നീറ്റ്- യുജി ചോദ്യപേപ്പര്‍ പെട്ടിയുടെ ഡിജിറ്റല്‍ ലോക്ക് പൊട്ടിച്ചു; പ്രിന്‍സിപ്പലിന്റെ വീട്ടില്‍ റെയ്ഡ് നടത്തി സിബിഐ
പട്‌ന: നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ ജാര്‍ഖണ്ഡിലെ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വീട് സി.ബി.ഐ റെയ്ഡ് ചെയ്തു. ഹസാരിബാഗിലെ ഓയസിസ് സ്‌കൂള്‍ പ്രധാനധ്യാപകന്‍ ഡോ.അഖ്‌സനുല്‍ ഹഖിന്റെ വീടാണ് സിബി ഐ സംഘം റെയ്ഡ് ചെയ്തത്. ചോദ്യപേപ്പര്‍ ചോര്‍ന്നത് ഓയസിസ് സ്‌കൂള്‍ പരീക്ഷാകേന്ദ്രത്തില്‍ നിന്നാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
നേരത്തെ ബിഹാര്‍ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും പ്രിന്‍സിപ്പലിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യപേപ്പര്‍ സൂക്ഷിച്ചിരുന്ന പെട്ടിയുടെ ഡിജിറ്റല്‍ ലോക്ക് പൊട്ടിച്ചതിനെ കുറിച്ചാണ് പൊലീസ് സംഘം അന്വേഷിച്ചതെന്നു പ്രിന്‍സിപ്പല്‍ വെളിപ്പെടുത്തി. ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിക്കേണ്ട പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ അടങ്ങുന്ന പെട്ടിയുടെ ഡിജിറ്റല്‍ ലോക്ക് ഒന്നേകാലിനു താനേ തുറക്കുകയാണ് ചെയ്യുക. സമയം കഴിഞ്ഞിട്ടും പെട്ടി തുറക്കാത്തതിനാല്‍ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) അധികൃതരെ വിവരം അറിയിക്കുകയും, അവരുടെ നിര്‍ദേശപ്രകാരം പൂട്ട് പൊളിച്ച് ചോദ്യപേപ്പര്‍ എടുത്തെന്നുമാണ് പ്രിന്‍സിപ്പല്‍ പൊലീസിനും സിബിഐക്കും മൊഴി നല്‍കിയിട്ടുണ്ട്.
ഹസാരിബാഗ് ജില്ലയിലെ അഞ്ചു പരീക്ഷാ കേന്ദ്രങ്ങളില്‍ ഡിജിറ്റല്‍ ലോക്ക് സമയത്തിനു തനിയെ തുറക്കാത്ത പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. അഞ്ചിടത്തും ഡിജിറ്റല്‍ ലോക്ക് പൊട്ടിച്ചാണു ചോദ്യപേപ്പര്‍ പുറത്തെടുത്തത്. ചട്ടപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിച്ചു സാക്ഷികള്‍ക്കു മുന്നിലാണ് പെട്ടി തുറന്നതെന്നും പ്രിന്‍സിപ്പല്‍ വിശദീകരിച്ചു.
അതേസമയം കേസില്‍ പട്‌നയില്‍ ജുഡീഷ്യല്‍ റിമാന്‍ഡിലായിരുന്ന ബല്‍ദേവ് കുമാര്‍, മുകേഷ് കുമാര്‍ എന്നിവരെ സിബിഐ പ്രത്യേക കോടതി 3 ദിവസത്തേക്ക് സിബിഐ റിമാന്‍ഡില്‍ വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."