മനു തോമസിന്റെ വെളിപ്പെടുത്തൽ വിവാദങ്ങൾക്കിടെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന്; പി. ജയരാജൻ പങ്കെടുക്കും
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് ചേരും. മുൻ ഡിവൈഎഫ് ഐ നേതാവ് മനു തോമസിന്റെ വെളിപ്പെടുത്തലുകൾ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയ വിവാദത്തിനിടെയാണ് യോഗം ചേരുന്നത്. തെരഞ്ഞെടുപ്പിൽ ഏറ്റ തോൽവിയിൽ വിവിധ ജില്ലാ കമ്മറ്റികൾ ഭരണത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമർശിക്കുന്നതിനിടെയാണ് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് ചേരുന്നത്. പി. ജയരാജൻ യോഗത്തിൽ പങ്കെടുക്കും.
പി. ജയരാജനും മനുവും തമ്മിലുണ്ടായ ഫേസ്ബുക്ക് പോരും തുടർന്നുള്ള ആരോപണങ്ങളും ചർച്ചയായേക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് തോൽവിയും ചർച്ചയ്ക്ക് വരും. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ കേരളത്തിലെ സിപിഎമ്മിന് നേരെ ഉണ്ടായ വിമർശനവും ചർച്ചയാകും. സംസ്ഥാനത്തെ മിക്ക ജില്ലാ കമ്മറ്റികളിലും സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് എന്ത് പ്രതികരണം നടത്തുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
മനു തോമസിന്റെ ഗുരുതര വെളിപ്പെടുത്തലുകൾ ഉണ്ടായെങ്കിലും വിവാദത്തിൽ പരസ്യ പ്രതികരണത്തിന് ഇതുവരെ സിപിഎം നേതൃത്വം മുതിർന്നിട്ടില്ല. വിഷയം വഷളാക്കിയത് പി. ജയരാജന്റെ അനവസരത്തിലെ ഫേസ്ബുക്ക് പോസ്റ്റ് ആണെന്നാണ് പാർട്ടി വിലയിരുത്തൽ. ക്വട്ടേഷൻ സംഘങ്ങൾക്ക് പാർട്ടിയുടെ പേരിൽ സോഷ്യൽ മീഡിയയിൽ വീണ്ടും കളത്തിൽ ഇറങ്ങാൻ വിവാദം വഴിവെച്ചെന്നും സിപിഎമ്മിൽ വിമർശനമുണ്ട്.
അതിനിടെ, സ്വർണക്കടത്തു ക്വട്ടേഷൻ സംഘവും സിപിഎമ്മും തമ്മിലുള്ള ബന്ധം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് യുഡിഎഫ് കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തും. രാവിലെ പത്തിന് ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."