മണ്‍ചട്ടിയിലാണോ പാചകം; ഇതെല്ലാം അറിഞ്ഞിരിക്കണം
നോണ്‍സ്റ്റിക്, സെറാമിക്, സ്റ്റീല്‍ പാത്രങ്ങള്‍ അടുക്കള ഭരിക്കുന്ന കാലത്താണ് നൊസ്റ്റാള്‍ജിയയുടെ പേരില്‍ നമ്മുടെ പഴയ മണ്‍ചട്ടിയുടെ റീഎന്‍ട്രി. മത്തി കിട്ടിയാല്‍ നല്ല നാടന്‍ ടേസ്റ്റില്‍ കറി വെക്കാന്‍ മണ്‍ചട്ടി തന്നെ വേണം മലയാളിക്ക്. പല അടുക്കളകളും ഇപ്പോള്‍ ഭരിക്കുന്നത് മണ്‍ചട്ടികളാണ്. ചോറും കറികളും മുതല്‍ തോരനും മെഴുക്കുപുരട്ടിയുമെല്ലാം ഇപ്പോള്‍ മണ്‍ചട്ടിയിലാണ് പാചകം. നോണ്‍സ്റ്റിക് പാത്രങ്ങളിലെ പാചകം ആരോഗ്യത്തിന് നല്ലതല്ല. അതിനാല്‍ പലരും ആരോഗ്യത്തിന് ഗുണം നല്‍കുന്ന മണ്‍ചട്ടികളിലേക്ക് മാറിത്തുടങ്ങിയിരിക്കുന്നു.
അങ്ങനെ അടുക്കളയിലേക്ക് മണ്‍ചട്ടികളെ തിരികെഎത്തിക്കാന്‍ ഉദ്ദേശിക്കുന്നവരെല്ലാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് പറയുന്നത്. ആവശ്യം നോക്കി വാങ്ങിക്കുന്നത് മുതല്‍ കറി വെച്ച് കഴുകി വെക്കുന്നതുവരെ വളരെ ശ്രദ്ധവേണം.
ആവശ്യമറിഞ്ഞുവേണം ചട്ടിവാങ്ങാന്‍. ചട്ടി വാങ്ങുമ്പോള്‍ നല്ലതാണോ എന്നറിയാന്‍ സൂര്യപ്രകാശത്തിന് നേരെ പിടിച്ചുനോക്കുക. പ്രകാശം കടന്നുവരുന്നതിന്റെ ലക്ഷണം കാണുന്നുണ്ടെങ്കില്‍ ചട്ടിയില്‍ പെട്ടെന്ന് ഓട്ട വീഴാനുള്ള സാധ്യത കൂടുതലാണ്.
പുതിയ മണ്‍ചട്ടിയ്ക്ക് മണ്‍ചുവയുണ്ടാകും. പാചകം ചെയ്തുകഴിഞ്ഞാല്‍ ഭക്ഷണത്തിനും ഈ ചുവയുണ്ടാകും. ഇതു മാറാനായി ഘട്ടംഘട്ടമായി ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. അതെങ്ങനെയാണെന്ന് നോക്കാം..
- വാങ്ങിയ ചട്ടി നന്നായി ചകിരി ഉപയോഗിച്ച് കഴുകിയ ശേഷം വെള്ളം ഒഴിച്ചു വെക്കുക.
-പിറ്റേ ദിവസം കഴുകി അതില്‍ കഞ്ഞിവെള്ളം നിറച്ചുവെക്കുക
-രണ്ട് ദിവസം ഇത് ആവര്‍ത്തിക്കുക.
-നാല് ദിവസങ്ങള്‍ക്ക് ശേഷം കഴുകി ഉണക്കിയെടുക്കുക. ഉള്ളിലും പുറത്തും വെളിച്ചെണ്ണ പുരട്ടിയ ശേഷം മൂന്ന് നാല് മണിക്കൂര്‍ വെയിലത്ത് വെക്കുക. ശേഷം കഴുകി എടുത്ത് ഉപയോഗിക്കാവുന്നതാണ്.
മറ്റ് ചില ടിപ്‌സുകള്‍
-മണ്‍ചട്ടികള്‍ സാധാരണയായി ചാരം ഉപയോഗിച്ചാണ് കഴുകിയിരുന്നത്. ചാരം കിട്ടിയില്ലെങ്കില്‍ ഡിഷ് വാഷ് ചകിരി ഉപയോഗിച്ച് കഴുകാം. സോപ്പ്, മെറ്റല്‍ സ്‌ക്രബ്ബര്‍ എന്നിവ ഉപയോഗിക്കാന്‍ പാടില്ല.
- ഒഴിഞ്ഞ പാത്രം ചൂടാക്കരുത്. പാത്രം അമിതമായി ചൂടാക്കുന്നത് വിള്ളലുണ്ടാക്കും. ഇടത്തരം തീയില്‍ മാത്രമേ മണ്‍ചട്ടിയില്‍ പാചകം ചെയ്യാന്‍ പാടുള്ളൂ.
- മണ്‍ചട്ടി ചൂടാകാന്‍ സമയമെടുത്തും. അതേപോലെ പാചകം കഴിഞ്ഞ ഉടനെ മണ്‍ചട്ടി തണുത്ത വെള്ളം ഉപയോഗിച്ച് കഴുകരുത്. തണുത്തതിന് ശേഷം കഴുകാം.
- ഗ്യാസ് സ്റ്റൗവില്‍ ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധ വേണം.
- വെജ്, നോണ്‍വെജ് എന്നിവയ്ക്ക് വേറെ വേറെ മണ്‍പാത്രങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.
-മണ്‍ചട്ടിയില്‍ ഈര്‍പ്പം നില്‍ക്കുന്നത് മൂലം അതില്‍ പൂപ്പല്‍ പിടിക്കാനുള്ള സാധ്യതയുണ്ട്. ഇത് തടയാന്‍ കഴുകിയ ശേഷം വെയിലത്ത് വെച്ച് മണ്‍പാത്രങ്ങള്‍ ഉണക്കുന്നത് ഗുണം ചെയ്യും.
- മാസത്തിലൊരിക്കല്‍ ഉണങ്ങിയ മണ്‍പാത്രങ്ങളില്‍ വെളിച്ചെണ്ണ പുരട്ടി വെയില്‍ കൊള്ളിക്കുന്നത് നല്ലതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."