എന്താണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്?
വിരളമായി പതിനായിരത്തില്‍ ഒരാള്‍ക്ക് ബാധിക്കുന്ന രോഗമാണിത്. അതിനാല്‍ ആശങ്ക വേണ്ട. നെഗ്ലേറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ ഒഴുക്കില്ലാത്ത, മലിനമായ ജലാശയങ്ങളിലാണ് കാണുന്നത്.
മലിനജലവുമായി സമ്പര്‍ക്കം പുലര്‍ത്തി കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ ആരംഭിക്കുന്നു. കെട്ടിക്കിടക്കുന്ന നീര്‍ച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴിയാണ് അമീബ ശരീരത്തിലെത്തുന്നത്. മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ തലച്ചോറിലേക്ക് പ്രവേശിക്കുന്നു. പിന്നീട് തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുന്നു.
ലക്ഷണങ്ങള്‍
അണുബാധ ഉണ്ടായി ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവുന്നു. നട്ടെല്ലില്‍ നിന്നും സ്രവമെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിര്‍ണയം നടത്തുന്നത്.
പ്രതിരോധ നടപടികള്‍
കെട്ടിക്കിടക്കുന്നതോ വൃത്തിയില്ലാത്തതോ ആയ വെള്ളത്തില്‍ കുളിക്കുക, മൂക്കിലൂടെ വെള്ളമൊഴിക്കുക തുടങ്ങിയവയിലൂടെയാണ് അമീബ ശരീരത്തിലെത്തുക. കെട്ടിക്കിടക്കുന്ന വെള്ളത്തിലോ നീര്‍ച്ചാലിലോ കുളിക്കാതിരിക്കുക, മൂക്കിലേക്ക് വെള്ളം ഒഴിക്കാതിരിക്കുക എന്നിവയിലൂടെ രോഗം വരാതെ നോക്കാം.
ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കാണിക്കുക. ശരിയായ രീതിയില്‍ ക്ലോറിനേറ്റ് ചെയ്ത നീന്തല്‍ കുളങ്ങളില്‍ കുളിക്കുന്നത് കൊണ്ട് പ്രശ്‌നമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."