കെ.എസ്.ഇ.ബി ഓഫിസ് അതിക്രമത്തിന്റെ പേരില്‍ വിച്ഛേദിച്ച വൈദ്യുതി പുന: സ്ഥാപിക്കുമെന്ന് മന്ത്രി; സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു
കോഴിക്കോട്: തിരുവമ്പാടിയില്‍ കെ.എസ്.ഇ.ബി ഓഫിസില്‍ ആക്രമണം നടത്തിയതിന്റെ പേരില്‍ വിച്ഛേദിച്ച വൈദ്യുതി പുനസ്ഥാപിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇതിനുള്ള നിര്‍ദേശം ചെയര്‍മാനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വൈദ്യുതി പുനസ്ഥാപിക്കാനെത്തുമ്പോള്‍ ജീവനക്കാരെ ആക്രമിക്കില്ലെന്ന് ഉറപ്പ് വരുത്തുമെന്നും പൊലിസിന്റെ ഉറപ്പ് കിട്ടിയാല്‍ ഇന്ന് തന്നെ വൈദ്യുതി പുനസ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഭവത്തില്‍ ഒരാഴ്ച്ചകകം മറുപടി നല്‍കണമെന്ന് കെ.എസ്.ഇ.ബിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രഥമ ദൃഷ്ട്യാ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്ന് കമ്മിഷന്‍ കണ്ടെത്തി.
വൈദ്യുതി ബില്ല് അടക്കാത്തതിനെ തുടര്‍ന്ന് ഈ വ്യാഴാഴ്ചയാണ് തിരുവമ്പാടിയിലെ റസാഖിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. ഓണ്‍ലൈനായി ബില്ലടച്ച ശേഷം റസാഖിന്റെ മകന്‍ അജ്മല്‍ ഉടന്‍ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇന്നലെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയത്. ജീവനക്കാര്‍ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ വൈകിയതുമായി ബന്ധപ്പെട്ട് അജ്മലും ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടായി. കെ.എസ്.ഇ.ബി ലൈന്‍മാന്‍ പി. പ്രശാന്ത്, സഹായി എം.കെ അനന്തു എന്നിവരെ കൈയേറ്റം ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
ഇതു സംബന്ധിച്ച് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ തിരുവമ്പാടി പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കി. അതിനുള്ള പ്രതികാരമായാണ് അജ്മല്‍ കൂട്ടാളി ഷഹദാദുമൊത്ത് ഇന്നലെ രാവിലെ തിരുവമ്പാടി സെക്ഷന്‍ ഓഫിസിലെത്തി അസിസ്റ്റന്റ് എന്‍ജിനീയറുള്‍പ്പെടെയുള്ള ജീവനക്കാരെ മര്‍ദിക്കുകയും ഓഫിസ് തകര്‍ക്കുകയും ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കുകയും ചെയ്തത്.
പിന്നാലെ ഇയാളുടെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാന്‍ കെ.എസ്.ഇ.ബി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ ഉത്തരവിട്ടു. സ്ഥിരം വൈദ്യുതി ബില്‍ കുടിശിക വരുത്തുകയും ഡിസ്‌കണക്റ്റ് ചെയ്യാന്‍ വരുന്ന ലൈന്‍മാനെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പതിവാണെന്ന് കെ.എസ്.ഇ.ബി ജീവനക്കാര്‍ പറഞ്ഞു. മര്‍ദ്ദനമേറ്റ അസി. എന്‍ജിനീയറും നാല് ജീവനക്കാരും മുക്കം ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമികള്‍ക്കെതിരെ തിരുവമ്പാടി പൊലിസ് കേസെടുത്തിട്ടുണ്ട്.
നഷ്ടം നികത്തിയ ശേഷം വൈദ്യുത ബന്ധം പുനഃസ്ഥാപിക്കുന്ന കാര്യം പരിഗണിക്കാമെന്നായിരുന്നു ബോര്‍ഡിന്റെ നിലപാട്. പ്രതിഷേധത്തിന് പിന്നാലെയാണ് വൈദ്യുതി പുനസ്ഥാപിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."