കാടിന്റെ ഹൃദയം കാണണോ... ഹൃദയസരസുകാണാന്‍ ചെമ്പ്ര കുന്നിലേക്ക് പോന്നോളീ..
കോഴിക്കോടന്‍ മലയടിവാരത്ത് നിന്ന് താമരശേരി ചുരം കയറിച്ചെന്നാല്‍ സഞ്ചാരികളുടെ സ്വര്‍ഗമായ വയനാട്ടിലെത്തി. ഇവിടുത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയിലേക്കൊന്ന് പോയി വരാം.. തണുത്ത തെളിനീര് കെട്ടി നില്‍ക്കുന്ന കാടിന്റെ ഹൃദയതടാകത്തെ ഇവിടെ കാണാം. ആ മലയിലേക്കുള്ള വഴി സാഹസിക സഞ്ചാരികള്‍ക്കടക്കം ഏറെ പ്രിയപ്പെട്ടതാണ്. കോടമഞ്ഞും വെണ്‍മേഘക്കെട്ടുകളും അലിഞ്ഞു ചേരുന്ന സംഗമഭൂമികയാണ് ഇവിടം.
വയനാട്ടിലെ കല്‍പ്പറ്റയില്‍ നിന്നും മേപ്പാടി എത്തി അവിടെ നിന്നും ചെമ്പ്രമലയിലെത്താം. മേപ്പാടിയില്‍ നിന്നും ഏഴ് കിലോമീറ്ററാണ് ചെമ്പ്ര മലയടിവാരത്തേക്കുള്ളത്. കല്‍പ്പറ്റയില്‍ നിന്നാണെങ്കില്‍ 17 കിലോമീറ്റര്‍ അകലെ. സമുദ്ര നിരപ്പില്‍ നിന്നും 2100 മീറ്റര്‍ ഉയരത്തിലാണ് ചെമ്പ്ര കൊടുമുടി സ്ഥിതി ചെയ്യുന്നത്. മൂന്ന് കിലോമീറ്ററോളം ദൈര്‍ഘ്യം വരുന്നതാണ് ഇവിടുത്തെ ട്രക്കിങ്.
രാവിലെ ഏഴ് മണി മുതല്‍ ടിക്കറ്റ് കൊടുക്കും. ഒരു ദിവസം 200 പേരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ.. ടിക്കറ്റിന് 1770 രൂപയാണ്. ഈ ടിക്കറ്റില്‍ അഞ്ച് പേര്‍ക്ക് വരെ പോകാം. അധികമുള്ള ഓരോ ആളുകള്‍ക്കും 230 രൂപ വീതം നല്‍കണം. ടിക്കറ്റ് കൗണ്ടറില്‍ നിന്ന് അല്‍പം ദൂരം കൂടി മുന്നോട്ടുപോയാല്‍ വണ്ടി പാര്‍ക്ക് ചെയ്യാം. ഇവിടെ നിന്നും നടന്നുകയറണം. തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ അല്‍പദൂരം നടന്നാല്‍ വാച്ച് ടവര്‍ എത്തും. ഇവിടെ നിന്നും മല തുടങ്ങുകയായി.
ഇവിടെ എത്തുന്നവരില്‍ ഭൂരിഭാഗവും ഇതരസംസ്ഥാനക്കാരാണ്. ഹൃദയസരസിന് ചുറ്റും പുല്‍മൈതാനികള്‍ നല്‍കുന്ന കാഴ്ച്ച വളരെ മനോഹരമാണ്. മഴക്കാലത്ത് മല കയറുക പ്രയാസകരമാണ്. മഴ ഒന്നു കുറഞ്ഞ് സെപ്തംബര്‍- ഡിസംബര്‍ മാസങ്ങളാണ് കുന്ന് കയറാന്‍ എളുപ്പം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."