വ്യാജ ആർ.സി നിർമാണം: പരിവാഹനി'ലെ ഫെയ്സ്ലെസ് ആപ്ലിക്കേഷൻ മറയാക്കി
കണ്ണൂർ: വായ്പാ തിരിച്ചടവു തെറ്റിയ വാഹനം പിടിച്ചെടുത്ത് ലേലം ചെയ്യാനുള്ള അധികാരത്തിനു മൂക്കുകയർ വീണതോടെ, വാഹനങ്ങൾ വിൽക്കാൻ കുറുക്കുവഴി തേടി സ്വകാര്യ ധനകാര്യസ്ഥാപനങ്ങൾ. മോട്ടോർ വാഹന വകുപ്പിൻ്റെ പരിവാഹൻ സോഫ്റ്റ്വെയറിലെ ഫെയ്സ്ലെസ് ആപ്ലിക്കേഷൻ സൗകര്യം ദുരുപയോഗം ചെയ്താണ് അടവു തെറ്റി പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഉടമസ്ഥാവകാശം മാറ്റി വിൽപന നടത്തുന്നത്. ഫെയ്സ്ലെസ് ആപ്ലിക്കേഷൻ വഴി ആർ.സിയുടെ ചിത്രം അപ് ലോഡ് ചെയ്ത് ഉടമസ്ഥാവകാശം മാറ്റാനോ ആഡ്രസ് മാറ്റാനോ സാധിക്കുമെന്നതാണ് ഇവർക്ക് തുണയാകുന്നത്.
ഇ.എം.ഐ തെറ്റിയതിന്റെ പേരിൽ പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ ആർ.സി, ഉടമ നൽകിയില്ലെങ്കിൽ ഡ്യൂപ്ലിക്കേറ്റിന് ആർ.ടി ഓഫിസിൽ അപേക്ഷ നൽകുകയായിരുന്നു മുമ്പ് പതിവ്. പുതിയ ആർ.സി കിട്ടിയ ഉടൻ ഇവരുടെ ഇഷ്ടാനുസാരം ലേലം ചെയ്യാമായിരുന്നു. അഞ്ചുലക്ഷം രൂപ മാർക്കറ്റ് വിലയുള്ള വാഹനത്തിന് നാലുലക്ഷമായിരിക്കും ബാധ്യത. അഞ്ചുലക്ഷത്തിന് ലേലം ചെയ്തിട്ട് നാലുലക്ഷം ബാധ്യത കഴിച്ച് ഒരു ലക്ഷം ഉടമയ്ക്ക് കൊടുക്കണമെന്നാണ് നിയമം. എന്നാൽ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ അഞ്ചുലക്ഷം വിലയുള്ള വാഹനം മൂന്നുലക്ഷത്തിന് ലേലം ചെയ്തെന്ന് രേഖ ഉണ്ടാക്കും. ഉടമയുടെ നാലുലക്ഷത്തിൻ്റെ ബാധ്യതയിൽ മൂന്നുലക്ഷം വരവു വച്ച് ഒരു ലക്ഷത്തിന് വീണ്ടും കേസ് കൊടുക്കും. ഈ തട്ടിപ്പിനു തടയിടാൻ മോട്ടോർവാഹനവകുപ്പ് ജുഡീഷ്യൽ അതോറിറ്റിയെ നിയോഗിച്ചിരുന്നു. അവരാണ് വാഹനം ലേലം ചെയ്യുക. ഫൈനാൻസറുടെ ബാധ്യത കഴിഞ്ഞുള്ള തുക ഉടമയ്ക്ക് കിട്ടും.
പുതിയ നിയമം വന്നതോടെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ പിടിച്ചെടുക്കുന്ന വാഹനങ്ങൾ ലേലം ചെയ്യുന്നില്ല. പകരം വാഹനം നിയമവിരുദ്ധമായി മറ്റൊരാൾക്ക് വിൽക്കുന്നതായാണ് മോട്ടോർവാഹനവകുപ്പിന്റെ കണ്ടെത്തൽ. പരിവാഹൻ സോഫ്റ്റ്വെയറിലെ ഫെയ്സ്ലെസ് ആപ്ലിക്കേഷൻ സൗകര്യം ഉപയോഗിച്ച് ഇവർ പേരുമാറാൻ ഓൺലൈനിൽ അപേക്ഷ സമർപ്പിക്കുന്നു. ഫെയ്സ്ലെസ് ആപ്ലിക്കേഷനിൽ ഉടമ ഓഫിസിൽ വരികയോ ആർ.സി ഉൾപ്പെടെ എന്തെങ്കിലും രേഖകൾ സമർപ്പിക്കുകയോ വേണ്ട. ഫെയ്സ്ലെസ് വഴിയുള്ള അപേക്ഷയ്ക്ക് ആർ.സിയുടെ ഫോട്ടോ അപ്ലോഡ് ചെയ്താൽ മതി. അതിനായി കമ്പ്യൂട്ടറിൽ വ്യാജമായി ആർ.സി തയാറാക്കി ഫോട്ടോ അപ് ലോഡ് ചെയ്യും.
വാഹനം വിൽക്കാനുള്ള പേപ്പറുകൾ വായ്പ കൊടുക്കുന്ന സമയത്ത് ഒപ്പിട്ട് വാങ്ങുന്നതിനാൽ മറ്റു തടസങ്ങളുമില്ല. ഫെയ്സ്ലെസ് ആപ്ലിക്കേഷനിൽ ഉടമ മരിച്ചു പോയ വാഹനത്തിന്റെ ഉടമസ്ഥത മാറ്റാനുള്ള ഓപ്ഷൻ സെലക്ട് ചെയ്താൽ പേര് മാറുന്നതിനുള്ള ഒ.ടി.പി ഉടമയ്ക്ക് പോകില്ലെന്ന പ്രത്യേകതയുമുണ്ട്. വാങ്ങുന്ന ആളുടെ ഫോണിലെ ഒ.ടി.പി മാത്രം മതി. ആർ.ടി ഓഫിസിൽ ഓൺലൈനിൽ ലഭിക്കുന്ന ഈ അപേക്ഷകൾ പരിശോധിക്കാനുള്ള അവസരവും ഇല്ല. ഫെയ്സ്ലെസ് ആപ്ലിക്കേഷനിലൂടെ ഒരു വാഹനത്തിന്റെ ആർ.സിയുടെ ഫോട്ടോ മൊബൈൽ ഫോണിൽ എടുത്താൽ ഇതുപയോഗിച്ച് ഉടമ അറിയാതെ വാഹനം സ്വന്തം പേരിലേക്കോ മറ്റാരുടെയെങ്കിലും പേരിലേക്കോ ഇതേരീതിയിൽ മാറ്റാനും കഴിയുമെന്ന് മോട്ടോർവാഹനവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇത്തരത്തിൽ വ്യാജ ആർ.സി തയാറാക്കിയ സംഭവത്തിൽ ഇൗയിടെ മലപ്പുറം തിരൂരങ്ങാടിയിൽ കേസെടുത്തിരുന്നു.
parivahan faceless services Lead to Fake RC Construction
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."