ജസ്റ്റിസ് ജെ.ബി. കോശിക്ക് ഇന്ന് യാത്രയയപ്പ്
തിരുവനന്തപുരം: സെപ്റ്റംബര്‍ നാലിന് മനുഷ്യാവകാശ കമ്മിഷന് അധ്യക്ഷന്‍ സ്ഥാനമൊഴിയുന്ന ജസ്റ്റിസ് ജെ.ബി കോശിക്ക് ഇന്നു യാത്രയയപ്പ് നല്‍കും. വൈകിട്ട് മൂന്നിന് വി.ജെ.ടി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി ഇ.പി. ജയരാജന് മുഖ്യ പ്രഭാഷണം നടത്തും.
പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ജെ.ബി. കോശി 2011 സെപ്റ്റംബര്‍ 5നാണ് മനുഷ്യാവകാശ കമ്മിഷന് അധ്യക്ഷനായി ചുമതലയേറ്റത്. അഞ്ചു വര്‍ഷം കൊണ്ട് 29050 അന്തിമ ഉത്തരവുകള്‍ അദ്ദേഹം പാസാക്കി. നിരാലംബരുടെ പരാതികളാണ് ഏറെയും പരിഹരിക്കപ്പെട്ടത്. തെരുവുനായ പ്രശ്നം, സര്‍ക്കാര്‍ ആശുപത്രികളിലെ ദുരിതങ്ങള്‍, പൊലിസ് പീഡനം, കസ്റ്റഡിമരണം, കൊച്ചി കാന്‍സര്‍ സെന്റര്‍ തുടങ്ങിയ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സേനാവിഭാഗങ്ങളില്‍ ഉള്‍പ്പെടെയുള്ള പെന്ഷന് വിഷയങ്ങള്‍, ക്ഷേമപെന്ഷന്, ദുരിതാശ്വാസ ക്യാമ്പുകളിലെ ദുരിതങ്ങള്‍, സ്ത്രീ സുരക്ഷ, ജയില്‍ പീഡനം തുടങ്ങിയ വിഷയങ്ങളിലും കമ്മീഷന് സജീവമായി ഇടപെട്ടു. സ്വകാര്യ സ്ഥാപനങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിലും ജസ്റ്റിസ് ജെ.ബി. കോശി ഇടപെട്ടിരുന്നു.
യാത്രയയപ്പ് സമ്മേളനത്തില്‍ മനുഷ്യാവകാശ കമ്മീഷന് വാര്‍ത്താ പത്രികയുടെ പ്രത്യേക പതിപ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രകാശനം ചെയ്യും. ജസ്റ്റിസ് ജെ.ബി. കോശിക്കുള്ള ഉപഹാരം കെ. എം. മാണി സമര്‍പ്പിക്കും. കെ. മുരളീധരന് എം .എല്‍. എ, നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്, ഡോ. ഡി. ബാബുപോള്‍, മുന്‍ ഡി.ജിപി ഡോ. അലക്സാണ്ടര്‍ ജേക്കബ്, ഫ്രാറ്റ് പ്രസിഡന്റ് അഡ്വ. മരുതംകുഴി സതീഷ്കുമാര്‍, കമ്മീഷന് സെക്രട്ടറി എസ്. കുമാരിസുധ എന്നിവര്‍ പ്രസംഗിക്കും. മനുഷ്യാവകാശ കമ്മീഷന് അംഗം കെ. മോഹന്‍ കുമാര്‍ അധ്യക്ഷനാകും. ചടങ്ങില്‍ കമ്മീഷന് അംഗം പി. മോഹനദാസ് സ്വാഗതം പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."