ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 8600 വിദ്യാര്‍ഥികളെ, തകര്‍ത്തത് 400ലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
ഗസ്സ: ഒക്ടോബര്‍ ഏഴു മുതല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇസ്‌റാഈല്‍ ഫലസ്തീനില്‍ ഇല്ലാതാക്കിയത് 9000ത്തോളം വിദ്യാര്‍ഥികളെ. ഗസ്സ മുനമ്പില്‍ മാത്രം 8,572 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായി പാലസ്തീനിയന്‍ വാര്‍ത്താ ഏജന്‍സി വഫ റിപ്പോര്‍ട്ട് ചെയ്യുന്നു. വെസ്റ്റ് ബാങ്കില്‍ മാത്രം 100 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 14,089 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിനെല്ലാം പുറമേ 349 വിദ്യാര്‍ഥികളെ ഇസ്‌റാഈല്‍ തടവിലാക്കിയിട്ടുമുണ്ട്. 497 അധ്യാപകരും അഡ്മിനിസിട്രേറ്റേഴ്‌സും കൊല്ലപ്പെട്ടിട്ടുണ്ട്. 3,402 പേര്‍ക്ക് പരുക്കേല്‍ക്കുകയും 109 പേരെ തടവിലാക്കുകയും ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
353 സര്‍ക്കാര്‍ സ്‌കൂളുകളും സര്‍വകലാശാലകളുമാണ് ഇസ്‌റാഈല്‍ നശിപ്പിച്ചത്. യു.എന്നിന്റെ കീഴിലുള്ള 65 വിദ്യാഭ്യാസ സ്ഥാപനങ്ങളും തകര്‍ത്തു. ഇതില്‍ 93 സ്‌കൂള്‍ കെട്ടിടങ്ങളും പൂര്‍ണമായും തകര്‍ക്കപ്പെട്ടതാണ്. 139 കെട്ടിടങ്ങള്‍ ഭാഗികമായും തകര്‍ത്തു. വെസ്റ്റ് ബാങ്കില്‍ 57 സ്‌കൂളുകള്‍ നശിപ്പിച്ചിട്ടുണ്ട്. ആറ് ലക്ഷത്തിലേറെ (620,000) വിദ്യാര്‍ഥികള്‍ തങ്ങളുടെ ഭാവിയടഞ്ഞ അവസ്ഥയിലാണ്. കുട്ടികളെല്ലാം മാനസികമായി ട്രോമ നേരിടുകയാണ്. ശാരീരികമായ ആരോഗ്യ പ്രശ്‌നങ്ങളും അനവധി.
ദിനംപ്രതി മരണ സംഖ്യ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ് ഗസ്സയില്‍. 37,925 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 87,141 പേര്‍ക്ക് പരുക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."