പ്രതിപക്ഷത്തിന്റേത് ജനത്തിന്റെ ശബ്ദമാണ്, അടിച്ചമർത്തരുതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി
ന്യൂഡൽഹി: പ്രതിപക്ഷത്തിന്റേത് ജനത്തിന്റെ ശബ്ദമാണെന്നും അതിനു സഭയിൽ വേണ്ടത്ര അവസരം ലഭിക്കണമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഓം ബിർളയെ അനുമോദിച്ച് നടത്തിയ പ്രസംഗത്തിലാണ് രാഹുൽ ഗാന്ധിയുടെ ഓർമ്മപ്പെടുത്തൽ. തുടർച്ചയായ രണ്ടാം തവണയും ഓം ബിർള സ്പീക്കർ ആയി എത്തുമ്പോൾ കഴിഞ്ഞ തവണ പ്രതിപക്ഷത്തോട് എടുത്ത നിലപാടുകളെ ഓർമ്മപ്പെടുത്തൽ കൂടിയായി രാഹുലിന്റെ പ്രസംഗം.
പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൾ നടത്തിയ ആദ്യ പ്രസംഗം കൂടിയായിരുന്നു ഇത്. ഇത്തവണ പ്രതിപക്ഷത്തിനു ലഭിച്ച മെച്ചപ്പെട്ട ജനപിന്തുണ എടുത്തുപറഞ്ഞ രാഹുൽ കൂടുതൽ അവസരം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ജനത്തിന്റെ ശബ്ദം പ്രതിപക്ഷത്തിലൂടെ വ്യക്തമാക്കാൻ അനുവദിക്കുന്നു എന്നതാണ് സഭ നടത്തുന്നു എന്നതിനേക്കാൾ പ്രധാനം. ആ ശബ്ദത്തെ അമർത്തുകയെന്നതു ജനാധിപത്യവിരുദ്ധമായ ആശയമാണ്. ഭരണഘടനയെ സംരക്ഷിക്കുകയെന്ന കർത്തവ്യം സ്പീക്കർ നിർവഹിക്കുമെന്നു പ്രതീക്ഷിക്കുന്നു എന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ ലോക്സഭയിൽ നിന്ന് കുറച്ചുകാലത്തേക്ക് അയോഗ്യനാക്കി പുറത്താക്കിയ രാഹുൽ ഗാന്ധിക്ക് ഈ പാർലമെൻററി ഉത്തരവാദിത്തം മധുര പ്രതികാരമാണ്. പ്രതിപക്ഷത്തെ നിശബ്ദമാക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും പ്രതിപക്ഷം ഭരണഘടന സംരക്ഷിക്കാൻ സഭയിലുണ്ടാകണമെന്നാണ് ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ തെളിയിച്ചതെന്നും രാഹുൽ ഗാന്ധി പ്രസംഗത്തിൽ പറഞ്ഞു.
കഴിഞ്ഞ ലോക്സഭയിൽ പ്രതിപക്ഷ അംഗങ്ങളെ സസ്പെൻഡ് ചെയ്തതിനെ തൃണമൂൽ കോൺഗ്രസ് നേതാവ് സുദീപ് ബന്ധോപാധ്യായ അപലപിച്ചു. വീണ്ടും സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഓം ബിർലയെ അനുമോദിച്ചുള്ള പ്രസംഗത്തിലാണ് സുദീപിന്റെ വിമർശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."