കഅ്ബാലയത്തിന്റെ പുതിയ താക്കോല്‍ സൂക്ഷിപ്പുകാരനായി അബ്ദുല്‍വഹാബ് അല്‍ശൈബി
മക്ക: വിശുദ്ധ കഅ്ബാലയത്തിന്റെ പുതിയ താക്കോല്‍ സൂക്ഷിപ്പുകാരനായി ശൈഖ് അബ്ദുല്‍വഹാബ് ബിന്‍ സൈനുല്‍ആബിദീന്‍ അല്‍ശൈബിയെ തെരഞ്ഞെടുത്തു. കഅ്ബാലയത്തിന്റെ 77-ാമത്തെ താക്കോല്‍ സൂക്ഷിപ്പുകാരനായ ശൈഖ് സ്വാലിഹ് അല്‍ശൈബി വെള്ളിയാഴ്ച രാത്രി അന്തരിച്ചതിനെ തുടര്‍ന്നാണ് താക്കോല്‍ സൂക്ഷിപ്പ് ചുമതല ശൈഖ് അബ്ദുല്‍വഹാബ് അല്‍ശൈബിക്ക് ലഭിച്ചത്. ഔപചാരിക ചടങ്ങില്‍ കഅ്ബാലയത്തിന്റെ താക്കോലുകള്‍ ശൈഖ് അബ്ദുല്‍വഹാബ് അല്‍ശൈബിക്ക് കൈമാറി.
വിശുദ്ധ കഅ്ബാലയത്തിന്റെ താക്കോല്‍, കഅ്ബാലയത്തിന്റെ മേല്‍ക്കൂരയിലേക്കുള്ള വാതിലിന്റെ താക്കോല്‍, കഅ്ബാലയത്തിനകത്തുള്ള പെട്ടിയുടെ താക്കോല്‍, മഖാമുഇബ്രാഹിമിന്റെ താക്കോല്‍, ആവശ്യമെങ്കില്‍ ഇതിനൊപ്പം ഉപയോഗിക്കാനുള്ള സ്‌ക്രൂ ഡ്രൈവര്‍ എന്നിവയാണ് കൈമാറിയത്. കിസ്‌വ നിര്‍മാണ കോംപ്ലക്‌സില്‍ നിര്‍മിച്ച പ്രത്യേക സഞ്ചികളിലാക്കി താക്കോലുകള്‍ കൊണ്ടുവന്ന് താക്കോലുകള്‍ ഓരോന്നായി പുറത്തെടുത്ത് പരിചയപ്പെടുത്തിയ ശേഷം സഞ്ചികളിലാക്കി ശൈഖ് അബ്ദുല്‍വഹാബ് ബിന്‍ സൈനുല്‍ആബിദീന്‍ അല്‍ശൈബിക്ക് കൈമാറുകയായിരുന്നു. കഅ്ബാലയം തുറക്കല്‍, അടക്കല്‍, ശുചീകരണം, കഴുകല്‍, കിസ്‌വ അണിയിക്കല്‍, കീറിയ കിസ്‌വ നന്നാക്കല്‍, സന്ദര്‍ശകരെ സ്വീകരിക്കല്‍ തുടങ്ങി വിശുദ്ധ കഅ്ബാലയവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളുടെയും ചുമതല താക്കോല്‍ സൂക്ഷിപ്പുകാരനാണ്.
പ്രവാചകന്റെ കാലം മുതലുള്ള 78-ാമത്തെയും, മറ്റു ഗോത്രങ്ങളെ പുറത്താക്കി മക്കയില്‍ ഖുറൈശി ഗോത്രത്തിന്റെ സര്‍വാധിപത്യം സ്ഥാപിച്ച ഖുസയ് ബിന്‍ കിലാബിന്റെ കാലം മുതലുള്ള 110-ാമത്തെയും കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പുകാരനാണ് നിലവിൽ ചുമതലയേറ്റ ശൈഖ് അബ്ദുല്‍വഹാബ് അല്‍ശൈബി.
കഴിഞ്ഞ വെള്ളിയാഴ്ച മരണപ്പെട്ട മുൻ താക്കോൽ സൂഷിപ്പുകാരൻ ശൈഖ് സ്വാലിഹ് അല്‍ശൈബിയുടെ മയ്യത് ശനിയാഴ്ച സുബ്ഹി നമസ്‌കാരാനന്തം വിശുദ്ധ ഹറമില്‍ വെച്ച് മയ്യിത്ത് നമസ്‌കാരം പൂര്‍ത്തിയാക്കി ജന്നത്തുല്‍മുഅല്ല ഖബര്‍സ്ഥാനില്‍ മറവു ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."