ഇന്ത്യ ദീര്‍ഘനിശ്വാസംവിട്ട നിമിഷം; 'കില്ലര്‍ മില്ലറി'ന്റെ ഷോട്ട് സിക്‌സര്‍ ആയിരുന്നെങ്കില്‍..? ആ ക്യാച്ചിന് സൂര്യകുമാറിന് 130 കോടി നന്ദി
ബാര്‍ബഡോസ്: കുട്ടിക്രിക്കറ്റില്‍ ഒരിക്കലൂടെ വിശ്വകിരീടത്തില്‍ മുത്തമിടാന്‍ ഇന്ത്യയെ സഹായിച്ചതിന് ബാറ്റിങ്ങില്‍ തിളങ്ങിയ വിരാട് കോഹ്ലിയുടെയും അത്ര വലിയൊരു ടാര്‍ഗറ്റ് അല്ലാഞ്ഞിട്ടും അതിനുള്ളില്‍ ദക്ഷിണാഫ്രിക്കയെ ഒതുക്കാന്‍ സഹായിച്ച ജസ്പ്രീത് ബുംറയുടെയും എന്നത് പോലെ കളിപ്രേമികള്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത പേരാണ് സൂര്യകുമാര്‍ യാദവിന്റെത്.
ഹാര്‍ദിക് പാണ്ഡ്യ അവസാന ഓവര്‍ എറിയാനെത്തുമ്പോള്‍ ദക്ഷിണാഫ്രിക്കക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 16 റണ്‍സ്. അപകടകാരിയായ ഡേവിഡ് മില്ലര്‍ ക്രീസിലുള്ളതിനാല്‍ അത് ഒരു ഈസി ടാര്‍ഗറ്റാണ്. 3 പന്ത് കൂടി ബാക്കിയുള്ളപ്പോള്‍ വേണ്ടത് 9 റണ്‍സ്. മില്ലര്‍ തന്നെയാണ് ക്രീസില്‍. ഒരു സിക്‌സര്‍ പോയാല്‍ തീര്‍ന്നു കാര്യം. ഹാര്‍ദിക് എറിഞ്ഞ മൂന്നാം പന്ത് ഉയര്‍ത്തിയടിച്ചപ്പോള്‍ 130 കോടി ജനതയുടെ ശ്വാസം നിലച്ചതാണ്. എന്നാല്‍ അവിടെ ഭാഗ്യത്തിന്റെ രൂപത്തില്‍ സൂര്യകുമാര്‍ യാദവ് അവതരിച്ചു. അപ്രാപ്യമെന്ന് തോന്നിയ ഒരു പന്ത് അദ്ദേഹം കൈപ്പിടിയിലൊതുക്കി. ഓടിയെത്തിയ യാദവിന്റെ കൈയില്‍ പന്ത് വിശ്രമിച്ചെങ്കിലും ഓട്ടത്തിന്റെ വേഗതയില്‍ അദ്ദേഹം ബൗണ്ടറി ലൈന്‍ കടന്നിരുന്നു. എന്നാല്‍ അപ്പോഴേക്കും പന്ത് മുകളിലേക്കിട്ട് ബൗണ്ടറി ലൈനിന് ഇപ്പുറത്ത് വന്ന് പന്ത് തിരിച്ചുപിടിച്ചു. മൂന്നാം അമ്പയര്‍ ഔട്ട് വിധിച്ചതോടെയാണ് ഇന്ത്യയുടെ ശ്വാസം നേരെ വീണതും ഇന്ത്യ ജയം ഉറപ്പിച്ചതും. മറുഭാഗത്ത് തങ്ങളുടെ കന്നിക്കിരീടം എന്ന സ്വപ്‌നം അവിടെ തകര്‍ന്നുവെന്ന് ദക്ഷിണാഫ്രിക്കക്ക് ബോധ്യംവന്ന നിമിഷവും ഇതായിരുന്നു.
സൂര്യകുമാര്‍ അത് പിടിച്ചില്ലായിരുന്നുവെങ്കില്‍ കളിയുടെ ഫലം മറ്റൊന്നാകുമായിരുന്നു. കോഹ്ലിയുടെ ഫിഫ്ടിയും ബുംറയുടെ മൂന്നു വിക്കറ്റ് നേട്ടവും പാഴാകുമായിരുന്നു.
