന്‍ ഉണ്ണിത്താനാണ് ആദ്യ സത്യവാചകം ചൊല്ലിയത്. ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ഇംഗ്ലീഷിലായിരുന്നു ഷാഫി പറമ്പിലിന്റെ സത്യപ്രതിജ്ഞ. കെ രാധാകൃഷ്ണന്‍ ദൃഢപ്രതിജ്ഞ ചെയ്തു. എറണാകുളം എം.പി ഹൈബി ഈഡന്‍ ഹിന്ദിയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തിലെ ഏക എന്‍.ഡി.എ എം.പിയായ സുരേഷ് ഗോപി ' കൃഷ്ണ ഗുരൂവായരൂപ്പാ ഭഗവാനേ' എന്ന് പറഞ്ഞാണ് സത്യപ്രതിജ്ഞ ആരംഭിച്ചത്. വിദേശ യാത്രയിലായതിനാല്‍ തിരുവനന്തപുരം എംപി ശശി തരൂര്‍ അടുത്ത ദിവസം സത്യപ്രതിജ്ഞ ചെയ്യും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാര്‍ലമെന്റില്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പ്രോംടൈം സ്പീക്കര്‍ പാനലിലുള്ളവരും, കേന്ദ്ര കാബിനറ്റ് മന്ത്രിമാരും, സഹ മന്ത്രിമാരും പിന്നാലെ ചുമതലയേറ്റു. ഭരണഘടനയുടെ പകര്‍പ്പ് ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷം സഭയിലെത്തിയത്. ഭരണഘടനയുടെ ചെറുകോപ്പികള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു കോണ്‍ഗ്രസ് എംപിമാരുടെ സത്യപ്രതിജ്ഞ.
പ്രതിപക്ഷ ബഹളത്തോടെയായിരുന്നു ലോക്‌സഭാ സമ്മേളനം തുടങ്ങിയത്. പ്രോംടൈം സ്പീക്കറെ സഹായിക്കുന്നവരുടെ പാനല്‍ വായിച്ചപ്പോഴേക്കും പ്രതിപക്ഷ അംഗങ്ങള്‍ ബഹളം തുടങ്ങി. സ്പീക്കര്‍ വിളിച്ചിട്ടും കൊടിക്കുന്നില്‍ സുരേഷ് അടക്കമുള്ളവര്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ തയ്യാറായില്ല. വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ സത്യപ്രതിജ്ഞ ചടങ്ങിനിടെ നീറ്റ് ക്രമക്കേട് ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."