ദുബൈ സുന്നി സെന്ററിന് ഔഖാഫിന്റെ പ്രത്യേക അംഗീകാരം
ദുബൈ: മത, സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗങ്ങളിലെ സ്തുത്യര്‍ഹ സേവനങ്ങള്‍ പരിഗണിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പേരിലുള്ള പ്രത്യേക ആദരവിന് ദുബൈ സുന്നി സെന്ററിനെ ദുബൈ ഔഖാഫ് തെരഞ്ഞെടുത്തു. വിവിധ ഘട്ടങ്ങളിലായി നടന്ന പരിശോധനകള്‍ക്ക് ശേഷമാണ് സെന്ററിനെ ഈ മഹത്തായ നേട്ടത്തിന് ഔഖാഫ് തെരഞ്ഞെടുത്തത്.
ഇതിന്റെ ഭാഗമായി പ്രത്യേക ഗ്രാന്റ് ഔഖാഫ് സ്ഥാപനത്തിന് കൈമാറി. 2005 മുതല്‍ ദുബൈ ഔഖാഫിന്റെ പ്രത്യേക ലൈസന്‍സോടെ പ്രവര്‍ത്തിച്ചു വരുന്ന ദുബൈ സുന്നി സെന്റര്‍ എന്ന പേരിലറിയപ്പെടുന്ന 'സുന്നി സെന്റര്‍ ഫോര്‍ ഇസ്ലാമിക് എജ്യൂകേഷന്‍' പ്രവാസി മലയാളി മുസ്ലിംകളുടെ നാനോന്മുഖ പുരോഗതിക്ക് വേണ്ടി വിവിധ പദ്ധതികളാണ് ആവിഷ്‌കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
യു.എ.ഇ റേഞ്ചിന് കീഴില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠനം നടത്തുന്ന മദ്‌റസ, പൊതു ജനങ്ങളുടെ ഇസ്ലാമിക വെജ്ഞാനിക മുന്നേറ്റത്തിന് വേണ്ടിയുള്ള തന്‍വീര്‍ അഡ്വാന്‍സ്ഡ് ഖുര്‍ആന്‍ ലേണിങ് കോഴ്സ്, വിസ്വാല്‍ വിമന്‍സ് ഇസ്ലാമിക് ലേണിങ് പ്ലാറ്റ് ഫോം, ഇല്‍മ് ഇസ്ലാമിക് ലേണിങ് മിഷന്‍, ഹോപ് ടീനേജേഴ്സ് എംപവര്‍മെന്റ് പ്രൊജക്റ്റ്, ഹിഫ്ള് കോഴ്സ് തുടങ്ങിയ മുസ്ലിം സോഷ്യല്‍ എംപവര്‍മെന്റ് പ്രൊജക്റ്റുകള്‍, വിവിധ രാജ്യക്കാരായ പുതു മുസ്ലിംകള്‍ക്ക് വേണ്ടിയുള്ള ഇസ്ലാമിക് ക്ലാസ് റൂം, വാരാന്ത ആത്മീയ പഠന വേദികള്‍, വിവിധ പള്ളികളിലെ ജുമുഅ ഖുതുബ പരിഭാഷാ പ്രഭാഷണങ്ങള്‍, മത പണ്ഡിത ബിരുദധാരികള്‍ക്കുള്ള ഇസ്ലാമിക കര്‍മ ശാസ്ത്ര ക്ലാസുകള്‍, ട്രെയ്നിങ് ക്യാംപുകള്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ-രക്തദാന ക്യാംപുകള്‍, ഖുര്‍ആന്‍ മത്സരങ്ങള്‍ തുടങ്ങിയ പദ്ധതികള്‍ സുന്നി സെന്ററിന് കീഴില്‍ ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നു.
തുര്‍ക്കി ഭൂകമ്പ ബാധിതര്‍ക്കായി സെന്റര്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് ഡിപാര്‍ട്മെന്റിന്റെ പ്രത്യേക പ്രശംസ പിടിച്ചു പറ്റിയിരുന്നു. സെന്ററിന് കീഴില്‍ നടത്തി വരുന്ന ബ്ലഡ് ഡൊണേഷന്‍ ക്യാമ്പുകള്‍ക്ക് നിരവധി തവണ ദുബൈ ഹെല്‍ത് വിഭാഗത്തിന്റെ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ജീവിത സ്വപ്നങ്ങളുമായി കടല്‍ കടന്നെത്തിയ ദുബൈ പ്രവാസി മലയാളി മുസ്ലിംകള്‍ക്ക് കേരളീയ ഇസ്ലാമിക പാരമ്പര്യ തനിമയുടെ സൗന്ദര്യം നിലനിര്‍ത്തി ജീവിക്കാനുള്ള സുവര്‍ണാവസരമാണ് ദുബൈ സുന്നി സെന്റര്‍ ഒരുക്കുന്നത്.
ദുബൈ മലയാളി മുസ്ലിംകളുടെ ആസ്ഥാനമായ ഈ മഹത്തായ സ്ഥാപനത്തിന്റെ പുരോഗതിക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച് വിട വാങ്ങിയ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ക്ക് ശേഷം സമസ്ത കേന്ദ്ര മുശാവറ അംഗം കൂടിയായ ഉസ്താദ് അബ്ദുസ്സലാം ബാഖവിയുടെ നേതൃത്വത്തില്‍ ദുബൈ ദേര അല്‍ വുഹൈദയിലെ വിശാലമായ കാംപസില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ദുബൈ സുന്നി സെന്റര്‍ പുരോഗതിയുടെ പടവുകള്‍ താണ്ടി മുന്നേറുകയാണ്.
ദുബൈ ഔഖാഫില്‍ നിന്നും ലഭിച്ച ഈ മഹത്തായ അംഗീകാരത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കമ്മിറ്റി ഭാരവാഹികള്‍, അഡ്മിനിസ്ട്രേഷന്‍ വകുപ്പ്, സ്റ്റാഫ് കൗണ്‍സില്‍, എസ്.കെ.എസ്. എസ്.എഫ്, വിഖായ ടീം അടക്കമുള്ള എല്ലാവരെയും ദുബൈ സുന്നി സെന്റര്‍ പ്രസിഡന്റ് അബ്ദുസ്സലാം ബാഖവി, വര്‍ക്കിങ് പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ ദാരിമി, ജനറല്‍ സെക്രട്ടറി ഷൗക്കത്തലി ഹുദവി, വര്‍ക്കിങ് സെക്രട്ടറി സക്കീര്‍ ഹുസൈന്‍ തങ്ങള്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഹുസൈന്‍ ദാരിമി, പ്രിന്‍സിപ്പല്‍ ഇബ്രാഹിം ഫൈസി എന്നിവര്‍ അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."