ഓണക്കാല പച്ചക്കറി വിപണിയില്‍ കൃഷിവകുപ്പ് ഇടപെടും: മന്ത്രി
തിരുവനന്തപുരം: പച്ചക്കറി വിപണിയില്‍ കര്‍ഷകരും ഉപഭോക്താക്കളും നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൃഷിവകുപ്പിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടാകുമെന്ന്
കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍.
കൃഷി-അനുബന്ധമേഖലയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഇന്നുരാവിലെ മന്ത്രിയുടെ ഓഫിസില്‍ നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇത് സൂചിപ്പിച്ചത്. ഓണക്കാലത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണസ്ഥാപനങ്ങള്‍, കുടുംബശ്രീ, വി.എഫ്.പി.സി.കെ., ഹോര്‍ട്ടികോര്‍പ്പ് എന്നിവയുടെ സഹകരണത്തോടെ സംസ്ഥാനത്തുടനീളം 1350 പച്ചക്കറി
വിപണനകേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
പ്രാദേശിക കര്‍ഷകരില്‍ നിന്നും സംഭരിച്ച പച്ചക്കറികള്‍ ന്യായമായ വിലയ്ക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കും. ഫാം ഫ്രെഷ് കേരള എന്ന പേരിലുളള വിഷരഹിത നാടന്‍ പച്ചക്കറികളാണ് വിപണിയിലെത്തിക്കുക. ജില്ലാതലത്തില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ പച്ചക്കറികള്‍ സംഭരിക്കും. അവിടെ നിന്നും ആവശ്യമുളള സ്ഥലത്തേക്ക് എത്തിക്കുന്നതിനുളള സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.
അധികം ഉളള ഉല്പന്നങ്ങള് വിറ്റഴിക്കുന്നതിന് പ്രത്യേക സംവിധാനം ജില്ലാതലത്തില്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കൃഷിവകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകര്‍, വകുപ്പ് സെക്രട്ടറി രാജു നാരായണസ്വാമി ഐ.എ.എസ്, ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ, കുടുംബശ്രീ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."