ഷാര്‍ജയില്‍ 65,000 വിദേശ സ്ഥാപനങ്ങള്‍; വളര്‍ച്ച 6.5%, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് എമിറേറ്റ് വിപണികള്‍ അനുയോജ്യമായ ലക്ഷ്യ സ്ഥാനങ്ങള്‍
ഷാര്‍ജ: 2023ല്‍ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ (ജി.ഡി.പി) 6.5 ശതമാനം വളര്‍ച്ച കൈവരിച്ചതിന്റെ ആകര്‍ഷണീയതില്‍ മുന്നേറുന്ന ഷാര്‍ജയുടെ വിവിധ വിപണികളിലും ഫ്രീസോണുകളിലും ഇന്ന് 65,000 സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഫോറീന്‍ ഡയരക്ട് ഇന്‍വെസ്റ്റ്മെന്റ് (എഫ്.ഡി.ഐ) ഓഫിസായ ഇന്‍വെസ്റ്റ് ഇന്‍ ഷാര്‍ജ അധികൃതര്‍ അറിയിച്ചു.
ഇതുകൊണ്ടു തന്നെ, എമിറേറ്റിലേക്ക് പ്രമുഖ ബിസിനസ് സ്ഥാപനങ്ങളുടെയും നിക്ഷേപകരുടെയും ഒഴുക്ക് തുടരുന്നുവെന്നും അധികൃതര്‍ അവകാശപ്പെട്ടു. 2021 മുതല്‍ എമിറേറ്റിന്റെ ജി.ഡി.പിയില്‍ ക്രമാനുഗത വളര്‍ച്ച ദൃശ്യമാണ്. ഷാര്‍ജയിലെ സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് കമ്യൂണിറ്റി ഡെവലപ്മെന്റ് ഡിപാര്‍ട്മെന്റ് (ഡി.എസ്.സി.ഡി) റിപ്പോര്‍ട്ട് പ്രകാരം, 2022ലെ 136.4 ബില്യണ്‍ ദിര്‍ഹമോടെ 4.9 ശതമാനമായിരുന്ന വളര്‍ച്ചാ നിരക്ക് കഴിഞ്ഞ വര്‍ഷം ഏകദേശം 145.2 ബില്യണ്‍ ദിര്‍ഹമോടെ 6.5 ശതമാനത്തിലെത്തിയത്.
വളര്‍ച്ചയും സുസ്ഥിരതയും തേടുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എസ്.എം.ഇ) എമിറേറ്റിന്റെ വിപണികള്‍ അനുയോജ്യമായ ലക്ഷ്യ സ്ഥാനങ്ങളാണെന്നും ഇന്‍വെസ്റ്റ് ഇന്‍ ഷാര്‍ജ പറഞ്ഞു. ഇത് പ്രാദേശിക, ആഗോള വിപണികളിലേക്കുള്ള വികാസം പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം വാഗ്ദാനം ചെയ്യുന്നതാണ്.
വൈവിധ്യ നയങ്ങള്‍, സന്തുലിത സാമ്പത്തിക മേഖലകള്‍, നൂതന വ്യവസായങ്ങള്‍, സാങ്കേതിക വിദ്യ, വാണിജ്യ സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയാണ് ഇതിന്റെ വിജയത്തിന് കാരണമായതെന്നും ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു.
നിക്ഷേപകരും പ്രാദേശിക സമ്പദ് വ്യവസ്ഥയും തമ്മിലുള്ള പങ്കാളിത്തം ഉള്‍പ്പെടെ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഇന്‍വെസ്റ്റ് ഇന്‍ ഷാര്‍ജ നിരവധി തന്ത്രങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതില്‍ നിക്ഷേപകരെ സാമ്പത്തിക വികസനത്തില്‍ ഉള്‍പ്പെടുത്തുകയും വ്യവസായം, വാണിജ്യം, ഊര്‍ജം തുടങ്ങിയ വാഗ്ദാന മേഖലകളില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഗ്ലാസ് വ്യവസായത്തില്‍ മുന്‍നിരയിലുള്ള പ്യൂര്‍ഗ്ലാസ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഷാര്‍ജയെ പ്രഥമ മേഖലാ ഉല്‍പാദന ആസ്ഥാനമായി തിരഞ്ഞെടുത്തിരിക്കുകയാണ്. ഷാര്‍ജ സജ്ജാ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ 1,000 ചരുരശ്ര മീറ്ററില്‍ പ്രതിദിന ഉല്‍പാദന ശേഷിയോടെ മൊത്തം 10,000 ചതുരശ്ര മീറ്ററില്‍ സൗകര്യങ്ങള്‍ സ്ഥാപിക്കാന്‍ ഈ കമ്പനി ഏകദേശം 50 ദശലക്ഷം ദിര്‍ഹം നിക്ഷേപിച്ചിട്ടുണ്ട്. ഊര്‍ജ, കാലാവസ്ഥാ, സുസ്ഥിരതാ മേഖലകളില്‍ സ്വാധീനം ചെലുത്തുന്ന കമ്പനികളെ ആകര്‍ഷിക്കാനും തങ്ങള്‍ ശ്രമിക്കുന്നുവെന്നും ബന്ധപ്പെട്ട അധികൃതര്‍ വെളിപ്പെടുത്തി. അതുപോലെ, ഐ.പി.ടി എനര്‍ജി പവര്‍ ട്രേഡിംഗ് എല്‍.എല്‍.സി ഷാര്‍ജയില്‍ തങ്ങളുടെ ബിസിനസ് വിപുലീകരിക്കാന്‍ 40 ദശലക്ഷം ദിര്‍ഹം നിക്ഷേപിച്ചിട്ടുണ്ട്. 2025-2026ഓടെ ഈ നിക്ഷേപം 80 ദശലക്ഷം ദിര്‍ഹമായി ഇരട്ടിയാക്കാന്‍ കമ്പനി ലക്ഷ്യമിടുന്നുണ്ട്.
വ്യവസായവും വാണിജ്യവുമാണ് ഷാര്‍ജയുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമെന്ന് പറഞ്ഞ ഇന്‍വെസ്റ്റ് ഇന്‍ ഷാര്‍ജ, എമിറേറ്റിന്റെ സമ്പദ് വ്യവസ്ഥയുടെ 24 ശതമാനം 34.8 ബില്യണ്‍ ദിര്‍ഹം മൂല്യമുള്ള മൊത്ത, ചില്ലറ വ്യാപാര മേഖല പ്രവര്‍ത്തിച്ചു വരുന്നുവെന്നും വ്യക്തമാക്കി. ഈ വ്യാവസായിക-വാണിജ്യ ആകര്‍ഷണം കണക്കിലെടുത്ത് ഫ്ളോറിങ്, ഓഫിസ് ഫര്‍ണിചര്‍ നിര്‍മാതാക്കളായ അലക്സാണ്ട്രിയ ഇന്റര്‍നാഷണല്‍ ഷാര്‍ജയില്‍ 74,000 ചതുരശ്ര മീറ്റര്‍ ലോജിസ്റ്റിക്സ് വിതരണ കേന്ദ്രം തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."