എന്നാല്‍, ഹാര്‍ദികിനെ സിക്‌സറിന് പറത്തിയ മില്ലറെ ബൗണ്ടറി ലൈനില്‍വച്ച് അവിശ്വസനീയമാം വിധി സൂര്യകുമാര്‍ യാദവ് പിടിച്ചുപുറത്താക്കിയതാണ് മത്സരത്തിന്റെ ഗതി തിരിച്ചുവിട്ടത്. അവസാന രണ്ട് പന്തില്‍നിന്ന് വേണ്ടത് ഒമ്പത് റണ്‍സ്. അഞ്ചാമത്തെ പന്തില്‍ റബാഡ (മൂന്ന് പന്തില്‍ നാല് റണ്‍സ്) യും മടങ്ങിയതോടെ അവസാന പന്തില്‍ വേണ്ടത് ഒമ്പത് റണ്‍സ്. ഒരു റണ്‍സ് മാത്രമെടുത്തതോടെ ഇന്ത്യ ഏഴു റണ്‍സിന് വിജയിച്ചതായി ഡിസ്‌പ്ലേ ബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ടു. ഇന്ത്യയുടെ രണ്ടാമത്തെ ടി ട്വന്റി കിരീടമാണിത്. 2007ലെ പ്രഥമ ടി 20 ലോകകപ്പില്‍ മുത്തമിട്ട ഇന്ത്യ 2014ല്‍ റണ്ണറപ്പായിരുന്നു.
നേരത്തെ 176 റണ്‍സ് എന്ന അത്ര വലുതല്ലാത്ത ഇന്ത്യയുടെ സ്‌കോര്‍ പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കക്ക് 169 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
സ്‌കോര്‍ ചുരുക്കത്തില്‍ ഇന്ത്യ: 176ന് 7.
ദക്ഷിണാഫ്രിക്ക: 169ന് 8.
76 റണ്‍സെടുത്ത വിരാട് കോഹ് ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അക്‌സര്‍ പട്ടേലും (47) ശിവം ദുബെയും (27) തുടക്കത്തിലെ തകര്‍ച്ചയില്‍നിന്ന് ഇന്ത്യയെ രക്ഷിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ടോസിന്റെ ഭാഗ്യം തുണച്ച ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സെമി ഫൈനലിലെ അതേ ടീമുമായാണ് ഇരുരാജ്യങ്ങളും ഇറങ്ങിയത്. ദക്ഷിണാഫ്രിക്കന്‍ ടീമിലും മാറ്റമുണ്ടായില്ല. പിച്ചിലെ ഈര്‍പ്പം മുതലെടുക്കാനാകുമെന്ന് കരുതിയെങ്കിലും തുടക്കത്തിലേ പാളി. ആദ്യ ഓവറില്‍ വലിയ ആത്മവിശ്വാസത്തോടെ അടിച്ചുകളിച്ച ഇന്ത്യക്ക് രണ്ടാം ഓവറില്‍ ഫോമിലുള്ള നായകന്‍ രോഹിത് ശര്‍മയെ നഷ്ടമായി. ആദ്യ ഓവറില്‍ കോഹ് ലിയുടെ മൂന്ന് ബൗണ്ടറിസഹിതം ഇന്ത്യ 15 റണ്‍സാണെടുത്തത്. എന്നാല്‍ രണ്ടാം ഓവറില്‍ തന്നെ ദക്ഷിണാഫ്രിക്ക സ്പിന്നറെ ഇറക്കി. ആദ്യ രണ്ട് പന്തുകളും ബൗണ്ടറി കടത്തിയ രോഹിത് നാലാം പന്തില്‍ വീണു. സ്‌ക്വയര്‍ ലെഗിലേക്ക് തിരിച്ചുവിട്ട പന്ത് എത്തിയത് ഹെന്റിച് ക്ലാസന്റെ കൈകളില്‍. ഒമ്പത് റണ്‍സുമായി രോഹിത് പവലിയനിലേക്ക്. അഞ്ച് പന്തില്‍നിന്ന് ഒമ്പത് റണ്‍സായിരുന്നു ഹിറ്റ്മാന്റെ സമ്പാദ്യം.
