മകള്‍ക്ക് വിമാനത്തില്‍ നിന്ന് ഭക്ഷ്യവിഷബാധ: ടിക്കറ്റ് മാറിനല്‍കിയില്ല; ബോംബ് ഭീഷണി മുഴക്കിയ യുവാവ് പിടിയില്‍
കൊച്ചി: വിമാന ടിക്കറ്റ് മറ്റൊരു ദിവസത്തേക്കു മാറ്റി നല്‍കാതിരുന്നതിനെ തുടര്‍ന്നു ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി ഷുഹൈബിനെ (30) കൊച്ചി വിമാനത്താവളത്തില്‍ വച്ചാണ് നെടുമ്പാശേരി പൊലിസ് അറസ്റ്റ് ചെയ്തത്. രാവിലെ 11.50ന് പുറപ്പെടുന്ന എയര്‍ ഇന്ത്യയുടെ ലണ്ടന്‍ വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി.
ടിക്കറ്റ് മറ്റൊരു ദിവസത്തേക്കു മാറ്റി നല്കാന് ആവശ്യപ്പെട്ടെങ്കിലും അത് സമ്മതിക്കാത്ത ദേഷ്യത്തിലായിരുന്നു ബോംബ് ഭീഷണിയെന്ന് ഇയാള്‍ മൊഴി നല്‍കിയതായാണ് വിവരം.
അതേസമയം, ഒന്നര ആഴ്ച മുന്‍പു ലണ്ടനില്‍നിന്നു തിരിച്ചെത്തിയ ഇവരുടെ കുട്ടിക്കു വിമാനത്തില്‍നിന്നു ഭക്ഷ്യവിഷബാധ ഉണ്ടായിരുന്നുവെന്നും ഇത് ചോദ്യം ചെയ്തതിലുള്ള പ്രതികാര നടപടിയാണെന്നും യുവാവ് ആരോപിച്ചു. എന്നാല്‍ ഫോണില്‍ ബോംബ് ഭീഷണി സന്ദേശം ലഭിച്ചെന്നും ഇതേത്തുടര്‍ന്ന് നല്കിയ പരാതിയിലാണ് സുഹൈബ് എന്ന യാത്രക്കാരനെ പൊലിസ് കസ്റ്റഡിയിലെടുത്തതെന്നും എയര്‍ഇന്ത്യ വിശദീകരിച്ചു.
തിരിച്ചുപോകുന്ന ടിക്കറ്റ് കുറച്ചു ദിവസത്തേക്കു കൂടി നീട്ടി നല്‍കണമെന്നു 3 ദിവസം മുന്‍പ് ആവശ്യപ്പെട്ടെങ്കിലും സാധ്യമായില്ല. തുടര്‍ന്ന് ഇയാള്‍ ബോംബ് ഭീഷണി മുഴക്കുകയായിരുന്നു. ഇന്ന് അതേ വിമാനത്തില്‍ കയറാനെത്തിയപ്പോഴാണു കസ്റ്റഡിയിലെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."