മകനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കി: പിതാവിന് 96 വര്‍ഷം കഠിന തടവ്
മഞ്ചേരി: 12 വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ പിതാവിനെ മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി 96 വര്‍ഷം കഠിന തടവിനും 8.11 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയായ 42കാരനെയാണ് ജഡ്ജി എ.എം അഷ്റഫ് ശിക്ഷിച്ചത്. പോക്സോ ആക്ടിലെ രണ്ടു വകുപ്പുകളില്‍ 40 വര്‍ഷം വീതം തടവ്, മൂന്ന് ലക്ഷം രൂപ വീതം പിഴ എന്നിങ്ങനെയാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ഇരു വകുപ്പുകളിലും നാല് മാസം വീതം അധിക തടവ് അനുഭവിക്കണം.
പ്രകൃതി വിരുദ്ധ പീഡനം നടത്തിയതിന് 10 വര്‍ഷവും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്നു വര്‍ഷവും കഠിന തടവ് അനുഭവിക്കണം. ഇരു വകുപ്പുകളിലും ഒരു ലക്ഷം രൂപ വീതം പിഴയും പിഴയടക്കാത്ത പക്ഷം രണ്ടു മാസം വീതം അധിക തടവും അനുഭവിക്കണം. കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് രണ്ട് വര്‍ഷം കഠിന തടവ് 10,000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ ഒരു മാസം അധിക തടവ്, തടഞ്ഞുവെച്ചതിന് ഒരു വര്‍ഷം കഠിന തടവ് 1,000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ 15 ദിവസത്തെ തടവ് എന്നിങ്ങനെയും ശിക്ഷയുണ്ട്. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പ്രതി പിഴയടക്കുന്ന പക്ഷം തുക പീഡനത്തിനിരയായ കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു. അതൊടൊപ്പം സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്ന് കുട്ടിക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് കോടതി ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് നിര്‍ദേശവും നല്‍കി.
അരീക്കോട് നിന്ന് വിവാഹം കഴിച്ച പ്രതി കുടുംബത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിപ്പിക്കുകയായിരുന്നു. വടകരയില്‍ ഹോട്ടല്‍ ജോലി ചെയ്തു വരികയായിരുന്ന പ്രതി മാസത്തില്‍ മൂന്നു ദിവസം അവധിയെടുത്ത് വീട്ടിലെത്തുകയാണ് പതിവ്. വീട്ടുജോലി ചെയ്തുവരുന്ന ഭാര്യ ജോലിക്ക് പോകുന്ന സമയത്താണ് പീഡനം. വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭിഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 2022 ഏപ്രില്‍ 14ന് പ്രതി വീട്ടിലുള്ളപ്പോള്‍ ഭാര്യ ജോലി സ്ഥലത്തു നിന്ന് ഉച്ചക്ക് വീട്ടിലെത്തി. ഈ സമയം കിടപ്പു മുറിയില്‍ അവശനായി കിടക്കുന്ന മകനെ കണ്ടു. മകനോട് ചോദിച്ചതിലാണ് 2021 ഫെബ്രുവരി മാസം മുതല്‍ നടന്നു വരുന്ന പീഡന വിവരം അറിയുന്നത്. എന്നാല്‍ വീട്ടമ്മ ഇക്കാര്യം പുറത്തു പറഞ്ഞില്ല. രണ്ടു മാസം കഴിഞ്ഞപ്പോള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ മാതാവ് മാനസിക രോഗ വിഭാഗത്തില്‍ കാണിച്ചു. കുട്ടിയില്‍ നിന്ന് വിവരമറിഞ്ഞ സൈക്കോളജിസ്റ്റ് അരീക്കോട് പൊലീസിന് വിവരം കൈമാറുകയായിരുന്നു.
2022 ജൂണ്‍ 18ന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പിറ്റേന്നു തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. അരീക്കോട് പൊലീസ് ഇന്‍സ്പെക്ടര്‍മാരായിരുന്ന സി.വി ലൈജുമോന്‍, അബ്ബാസലി, സബ് ഇന്‍സ്പെക്ടര്‍ എം.കബീര്‍ എന്നിവരാണ് കേസന്വേഷണം നടത്തിയത്. വിചാരണ പൂര്‍ത്തിയാക്കും വരെ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിര്‍ത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും തനിക്ക് അടിയന്തിരമായി ശസ്ത്രക്രിയ ആവശ്യമായി വന്നിരിക്കുന്നുവെന്ന് കാണിച്ച് പ്രതി നല്‍കിയ അപേക്ഷയില്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു.
പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.സോമസുന്ദരന്‍ 18 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 19 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിങ്ങിലെ അസി.സബ് ഇന്‍സ്പെക്ടര്‍മാരായ എന്‍. സല്‍മ, പി. ഷാജിമോള്‍ എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."