വര്‍ഗീയ പ്രചാരണത്തില്‍ എന്തുകൊണ്ട് നടപടിയില്ല?; കാഫിര്‍ പോസ്റ്റ് വിവാദം സഭയില്‍, കെ.കെ ലതികയെ ന്യായീകരിച്ച് മന്ത്രി
തിരുവനന്തപുരം: വടകര ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ 'കാഫിര്‍' പ്രയോഗം സഭയില്‍ ഉയര്‍ത്തി പ്രതിപക്ഷം. മാത്യു കുഴല്‍നാടനാണ് ഇതു സംബന്ധിച്ച അന്വേഷണ പുരോഗതിയെക്കുറിച്ചു ചോദ്യം ഉന്നയിച്ചത്. പോസ്റ്റ് നിര്‍മിച്ച ആളെ കണ്ടെത്തിയോ എന്ന് പ്രതിപക്ഷം ആരാഞ്ഞപ്പോള്‍ ഫേയ്സ്ബുക്കില്‍ നിന്ന് വിവരം കിട്ടിയാലെ പറയാനാകൂവെന്ന് മന്ത്രി എം.ബി രാജേഷ് മറുപടി നല്‍കി.
വിവാദത്തില്‍ ആരോപണ വിധേയയായ കെ.കെ ലതികയെ മന്ത്രി ന്യായീകരിച്ചു. കെ.കെ.ലതിക പ്രചരിപ്പിച്ചത് വര്‍ഗീയതയ്ക്കെതിരായ പോസ്റ്റാണെന്നും വടകര സ്റ്റേഷനില്‍ 2 എഫ്.ഐ.ആര്‍ എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രിക്കു വേണ്ടി എം.ബി.രാജേഷ് പറഞ്ഞു.
ഷൈലജ ടീച്ചര്‍ക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ക്ക് 17 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വകടരയില്‍ മാത്രമല്ല, കൊല്ലം, ചാവക്കാട്, മട്ടന്നൂര്‍ തുടങ്ങിയ സ്‌റ്റേഷനുകളിലടക്കം കേസുണ്ട്. രാജ്യസഭാ എം.പി എ.എ റഹീമിനെതിരെയും ആലപ്പുഴ മുന്‍ എം.പി എ.എം ആരിഫിനെതിരെയുള്ള പ്രചാരണങ്ങള്‍ക്കും കേസെടുത്തിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു. ഇതോടെ പ്രതിപക്ഷാംഗങ്ങള്‍ ബഹളം വച്ച് നടുത്തളത്തിലിറങ്ങി. മതസൗഹാര്‍ദം ഉണ്ടാക്കാനാണ് പോസ്റ്റെങ്കില്‍ അവര്‍ക്കു താമ്രപത്രം നല്‍കണമെന്ന് എല്‍ദോസ് കുന്നപ്പള്ളി പറഞ്ഞു.മുഖ്യമന്ത്രിക്കെതിരെ ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടായപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയടക്കം പ്രതിയാക്കി കേസെടുത്തിട്ടുണ്ട്. വര്‍ഗീയ പ്രചാരണത്തില്‍ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് സി.ആര്‍ മഹേഷ് ചോദിച്ചു.
ഒരു മുന്‍ എംഎല്‍എ നാല്‍പതിലേറെ ദിവസം പ്രൊഫൈല്‍ ചിത്രമായി ആ സ്‌ക്രീന്‍ ഷോട്ട് ഇട്ടിരുന്നു. അതില്‍നിന്നാണ് പതിനായിരക്കണക്കിന് പേര്‍ ഷെയര്‍ ചെയ്തത്. രാജ്യത്തുള്ള മുഴുവന്‍ ആളുകള്‍ക്കും ഇതു മനസ്സിലായിട്ടും പൊലീസിന് ഇതുവരെ അവരതു പ്രചരിപ്പിച്ചുവെന്ന് മനസ്സിലായിട്ടില്ലെങ്കില്‍ അവരെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എഫ്ഐആര്‍ ഉണ്ടോ പ്രതി ഉണ്ടോ എന്ന ചോദ്യത്തിനും മറുപടിയില്ലെന്നു മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
എന്നാല്‍ പ്രൊഫൈല്‍ വിവരങ്ങള്‍ പൊലീസ് ഫെയ്സ്ബുക്കിനോടു ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആവര്‍ത്തിക്കുകയാണ് മന്ത്രി ചെയ്തത്. കോട്ടയം കുഞ്ഞച്ചന്‍ പ്രൊഫൈലിലൂടെയുള്ള അശ്ലീല പ്രചരണത്തിനെതിരെ എന്ത് നടപടി എടുത്തു യു.പ്രതിഭ എംഎല്‍എ ചോദിച്ചു. കുഞ്ഞച്ചന്റെ വലിയച്ഛന്‍മാരെ കുറിച്ച് താന്‍ പറയുന്നില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
അതിനിടെ യൂത്ത് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പില്‍ വ്യാജതിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കി ഉപയോഗിച്ച കാര്യം എം.ബി.രാജേഷ് പറഞ്ഞതും ബഹളത്തിനിടയാക്കി. ഇതു സംബന്ധിച്ച് മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ കേസുണ്ടെന്നും രാജേഷ് പറഞ്ഞു.
പ്രതിപക്ഷം ബഹളം വച്ചതോടെ മന്ത്രി റിയാസ് എം.ബി.രാജേഷിനു സമീപത്തെത്തി നിങ്ങള്‍ ശാന്തമായി മറുപടി പറഞ്ഞാല്‍ മതി, എല്ലാവര്‍ക്കും കേള്‍ക്കാം എന്നു പറഞ്ഞു മടങ്ങി. രണ്ടുതവണ റിയാസ് ഇത്തരത്തില്‍ രാജേഷിന്റെ സീറ്റിനടുത്തെത്തി.
ആപ്പിന്റെ സഹായത്തോടെയാണ് വ്യാജതിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയതെന്നും അതുകൊണ്ടു സൈബര്‍ കേസാണെന്നും പ്രതികളെ കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."