വണ്‍ഡൗണായെത്തിയ ഋഷഭ് പന്ത് സ്‌കോര്‍ ബോര്‍ഡ് ചലിക്കും മുമ്പ് തന്നെ മടങ്ങി. കേശവ് മഹാരാജിന്റെ പന്ത് ഋഷഭിന്റെ ബാറ്റില്‍ തട്ടി ഉയര്‍ന്നതോടെ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ കൈയിലൊതുങ്ങി. രണ്ട് ബോള്‍ നേരിട്ട് റണ്ണൊന്നും എടുക്കാതെയായിരുന്നു ഋഷഭിന്റെ മടക്കം. ഇന്ത്യ രണ്ട് ഓവറില്‍ 23 റണ്‍സിന് രണ്ടു വിക്കറ്റ്. മൂന്ന് പന്തുകള്‍ക്കിടെ രണ്ട് മുന്‍നിര ബാറ്റ്‌സ്മാന്‍മാരെ നഷ്ടമായതോടെ ഇന്ത്യ പ്രതിരോധത്തിലായി. ശ്രദ്ധയോടെ കളിച്ച സൂര്യകുമാര്‍ യാദവ് അഞ്ചാമത്തെ ഓവറിലും മടങ്ങി. റബാദ എറിഞ്ഞ അഞ്ചാമത്തെ ഓവറിലെ മൂന്നാം പന്ത് അതിര്‍ത്തി കടത്താന്‍ ശ്രമിച്ച സൂര്യയെ ബൗണ്ടറി ലൈനിന് സമീപം ക്ലാസന്‍ പിടിച്ച് പുറത്താക്കി. അഞ്ച് പന്തില്‍നിന്ന് മൂന്ന് റണ്‍സായിരുന്നു സൂര്യയുടെ സംഭാവന.
തുടര്‍ന്ന് ഒന്നിച്ചുചേര്‍ന്ന അക്‌സര്‍ പട്ടേലും കോഹ് ലിയും മികച്ച ഇന്നിങ്‌സിലൂടെ ഇന്ത്യയെ കരകയറ്റുകയാണെന്ന് തോന്നിയെങ്കിലും 14 ഓം ഓവറില്‍ ഈ കൂട്ടുകെട്ട് വേര്‍പ്പിരിഞ്ഞു. ശ്രമകരമായ സിംഗിളിന് ശ്രമിച്ച അക്‌സറിനോട് കോഹ് ലി മടങ്ങാന്‍ ആവശ്യപ്പെട്ടു. ക്രീസിലെത്തും മുമ്പ് ഡി കോക്കിന്റെ നേരിട്ടുള്ള ഏറില്‍ അക്‌സറിന്റെ സ്റ്റമ്പ് തെറിച്ചു. 31 പന്തില്‍നിന്ന് ഒരു ബൗണ്ടറിയും നാലുസിക്‌സറും സഹിതം 47 റണ്‍സാണ് അക്‌സര്‍ നേടിയത്. പിന്നീടെത്തിയ ശിവം ദുബെ ആത്മവിശ്വാസത്തോടെയാണ് കളിച്ചത്.
