കടൽക്ഷോഭത്തിൽ ഗതികെട്ട് ചെല്ലാനത്തെ ജനത; ഇന്ന് ഹർത്താൽ, തീരദേശപാത ഉപരോധിക്കുന്നു
കൊച്ചി: കടൽക്ഷോഭം രൂക്ഷമായതോടെ ദുരിതത്തിലായ ചെല്ലാനത്തെ ജനത സമരം വീണ്ടും സജീവമാക്കുന്നു. കടലാക്രമണത്തെ തടുക്കാൻ ടെട്രാപോഡ് കടൽഭിത്തി വേണമെന്ന് ആവശ്യപ്പെട്ട് ചെല്ലാനത്ത് ഇന്ന് ഹർത്താൽ നടത്തും. ചെല്ലാനം കണ്ണമാലി പ്രദേശത്ത് തീരദേശപാത ഉപരോധിച്ച് സമരം പുരോഗമിക്കുകയാണ്. ചെല്ലാനം - കൊച്ചി ജനകീയ വേദിയുടെ നേതൃത്വത്തിലാണ് സമരം. ഹർത്താൽ രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയാണ്.
കണ്ണമാലി, ചെറിയ കടവ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ കടൽക്ഷോഭം നേരിടാൻ ടെട്രൊപോഡ്, പുലിമുട്ട് എന്നിവ വേണമെന്നാണ് ആവശ്യം. ഇവിടെ സംരക്ഷണത്തിന് ഒന്നാംഘട്ടത്തിൽ കിഫ്ബി വഴി 344 കോടി രൂപയുടെ പദ്ധതിയ്ക്ക് അനുമതി ലഭിച്ചിരുന്നു. എന്നാൽ പദ്ധതി നിർവഹണം അനിശ്ചിതത്വത്തിലായതോടെ ജനകീയ വേദി വീണ്ടും സമരത്തിലേക്ക് കടക്കുകയായിരുന്നു.
ദീർഘനാളായുള്ള സമരത്തിന്‍റെ ഭാഗമായി നേരത്തെ ചെല്ലാനം മുതൽ പുതിയതോട് വരെ ഏഴ് കിലോമീറ്റർ ദൂരത്തിൽ നിലവിൽ ടെട്രാപോഡ് സ്ഥാപിച്ചിട്ടുണ്ട്. ഈ ഭാഗത്ത് കടൽക്ഷോഭത്തിന് വലിയ തോതിൽ ആശ്വാസമുണ്ട്. എന്നാൽ ഇതിനു ശേഷമുള്ള കണ്ണമാലി, ചെറിയ കടവ് അടക്കമുള്ള ഭാഗങ്ങളിൽ ഉൾപ്പടെ ടെട്രാപോഡ് വേണമെന്നാണ് ആവശ്യം. ഈ ഭാഗത്ത് ഇത്തവണത്തെ കടൽക്ഷോഭത്തിൽ മാത്രം അഞ്ച് വീടുകളാണ് തകർന്നത്. നിരവധി വീടുകളിൽ വെള്ളം കയറുകയും ചെയ്തു.
പൂർണമായി ടെട്രാപോഡ് സ്ഥാപിക്കാത്തതിനാൽ മറുവശത്ത് കടൽക്ഷോഭം രൂക്ഷമാകുന്നുവെന്ന് സമര സമിതി പറയുന്നു. സ്ഥലം എംഎൽഎ ഉള്‍പ്പെടെ പ്രശ്‌നത്തിൽ ഇടപെടുന്നില്ലെന്നും സമിതി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."