ജര്‍മന്‍ പൗരത്വം ലഭിക്കാന്‍ ഇനി എളുപ്പം; പുതിയ പൗരത്വ പരിഷ്‌കാര നിയമം പ്രാബല്യത്തില്‍
ബെര്‍ലിന്‍: ജര്‍മ്മനിയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ വേഗത്തിലും യഥാര്‍ത്ഥ പൗരത്വം ഉപേക്ഷിക്കാതെയും ജര്‍മ്മന്‍ പൗരത്വം നേടാനാകും. ജര്‍മ്മനിയുടെ പുതിയ പൗരത്വ നിയമം നിലവില്‍ വന്നതോടെയാണ് നടപടികള്‍ എളുപ്പമാകുന്നത്. ജര്‍മ്മന്‍ പാസ്പോര്‍ട്ട് ലഭിക്കുന്നതിനുള്ള നിലവിലെ നിയമങ്ങള്‍ നവീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടികളാണ് പുതിയ നിയമത്തില്‍ ഉള്‍ക്കൊള്ളുന്നത്.
പ്രധാന മാറ്റങ്ങള്‍:
ജര്‍മനിയിലെ വിദേശികള്‍ക്ക് പുതിയ പൗരത്വ നിയമപ്രകാരം ഒന്നിലധികം പൗരത്വങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ ജര്‍മന്‍ പൗരത്വത്തിന് അപേക്ഷിക്കാവുന്നതാണ്. അതായത്, ജര്‍മന്‍ പൗരത്വം നേടുമ്പോള്‍ സ്വദേശിവത്കരണത്തിനുള്ള അപേക്ഷകര്‍ക്ക് അവരുടെ മുന്‍ പൗരത്വം ഉപേക്ഷിക്കേണ്ടിവരില്ല.
പുതിയ നിയമപ്രകാരം, സ്വദേശിവല്‍ക്കരണ അപേക്ഷകര്‍ക്ക് ഇപ്പോള്‍ ജര്‍മ്മന്‍ പൗരത്വം കൂടുതല്‍ വേഗത്തില്‍ ലഭിക്കും. അഞ്ച് വര്‍ഷത്തെ നിയമപരമായ താമസത്തിന് ശേഷം വിദേശികള്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാവുന്നതാണ്. ഇത് മുന്‍പ് എട്ട് വര്‍ഷമായിരുന്നു.
ജര്‍മ്മന്‍ പൗരന്മാരെ വിവാഹം കഴിച്ച വിദേശികള്‍ക്ക്, ജര്‍മ്മന്‍ പൗരത്വത്തിന് അപേക്ഷിക്കാനുള്ള കാലയളവ് നാല് വര്‍ഷമായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
ജര്‍മ്മന്‍ സമൂഹവുമായി പൂര്‍ണ്ണമായി സംയോജിപ്പിച്ച്, മികച്ച തൊഴില്‍ പ്രകടനം കാണിക്കുന്ന, സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന, സാമ്പത്തികമായി സ്വയം പിന്തുണയ്ക്കുന്ന, ഉയര്‍ന്ന പ്രാവീണ്യത്തില്‍ ജര്‍മ്മന്‍ സംസാരിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം, സ്വദേശിവല്‍ക്കരണ കാലയളവ് മൂന്ന് വര്‍ഷമായി കുറച്ചിട്ടുണ്ട്.
വിദേശ മാതാപിതാക്കളുടെ കുട്ടികള്‍ക്കുള്ള പുതിയ നിയമങ്ങള്‍:
ജര്‍മ്മനിയില്‍ വിദേശ മാതാപിതാക്കള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളുടെ പൗരത്വം നിലനിര്‍ത്തിക്കൊണ്ട് ജര്‍മ്മന്‍ പൗരത്വം നേടാം. കുട്ടിയുടെ ഒരു രക്ഷിതാവ് കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും ജര്‍മനിയില്‍ നിയമപരമായി താമസിക്കുകയും താമസാവകാശം കൈവശം ചെയ്തിട്ടുണ്ടെങ്കിലും കുഞ്ഞിന് പൗരത്വം നേടാവുന്നതാണ്. മുന്‍പ് ഇത് എട്ടുവര്‍ഷമായിരുന്നു.
ജര്‍മന്‍ പൗരത്വ പരീക്ഷയിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
പുതിയ നിയമമനുസരിച്ച് 1960കളില്‍ പശ്ചിമ ജര്‍മനിയിലേക്ക് ജോലി ചെയ്യാന്‍ പോയ തുര്‍ക്കിയിലെ പൗരന്മാര്‍ ഉള്‍പ്പെടുന്ന അതിഥി തൊഴിലാളി തലമുറയ്ക്ക് ഇനി പൗരത്വ പരിശോധനയുടെ ആവശ്യമില്ല. ഈ വിഭാഗത്തിലുള്ള വിദേശികള്‍ അവരുടെ ജര്‍മന്‍ ഭാഷയിലുള്ള വൈദഗ്ധ്യം പ്രകടമാക്കിയാല്‍ പൗരത്വം ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."