17 ാം ഓവറിലെ അഞ്ചാം പന്തില്‍ സിംഗിളെടുത്ത് കോഹ ്‌ലി ടൂര്‍ണമെന്റിലെ ആദ്യ ഫിഫ്ടി പൂര്‍ത്തിയാക്കി. ടീമിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ച് കോഹ് ലിയും മടങ്ങി. 19 ാം ഓവര്‍ എറിഞ്ഞ മാര്‍ക്കോ ജാന്‍സനെ സിക്‌സറടിച്ച കോഹ് ലി അടുത്ത പന്തും കൂറ്റനടിക്ക് ശ്രമിച്ചെങ്കിലും ലോങ് ഓണില്‍ കഗിസോ റബാദക്ക് ഈസി ക്യാച്ച് നല്‍കി മടങ്ങാനായിരുന്നു വിധി. 59 പന്ത് നേരിട്ട കോഹ് ലിയുടെ ഇന്നിങ്‌സിന് രണ്ട് സിക്‌സറിന്റെയും ആറു ബൗണ്ടറിയുടെയും ചാരുതയുമുണ്ടായിരുന്നു. അടുത്ത ഓവറില്‍ ശിവം ദുബെ മടങ്ങി. മൂന്ന് ബൗണ്ടറിയും സിക്‌സറും സഹിതം 16 പന്തില്‍ നിന്ന് 27 റണ്‍സ് നേടിയ ദുബെയെ ഡേവിഡ് മില്ലര്‍ ക്യാച്ച് ചെയ്ത് പുറത്താക്കി. രണ്ടുവീതം പന്തുകള്‍ നേരിട്ട രവീന്ദ്ര ജഡേജ രണ്ട് റണ്‍സെടുത്ത് പുറത്തായപ്പോള്‍, ഹാര്‍ദിക് പാണ്ഡ്യ അഞ്ച് റണ്‍സുമായി പുറത്താകാതെയും നിന്നു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി കേശവ് മഹാരാജും ആന്റിച്ച് നോര്‍ദ്യെയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് രണ്ടാമത്തെ ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. നാലുറണ്‍സെടുത്ത റീസ ഹെന്‍ഡ്രിക്‌സിനെ ബുംറ ബൗള്‍ഡാക്കി. ദക്ഷിണാഫ്രിക്ക ഏഴിന് ഒന്ന്. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം, ബുറയെ അതിര്‍ത്തിയിലേക്ക് പായിച്ച് തുടങ്ങിയെങ്കിലും അടുത്ത ഓവറില്‍ മടങ്ങി. അര്‍ഷദീപിന്റെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ചെങ്കിലും ബാറ്റില്‍ തട്ടിയ പന്ത് വിക്കറ്റിന് പിന്നില്‍ ഋഷഭ് പിടിച്ചുപുറത്താക്കി. അഞ്ച് പന്തില്‍നിന്ന് നാലുറണ്‍സായിരുന്നു ക്യാപ്റ്റന്റെ സംഭാവന.
ഡി കോക്കും സ്റ്റബ്‌സും ദക്ഷിണാഫ്രിക്കയെ കൈപ്പിടിച്ചുയര്‍ത്തുമെന്ന് കരുതിയെങ്കിലും ഈ കൂട്ടുകെട്ട് അക്‌സര്‍ പട്ടേല്‍ പൊളിച്ചു. പറത്തിയടിക്കാന്‍ ശ്രമിച്ച സ്റ്റബ്‌സിന്റെ വിക്കറ്റ് അക്‌സര്‍ തെറിപ്പിച്ചു. സ്റ്റബ്‌സ് 21 പന്തില്‍നിന്ന് 31 റണ്‍സെടുത്തു. ഈ സമയമത്രയും ഒരറ്റത്ത് പിടിച്ചുനിന്ന ഓപ്പണര്‍ ഡി കോക്കിനെ അര്‍ഷദീപ് പുറത്താക്കി. 31 പന്തില്‍നിന്ന് 39 റണ്‍സെടുത്ത ഡി കോക്കിനെ അര്‍ഷദീപ്, കുല്‍ദീപിന്റെ കൈകളിലെത്തിച്ചു. ഒരു സിക്‌സറും നാലു ബൗണ്ടറിയും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ അന്നിങ്‌സ്. പിന്നാലെ ടീമിന്റെ രക്ഷകനായി അവതരിച്ച ക്ലാസനെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കി. 27 പന്തില്‍നിന്ന് അഞ്ചു സിക്‌സറും രണ്ട് ബൗണ്ടറിയും സഹിതം 52 റണ്‍സെടുത്ത ക്ലാസനെ ഋഷഭിന്റെ കൈകളിലെത്തിക്കുകയായിരുന്നു. ഡേവിഡ് മില്ലര്‍ 21 പന്തില്‍നിന്ന് 31 റണ്‍സെടുത്തും പുറത്തായി.
IND vs SA, T20 World Cup 2024 Final: Suryakumar Yadav Changes The Game With Sensational Catch To Dismiss David Miller; VIDEO
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."