സമൂഹം അതി രോഗാതുര ക്ലേശത്തിൽ: ടി. പത്മനാഭൻ
കോഴിക്കോട്: അതിരോഗാതുരമായ ക്ലേശത്തിന്റെ പിടിയിലാണ് സമൂഹമെന്ന് പ്രശസ്ത എഴുത്തുകാരൻ ടി. പത്മനാഭൻ. പല പുതിയ രോഗങ്ങൾ വന്നുകൊണ്ടിരിക്കുന്നു. സമ്മർദവും ജോലിഭാരവും ഉത്കണ്ഠയും പലപ്പോഴും ആത്മഹത്യയിലാണ് അവസാനിക്കുന്നതെന്നും ഇതിനുപ്രത്യേക കാരണങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രഭാതം പ്രസിദ്ധീകരിക്കുന്ന ആരോഗ്യ ത്രൈമാസികയായ 'ആരോഗ്യം' പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ടി. പത്മനാഭൻ.
ചിലർ എഴുതിവച്ചും ചിലർ അല്ലാതെയും ജീവിതം അവസാനിപ്പിക്കുകയാണ്. അടുത്തായി പൊലിസ് സേനയിൽ സമ്മർദം താങ്ങാൻ കഴിയാതെ ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്യുന്നു. ചിലർ രാജിക്കത്ത് നൽകുന്നു. പ്രഗത്ഭയായ സർക്കാർ അഭിഭാഷക ജോലിഭാരം മൂലം ആത്മഹത്യ ചെയ്ത സംഭവം അദ്ദേഹം അനുസ്മരിച്ചു.
കഴിവും ശ്രദ്ധയും ജോലിയിൽ കാണിച്ചിട്ടും മുകളിൽനിന്നുള്ള കുത്ത് താങ്ങാനാവാതെയാണ് അവർ ആത്മഹത്യ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ മേലധികാരികൾക്കെതിരേ കൊടുത്ത കേസ് ഇപ്പോഴും തുടരുകയാണ്. ജീവിതചര്യ ആളുകളെ രോഗത്തിലേക്ക് നയിക്കുകയാണ്.
കുട്ടിക്കാലത്ത് കണ്ണൂരിൽ ഒന്നോ രണ്ടോ ഇംഗ്ലിഷ് മരുന്ന് ഷാപ്പുകൾ മാത്രമാണ് ഉണ്ടായിരുന്നത്. അപ്പക്കൂട് എന്ന ബേക്കറികളും വിരളമായിരുന്നു. ഇന്ന് കേരളത്തിൽ ഏതു കുഗ്രാമത്തിൽ പോയാലും നിരത്തുകളിൽ നിറയെ മരുന്ന് ഷാപ്പുകൾ! അതുകഴിഞ്ഞ് ബേക്കറികളാണ് ഏറ്റവും കൂടുതൽ. ബേക്കറിയിൽനിന്ന് സാധനം വാങ്ങിക്കഴിച്ച് മരുന്ന് ഷാപ്പിൽനിന്ന് മരുന്നു വാങ്ങുന്ന സമൂഹമായി മാറി നമ്മുടേത്. ചെറുപ്പത്തിൽ നല്ല ആരോഗ്യം ഉണ്ടായിരുന്ന ആളാണ് താൻ.
വർഷങ്ങളോളം കഠിനമായ വേനലിലും മഴയിലും പുലർച്ചെ നാല് മണിക്ക് എഴുന്നേറ്റ് ഏറെദൂരം സ്ഥിരമായി ഓടിയിരുന്നു. ഞായറാഴ്ചകളിൽ 22 കിലോമീറ്റർ നടന്നിരുന്നു. മിതഭക്ഷണം ശീലമാക്കി. അനാവശ്യമായി ഒന്നും വാരിവലിച്ച് കഴിച്ചിരുന്നില്ല. റിട്ടയർ ചെയ്യുന്നതുവരെ ഒരു രോഗവും ഉണ്ടായിരുന്നില്ല. കുടവയർ ഇല്ലേയില്ല. ജോലിയിൽനിന്ന് വിരമിച്ച് കണ്ണൂരിൽ മടങ്ങിയെത്തിയപ്പോൾ താമസസ്ഥലത്തുനിന്ന് ഹൈവേയിലേക്ക് ഓടാൻ പോയിട്ട് നടക്കാൻപോലും നല്ല സ്ഥലം ഇല്ലാതായി. ഓട്ടവും നടത്തവും വിട്ടതോടെ വളരെ വേഗത്തിൽ പ്രമേഹം ബാധിച്ചു.പുതിയ തലമുറയിലെ ചെറുപ്പക്കാരോട് അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതു പറയുന്നതെന്നും ടി. പത്മനാഭൻ വ്യക്തമാക്കി.
