നാടിന്റെ സാന്ത്വനം അവര്‍ക്ക് ഓണസമ്മാനമായി
കൊല്ലം: സൗജന്യ ഓണക്കിറ്റുകളേക്കാള്‍ അവരുടെ മനസു നിറച്ചത് താരനായകനായ എം .എല്‍. എ ഉള്‍പ്പെടെ ഒരുപാടുപേര്‍ തങ്ങള്‍ക്ക് സാന്ത്വനവുമായെത്തിയതാണ്. കിറ്റുകള്‍ ഏറ്റുവാങ്ങുമ്പോള്‍ പലരുടെയും കണ്ണുകളില്‍ നനവു പടര്‍ന്നു. സാന്ത്വന പരിചരണത്തില്‍ കഴിയുന്നവര്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്ത കൊല്ലം ജില്ലാ ആശുപത്രിയിലെ ചടങ്ങാണ് വികാരഭരിതമായ നിമിഷങ്ങള്‍ക്ക് വേദിയായത്. ജില്ലാ പഞ്ചായത്ത്, ജില്ലാ ആശുപത്രി, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടി ഉദ്ഘാടനം ചെയ്ത എം മുകേഷ് എം എല്‍ എയും അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മയും രോഗികള്‍ക്കിടയിലെത്തി അവരുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് ആശ്വസിപ്പിച്ചു. പൊതുജന പങ്കാളിത്തത്തോടെ സാന്ത്വന പരിചരണം പരമാവധി വ്യാപകമാക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുകേഷ് പറഞ്ഞു. ജില്ലാ ആശുപത്രിയില്‍നിന്നും സാന്ത്വന ചികിത്സ നല്‍കുന്ന 150 പേര്‍ക്കാണ് ഓണക്കിറ്റുകളും ഓണക്കോടിയും വിതരണം ചെയ്തത്. ചടങ്ങിനുശേഷം രോഗികള്‍ക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ചാണ് അതിഥികള്‍ മടങ്ങിയത്.
അഞ്ചു കിലോ അരി, പഞ്ചസാര, വെളിച്ചെണ്ണ, തുവരപ്പരിപ്പ് ,പപ്പടം, തേയില, ഉപ്പ്, പായസം മിക്‌സ് എന്നിവ ഉള്‍പ്പെടുന്ന കിറ്റ് സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളുമാണ് സ്‌പോണ്‍സര്‍ ചെയ്തത്. കാമ്പസ് പാലിയേറ്റീവ് കെയര്‍ പരിപാടിയുടെ ഭാഗമായി ടി .കെ .എം എന്‍ജിനിയറിങ് കോളജിലെയും എസ് .എന്‍ കോളജിലെയും വിദ്യാര്‍ഥികളും പരിപാടിയുമായി സഹകരിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി .ശിവശങ്കരപ്പിള്ള, ആരോഗ്യവിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ ജൂലിയറ്റ് നെല്‍സണ്‍, കോര്‍പ്പറേഷന്‍ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ എസ്. ജയന്‍, ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയംഗം അജയകുമാര്‍, ആശുപത്രി സൂപ്രണ്ട് എ .എല്‍ ഷീജ, ഡെപ്യൂട്ടി സൂപ്രണ്ട് പ്രീതി ജെയിംസ്, ആര്‍ .എം. ഒ ഡോ.അനില്‍കുമാര്‍, ഡോ .എസ് സമീര്‍, സാന്ത്വന ചികിത്സാ വിഭാഗം മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷാജി, ജില്ലാ കോഓര്‍ഡിനേറ്റര്‍ ഡി .ടി .അനൂജ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."