യാത്രക്കിടെ കാമുകിയുടെ ബാഗ് നഷ്ടമായി; വിമാനക്കമ്പനികളുടെ ഉത്തരവാദിത്വമില്ലായ്മക്ക് പൂട്ടിടാൻ വെബ്‌സൈറ്റ് തയ്യാറാക്കി കാമുകൻ
യാത്ര ചെയ്യുമ്പോൾ നമ്മുടെ ബാഗ് നഷ്ടമാകുന്നതായി ഒന്ന് സങ്കൽപ്പിച്ച് നോക്കൂ. സങ്കൽപ്പിക്കാൻ പോലും അത്ര എളുപ്പമല്ലാത്ത ഇക്കാര്യം അനുഭവിക്കുന്ന നിരവധി മനുഷ്യർ നമുക്ക് ചുറ്റും ഉണ്ട്. പ്രത്യേകിച്ച് വിമാന യാത്രകളിൽ നിരവധി പേർക്കാണ് ലഗേജ് നഷ്ടമാകാറുള്ളത്. വിലപിടിപ്പുള്ള വസ്തുക്കൾ മുതൽ അവശ്യസാധനങ്ങൾ വരെ നഷ്ടമാകുന്നത് പല എയർലൈനുകളിലും സ്ഥിരം സംഭവമാണെന്ന സത്യം പീറ്റർ ലെവൽസ് എന്ന വ്യക്തി അറിഞ്ഞത് തന്റെ കാമുകിയുടെ ലഗേജ് ഒരു യാത്രക്കിടെ നഷ്ടമായപ്പോഴാണ്. എന്നാൽ എല്ലാവരെയും പോലെ പരാതികളുമായി മുന്നോട്ട് പോകാരനല്ലായിരുന്നു പീറ്റർ ലെവൽസിന്റെ തീരുമാനം. പക്ഷേ ആ തീരുമാനം കാര്യങ്ങൾ മൊത്തം മാറ്റി മറിച്ചിരിക്കുകയാണ്.
ലഗേജ് നഷ്ടമാകുമ്പോൾ പലരും അത് ലഭിക്കാതെ പിന്നീട് ഒഴിവാക്കി കളയുകയാണ് ചെയ്യാറുള്ളത്. വ്യക്തിപരമായ കാര്യമായതിനാൽ മറ്റുളളവർ ഇതൊന്നും അറിയാറുമില്ല. എന്നാൽ ഇനി കാര്യങ്ങൾ അങ്ങനെയാകില്ല. ഇക്കാര്യത്തിൽ നിസ്സംഗത പുലർത്തുന്ന വിമാന കമ്പനികളെ കാത്തിരിക്കുന്നത് മുട്ടൻ പണിയായിരിക്കും. ടെക്ക് സംരംഭകനായ പീറ്റർ ലെവൽസ് തന്‍റെ നിരന്തര പരിശ്രമത്തിലൂടെ ഒരു വെബ്‌സൈറ്റാണ് ഇതിനായി ഉണ്ടാക്കിയത്. ഇതുവഴി എയര്‍ലൈനുകളെ ട്രാക്ക് ചെയ്യാനും അവയെ റാങ്ക് ചെയ്യാനും യാത്രക്കാര്‍ക്ക് സാധിക്കും. നിരന്തരം റാങ്ക് കുറഞ്ഞുവരുന്ന വിമാനങ്ങൾ യാത്രക്കാർ ഒഴിവാക്കാൻ തുടങ്ങിയാൽ വിമാന കമ്പനികളെ കാത്തിരിക്കുന്നത് വൻ നഷ്ടമാകും.
'ലഗേജ് ലൂസേഴ്‌സ്' എന്നാണ് വെബ്സൈറ്റിന്‍റെ പേര്. സൈറ്റിൽ കയറിയാൽ യാത്രക്കാർക്ക് തങ്ങളുടെ പരാതികൾ രേഖപ്പെടുത്താനും അതിന്‍റെ അടിസ്ഥാനത്തിൽ എയർലൈനുകളെ റാങ്ക് ചെയ്യാനുള്ള സൗകര്യം ഉണ്ട്. റാങ്ക് കുറഞ്ഞ് വരുന്നത് വിമാനകമ്പനികൾക്ക് സ്വയം നന്നാവാനും ഉള്ള അവസരമാകും.
അതേസമയം, സ്‌പെയിനിലെ വ്യൂലിംഗ് എയർലൈൻസിലാണ് പീറ്റർ ലെവൽസിന്‍റെ കാമുകിയുടെ സ്യൂട്ട്കേസ് കാണാതായത്. എന്നാല്‍ 'ലഗേജ് ലൂസേഴ്‌സ്' എന്ന സൈറ്റ് പ്രവര്‍ത്തന സജ്ജമായപ്പോള്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ ഉയർന്നത് ഇന്ത്യൻ വിമാനകമ്പനികളെ കുറിച്ചാണ്. എയർ ഇന്ത്യ, സ്പൈസ് ജെറ്റ് തുടങ്ങിയ ഇന്ത്യൻ എയർലൈൻസുകള്‍ക്കെതിരെയാണ് കൂടുതൽ പരാതികളും ലഭിക്കുന്നത്. വെബ്‌സൈറ്റ് പ്രകാരം, ലഗേജ് കേസുകൾ നഷ്ടപ്പെട്ടവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എയർ ഇന്ത്യയാണ്. കാനഡയിലെ വെസ്റ്റ് ജെറ്റ് എയർലൈൻസ് ആണ് തൊട്ടുപിന്നിൽ. യുകെയിലെ ബ്രിട്ടീഷ് എയർവേയ്‌സ്, സ്‌പെയിനിലെ ഐബീരിയ തുടങ്ങിയവരും പട്ടികയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."