ഇന്ന് ഇന്ത്യയിലെ ഏതാണ്ട് എല്ലാ പത്രങ്ങൾക്കും ആരോഗ്യമാസികയുണ്ട്. നല്ല വളക്കൂറുള്ള മാർക്കറ്റാണിതെന്ന് അവർക്കറിയാം. പക്ഷേ ഇത് അത്യന്താപേക്ഷിതമായി മാറിയിരിക്കുകയാണ്. പത്രപ്രവർത്തന രംഗത്ത് ദീർഘകാലത്തെ അനുഭവ പരിചയമുള്ളവർ നേതൃത്വം നൽകുന്ന സുപ്രഭാതത്തിന് ഏറ്റവും മികച്ച രീതിയിൽ ആരോഗ്യമാസിക ഇറക്കാൻ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
ആരംഭകാലം മുതൽ സുപ്രഭാതവുമായി ബന്ധമുണ്ട്. അതുകൊണ്ടാണ് പ്രായാധിക്യം വകവയ്ക്കാതെ പ്രകാശന ചടങ്ങിന് എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്റ്റാർ കെയർ ഹോസ്പിറ്റൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. അബ്ദുല്ല ചെറയക്കാട്ട് പ്രകാശനം നിർവഹിച്ചു. മംഗലാപുരം ഗ്യാസ്‌ട്രോഎൻട്രോളജി സെന്റർ ഡയറക്ടർ ഡോ. ഹൈദർ കോപ്പി ഏറ്റുവാങ്ങി.
സുപ്രഭാതം ഡയരക്ടർ കെ. ഉമർ ഫൈസി മുക്കം അധ്യക്ഷനായി. മുബശ്ശിർ തങ്ങൾ ജമലുല്ലൈലി പ്രാർഥന നിർവഹിച്ചു.
മാനേജിങ് എഡിറ്റർ ടി.പി ചെറൂപ്പ മാഗസിൻ പരിചയപ്പെടുത്തി. എം.എ ചേളാരി, കെ. മോയിൻകുട്ടി മാസ്റ്റർ, ഡോ. പി.സി അൻവർ, പി.കെ പാറക്കടവ്, നവാസ് പൂനൂർ, പി.കെ മുഹമ്മദ് (മാനു സാഹിബ്), സി.ഇ ചാക്കുണ്ണി, എ.പി കുഞ്ഞാമു, എൻജിനീയർ പി. മമ്മദ്കോയ, അലവിക്കുട്ടി ഒളവട്ടൂർ സംസാരിച്ചു.
ഡോ. റോഷൻ ബിജ്ലി, കമാൽ വരദൂർ, കാനേഷ് പൂനൂർ, അനീസ് ബഷീർ, ഹംസക്കോയ ചേളാരി, സത്താർ പന്തലൂർ, ക്രസന്റ് മുഹമ്മദ് ഹാജി, സി.പി ഇഖ്ബാൽ, ബാപ്പു വെള്ളിപറമ്പ്, സൂര്യ അബ്ദുൽഗഫൂർ, പൂനൂർ കെ. കരുണാകരൻ, പി. മുസ്തഫ, ബാപ്പു വാവാട്, കെ. ത്രീ എ ഭാരവാഹികളായ സലീം പാവുതൊടിക, ബിനൽ ആനന്ദ്, എം.വി അനീഷ്‌കുമാർ തുടങ്ങി ഒട്ടേറെ വ്യക്തികൾ സംബന്ധിച്ചു. സുപ്രഭാതം സി.ഇ.ഒ മുസ്തഫ മുണ്ടുപാറ സ്വാഗതവും ഡി.ജി.എം വി. അസ്‌ലം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."