പശ്ചിമേഷ്യയില്‍ ഏതു സമയവും യുദ്ധം പൊട്ടിപ്പുറപ്പെടാം; ഹിസ്ബുള്ളയുടെ ശക്തി എത്ര? കുഴഞ്ഞു സയണിസ്റ്റുകള്‍
ബൈറൂത്ത്: ഏതു സമയവും ഒരു തീവ്ര പൊട്ടിത്തെറിയുടെ വക്കില്‍ ആണ് പശ്ചിമേഷ്യ. ഗസ്സയില്‍ കഴിഞ്ഞ എട്ടര മാസം ആയി രൂക്ഷമായ കടന്നാക്രമണം നടത്തുന്ന ഇസ്രായേല്‍ ഇപ്പൊള്‍ ലബനാനും സിറിയയും ആക്രമിക്കാനുള്ള തയാറെടുപ്പില്‍ ആണ്. ഇതിനകം ഒറ്റപ്പെട്ട ആക്രമണങ്ങള്‍ സയണിസ്റ്റ് രാജ്യം ഇരു രാജ്യങ്ങളിലും നടത്തി കഴിഞ്ഞു. ഇസ്രയേലും ഹമാസും ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാറിന് ഇനിയും സമ്പൂര്‍ണ അംഗീകാരം നല്‍കിയില്ലെങ്കില്‍ അടുത്ത ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ സയണിസ്റ്റ് ഭീകരരും ഹിസ്ബുള്ളയും തമ്മില്‍ വലിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്ന് ശക്തമായ സൂചന നല്‍കിയിരിക്കുകയാണ് യു.എസ് ഇന്റലിജന്‍സ്.
നിലവില്‍ മേശപ്പുറത്തുള്ള വെടിനിര്‍ത്തല്‍ കരാറിന് ഇസ്രഈലും ഹമാസും അംഗീകാരം നല്‍കുമോയെന്നത് സംബന്ധിച്ച് യു.എസ് നേതൃത്വത്തിന് വ്യക്തതയില്ല. അതിനിടെ, സയണിസ്റ്റ് ഭീകരരും ഹിസ്ബുള്ളയും യുദ്ധ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന വാര്‍ത്തകള്‍ മിഡില്‍ ഈസ്റ്റിലെ പിരിമുറുക്കങ്ങള്‍ക്ക് ആക്കംകൂട്ടി. ഇരുവിഭാഗവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടാനുള്ള ശ്രമത്തിലാണെന്ന് വ്യക്തമാക്കുകയാണ് യു.എസ് ഇന്റലിജന്‍സ് വിഭാഗത്തിലെ മുതിര്‍ന്ന രണ്ടു ഉദ്യോഗസ്ഥര്‍.
യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇരുപക്ഷവും പരസ്യമായി പറഞ്ഞിട്ടുണ്ടെങ്കിലും തീവ്രമായ പോരാട്ടം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്ന് തന്നെയാണ് യു.എസ് വിലയിരുത്തല്‍. അടുത്തയാഴ്കളില്‍ മിഡില്‍ ഈസ്റ്റില്‍ എന്തും സംഭവിക്കുമെന്ന മുന്നറിയിപ്പ് അമേരിക്ക നല്‍കുമ്പോള്‍ അറബ് രാഷ്ട്രങ്ങളടക്കം ആശങ്കാകുലരാണ്. യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിനെ തടയാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് യു.എസ് വ്യക്തമാക്കുന്നുണ്ടെങ്കിലും അമേരിക്കയുടെ അടുത്ത സഖ്യകക്ഷിയായ ഇസ്രഈലിനെ നിലയ്ക്ക് നിര്‍ത്താനോ വംശഹത്യ തടയാനോ ബൈഡന്‍ ഭരണകൂടത്തിന് സാധിക്കുന്നില്ല. വെടിനിര്‍ത്തല്‍ കരാറിനും മിഡില്‍ ഈസ്റ്റില്‍ സമാധാനം പുനഃസ്ഥാപിക്കാനും ബൈഡന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചിട്ടുണ്ടോയെന്നത് സുപ്രധാന ചോദ്യമാണ്. ഗസ്സയെ കടുത്ത വംശഹത്യയ്ക്ക് ഇസ്രഈല്‍ ഇരയാക്കുമ്പോള്‍ നെതന്യാഹുവിന്റെ കൂലിപ്പട്ടാളത്തിന് സൈനിക പിന്തുണ നല്‍കിയും ആയുധങ്ങള്‍ കൈമാറിയും അമേരിക്ക യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് സ്വീകരിച്ചു. വിദ്യാര്‍ഥി പ്രതിഷേധം കത്തിപ്പടരുകയും ലോക രാജ്യങ്ങള്‍ക്കിടയില്‍ പ്രതിച്ഛായ നഷ്ടപ്പെടുമെന്നും കണ്ടപ്പോള്‍ ബൈഡന്‍ സമാധാനകാംക്ഷിയായി.
