ഓണ്‍ ലൈന്‍ തട്ടിപ്പില്‍ പൊലിസിന്റെ ഇടപെടല്‍; മൂന്ന് ലക്ഷം ദിര്‍ഹം തിരികെ ലഭിച്ചു
ഷാര്‍ജ: ഓണ്‍ലൈന്‍ തട്ടിപ്പില്‍ പൊലിസിന്റെ ഇടപെടലിലൂടെ യുവതിക്ക് 3ലക്ഷം ദിര്‍ഹം തിരികെ ലഭിച്ചു. യു.എ.ഇ യുവതിക്കാണ് പണം നഷ്ടമായിരുന്നത്. യുവതിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഇലക്ട്രോണിക് വഴി തുക ട്രാന്‍സ്ഫര്‍ ചെയ്യാന്‍ തട്ടിപ്പുകാരന് കഴിഞ്ഞെങ്കിലും പൊലിസിന്റെ പൊടുന്നനെയുള്ള ഇടപെടലാണ് പണം തിരികെ ലഭിക്കാന്‍ സഹായിച്ചത്.
തട്ടിപ്പിനിരയായെന്നറിഞ്ഞതോടെ അക്കാര്യം ഷാര്‍ജ പൊലിസില്‍ അറിയിച്ചയുടന്‍ അക്കൗണ്ടിലെ തുക മരവിപ്പിക്കുകയും ഇരയ്ക്ക് അത് തിരികെ ലഭിക്കുകയും ചെയ്തുവെന്ന് ഷാര്‍ജ സി.ഐ.ഡി ഡയരക്ടര്‍ ബ്രിഗേഡിയര്‍ ഉമര്‍ അഹ്മദ് അബൂ അല്‍ സൂദ് പറഞ്ഞു. ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരികയാണെന്നും, അതിലേറ്റവും പ്രചാരമുള്ളത് ക്ലോണ്‍ ചെയ്ത ഔദ്യോഗിക വെബ്സൈറ്റുകളാണെന്നും വെളിപ്പെടുത്തിയ അദ്ദേഹം, ബാങ്ക് വിവരങ്ങള്‍ ലഭിക്കുന്നതിലൂടെയാണ് തട്ടിപ്പുകാര്‍ ഉപഭോക്താക്കളെ കബളിപ്പിക്കുന്നതെന്നും അല്സൂദിനെ ഉദ്ധരിച്ചുള്ള ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞു.
വ്യക്തിഗത ഡാറ്റ പങ്കിടരുത്, സംശയാസ്പദമായ വെബ്സൈറ്റുകളെയും ഇമെയിലുകളെയും കുറിച്ച് ജാഗ്രത പാലിക്കുക, സ്മാര്‍ട് ഉപകരണങ്ങളിലും കംപ്യൂട്ടറുകളിലും സോഫ്റ്റ്വെയര് പതിവായി അപ്ഡേറ്റ് ചെയ്യുക എന്നിവ സംബന്ധിച്ച് അദ്ദേഹം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. താന്‍ പരാതി നല്കിയയുടന് പൊടുന്നനെ നടപടികള്‍ സ്വീകരിച്ച് പണം തിരികെ ലഭിക്കാന്‍ സഹായിച്ച ഷാര്‍ജ പൊലിസിനോട് യുവതി നന്ദി രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."