ജപ്തിക്കെത്തിയ ഉദ്യോഗസ്ഥരേയും പൊലിസുകാരേയും വീട്ടുകാര്‍ ആക്രമിച്ചു
വാഴവറ്റ: സെയില്‍ ടാക്‌സും കാര്‍ഷിക നികുതിയും കുടിശ്ശിക വരുത്തിയതിന് ജപ്തിക്കെത്തിയ ഉദ്യോഗസ്ഥരെയും പൊലിസുകാരെയും വീട്ടുകാര്‍ ആക്രമിച്ചു. നാല് വനിതാ പൊലിസുകാരടക്കം ആറ് പൊലിസുകാര്‍ക്കും റവന്യൂ ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റു.
സംഭവത്തില്‍ വാഴവറ്റ മൂങ്ങനാനിക്കല്‍ ആന്റോ അഗസ്റ്റിന്‍ (27), അമ്മ ഇത്താമ്മ അഗസ്റ്റിന്‍(68), ടെസ്സി റോജി(27), ഇവരുടെ സഹായികളായ രമേഷ്(47), ചന്ദ്രന്‍ (48), ജനാര്‍ദനന്‍(57) എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു. മീനങ്ങാടി, കമ്പളക്കാട് പൊലിസ് സ്‌റ്റേഷനുകളിലെ വനിതാ പൊലിസുകാരായ രജിത, സുലോചന, ഐഷ, ഐഷാബീ എന്നിവര്‍ക്കും ജോസഫ്, ബാബുരാജ് എന്നീ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാര്‍ക്കുമാണ് പരുക്കേറ്റത്. ചൊവ്വാഴ്ച പകല്‍ പതിനൊന്നോടെയായിരുന്നു സംഭവം. മുന്‍വര്‍ഷം ആന്റോ അഗസ്റ്റിയനും സഹോദരങ്ങളുംചേര്‍ന്ന് മാംഗോ എന്ന പേരില്‍ മൊബൈല്‍ ഫോണ്‍ വിപണിയിലിറക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ലോഞ്ചിങിന് തൊട്ടുമുമ്പ് ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട കേസില്‍ ഇവരെ പൊലിസ് അറസ്റ്റ് ചെയ്തു. കാര്‍ ബിസിനസ്സുമായി ബന്ധപ്പെട്ടാണ് സെയില്‍ടാക്‌സ് കുടിശ്ശികയായത്. കാര്‍ഷിക നികുതിയും കുടിശ്ശികയാക്കി. 1.0745352 കോടി രൂപയാണ്‌നികുതി കുടിശ്ശിക. നിരവധി തവണ നോട്ടീസ് നല്‍കിയിട്ടും തുക അടക്കാത്തതിനാലാണ് ജപ്തി നടപടികളിലേക്ക് നീങ്ങിയതെന്ന് റവന്യൂ അധികൃതര്‍ പറഞ്ഞു.
അമ്പലവയല്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശങ്കര്‍, മുട്ടില്‍ നോര്‍ത്ത്, സൗത്ത് വില്ലേജ് ഓഫിസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജപ്തി നടപടികള്‍ക്കായി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയത്. മീനങ്ങാടി എസ്.ഐ അബ്ബാസ് അലി, അഡീഷണല്‍ എസ്.ഐ സുകുമാരന്‍, എ.എസ്.ഐ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ പൊലിസും ഉണ്ടായിരുന്നു.
സംഘം വീട്ടുമുറ്റത്ത് കടന്നയുടന്‍ വീട്ടുകാര്‍ ഗേറ്റ് പൂട്ടി ആക്രമിച്ചു. പിന്നീട് കമ്പളക്കാട് സ്‌റ്റേഷനില്‍ നിന്നും കൂടുതല്‍ പൊലിസ് സ്ഥലത്തെത്തി ഗേറ്റിന്റെ പൂട്ടു തകര്‍ത്താണ് റവന്യു, പൊലിസ് ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ആന്റോ അഗസ്റ്റിയനെ അറസ്റ്റ് ചെയ്തു. പൊലിസ് ജീപ്പില്‍ ഇയാള്‍ പൊലിസുകാരെ ആക്രമിക്കുകയും വയര്‍ലെസ് സെറ്റ് തകര്‍ക്കുകയും ചെയ്തതായി പൊലിസ് പറഞ്ഞു. സീനിയര്‍ സിവില്‍ പൊലിസ് ഓഫിസറായ ജോസഫിന് ചവിട്ടേറ്റ് ഇടുപ്പെല്ലിന് പരുക്കേറ്റു. പിന്നീട് വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരെ അറസ്റ്റ് ചെയ്തു. ഇതിനിടയില്‍ ഇവര്‍ കടിച്ച് പരുക്കേല്‍പ്പിച്ചതായും പൊലിസ് പറഞ്ഞു. റവന്യൂ ഉദ്യോഗസ്ഥരെയും പൊലിസുകാരെയും ആക്രമിച്ചതിന് രണ്ട് കേസുകളും ഇവര്‍ക്കെതിരെയെടുത്തു. പിന്നീട് ഉച്ചയോടെ ഉദ്യോഗസ്ഥര്‍ വീട്ടുസാധനങ്ങള്‍ ജപ്തിചെയ്തു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."