യു.എസ് ഇന്റലിജന്‍സിന്റെ പ്രവചനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഏറ്റുപിടിക്കുകയും അതിനെ ശരിവെക്കുകയും ചെയ്യുന്ന നിലപാടാണ് ചില യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്കുള്ളത്. ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള യുദ്ധം ദിവസങ്ങള്‍ക്കുള്ളില്‍ സംഭവിക്കുമെന്ന് യൂറോപ്പ്യന്‍ രാജ്യങ്ങളും കണക്കുകൂട്ടുന്നു. പലരും തങ്ങളുടെ പൗരന്മാരോട് ലെബനന്‍ വിടാന്‍ ഉപദേശിച്ചിട്ടുണ്ട്. ലെബനനിലേക്കുള്ള യാത്ര സംബന്ധിച്ച് പുനര്‍വിചിന്തനമുണ്ടാകണമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് യു.എസ് പൗരന്മാര്‍ക്ക് ഉപദേശം നല്‍കി. ഉടനടി യുദ്ധം ഉണ്ടാകുമെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും ഏത് ദിവസമാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയെന്ന് ആരും വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഇസ്രഈല്‍ അവരുടെ ആയുധ ശേഖരങ്ങള്‍ വിപുലീകരിക്കാനും സൈനിക ശേഷി വര്‍ധിപ്പിക്കാനും ശ്രമിക്കുകയാണ്. ഇസ്രയേലി, ലെബനന്‍ പൗരന്മാര്‍ക്ക് അവരുടെ വീടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കുന്ന നയതന്ത്ര പ്രമേയത്തിന് വേണ്ടി ഭരണകൂടം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് അഡ്രിയന്‍ വാട്‌സണ്‍ പറഞ്ഞു.
ഗസ്സയിലെ കടന്നുകയറ്റത്തിന് ശാശ്വതമായ അന്ത്യം കുറിക്കുന്ന ഒരു കരാര്‍ ഉറപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ഞങ്ങള്‍ തുടരുകയാണ്. അമോസ് ഹോഷ്സ്റ്റീന്‍ ഉള്‍പ്പെടെയുള്ള ഉന്നത യുഎസ് ഉദ്യോഗസ്ഥര്‍ മിഡില്‍ ഈസ്റ്റില്‍ സന്ദര്‍ശനം നടത്തുകയും ശാന്തത പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തു.യുദ്ധത്തിന് മുന്നോടിയായി ഇരുപക്ഷത്തെയും അനുനയിപ്പിക്കാന്‍ ബൈഡന്‍ ഭരണകൂടം ആഴ്ചകളോളം ശ്രമിച്ചെന്നും അഡ്രിയന്‍ വാട്‌സണ്‍ അവകാശപ്പെട്ടു.
ഇസ്രായേല്‍ അതിര്‍ത്തിയില്‍ വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങളും വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ കാര്യമായി പുരോഗതി കൈവരിക്കാത്തതും യുദ്ധത്തിലേക്കുള്ള പ്രവണത കാണിക്കുക്കയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹിസ്ബുള്ളാ മേധാവി ഹസ്സന്‍ നസ്റുള്ളയുടെ യുക്തി ഗസ്സയുമായി ബന്ധപ്പെട്ടിരിക്കുന്നു, ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യമാകാത്ത പക്ഷം ഇസ്രായേലിനെതിരായ ഹിസ്ബുള്ളയുടെ ആക്രമണം അവസാനിക്കില്ലെന്ന വിലയിരുത്തലേക്ക് യു.എസ് നേതൃത്വവുമെത്തുന്നു. എന്നാല്‍ ഹസ്സന്‍ നസ്റുള്ളയുടെ ഈ യുക്തിയെ പൂര്‍ണമായും നിരാകരിക്കുന്നതാണ് യു.എസ് നിലപാട്. ഇസ്രഈല്‍ യുദ്ധത്തിന് തയ്യാറെടുക്കുമ്പോള്‍ ഏത് വെല്ലുവിളിയെയും നേരിടാന്‍ തയ്യാറാണെന്ന ശക്തമായ സന്ദേശമാണ് ഹിസ്ബുള്ളയും നല്‍കുന്നത്. 'ഇസ്രായേല്‍ ഒരു സമ്പൂര്‍ണ്ണ യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഞങ്ങള്‍ അതിന് തയ്യാറാണ്, ഇസ്രായേലിനെ വിജയിക്കാന്‍ അനുവദിക്കില്ലായെന്നാണ് ഹിസ്ബുള്ള ഡെപ്യൂട്ടി ചീഫ് ഷെയ്ഖ് നയിം ഖാസിം പറഞ്ഞത്. ഇസ്രഈല്‍ ലെബനനിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കില്‍ അത് ഫലസ്തീന്‍ പോരാട്ടങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്നതും സയണിസ്റ്റുകള്‍ തിരിച്ചടി നേരിടുമോയെന്നതും കാത്തിരുന്ന് കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."