'ആക്രമിക്കില്ലെന്ന് ഉറപ്പുതരൂ,എങ്കില്‍ ഇന്നുതന്നെ വൈദ്യുതി പുനസ്ഥാപിക്കാം-' കെഎസ്ഇബി
കോഴിക്കോട്: കെഎസ്ഇബി ജീവനക്കാരെയോ ഓഫീസോ ആക്രമിക്കില്ലെന്ന് ഉറപ്പ് നല്‍കിയാല്‍ അജ്മലിന്റെ വീട്ടിലെ വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് കെ.എസ്.ഇ.ബി. കെ എസ് ഇ ബി ജീവനക്കാരെയോ ഓഫീസിനെയോ ഇനി ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാല്‍ പ്രസ്തുത ഭവനത്തിലെ വൈദ്യുതി കണക്ഷന്‍ പുന:സ്ഥാപിക്കാന്‍ ബഹു. വൈദ്യുതി വകുപ്പ് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അത്തരത്തില്‍ ഒരു ഉറപ്പ് ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥരെ തിരുവമ്പാടിയിലേക്കയക്കാന്‍ കോഴിക്കോട് ജില്ലാകലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.
ആക്രമിച്ചയാളുടെ പിതാവിന്റെ പേരില്‍ 11 വൈദ്യുതി കണക്ഷനുകളാണ് ഉള്ളത്. അതില്‍ പത്തെണ്ണം കൊമേഷ്യല്‍ കണക്ഷനാണ്. സ്ഥിരമായി വൈദ്യുതി ബില്‍ അടയ്ക്കാതിരിക്കുന്ന സാഹചര്യത്തില്‍ ഡിസ്‌കണക്റ്റ് ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥരുമായി പലപ്പോഴും വാക്കുതര്‍ക്കവും ഭീഷണിയും പതിവാണ്. ഇപ്പോള്‍ നടത്തിയ ആക്രമണത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുകയും ഇവരില്‍ നിന്നും കെ എസ് ഇ ബിക്കുണ്ടായ നാശനഷ്ടങ്ങള്‍ മുഴുവന്‍ ഈടാക്കുകയും ചെയ്യും. ഇനി ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാല്‍ കണക്ഷന്‍ ഇന്നുതന്നെ നല്‍കാന്‍ കെ എസ് ഇ ബി തയ്യാറാണെന്ന് കെഎസ്ഇബി ഫേസ്ബുക്കില്‍ കുറിച്ചു.
യു.സി. അജ്മല്‍ ഉള്ളാട്ടില്‍ എന്ന യുവാവിന്റെ വീട്ടിലെ കണക്ഷനാണ് കെ എസ് ഇ ബി വിഛേദിച്ചത്. കെ.എസ്.ഇ ബി . സി എം ഡി യുടെ നിര്‍ദ്ദേശ പ്രകാരമാണ് കണക്ഷന്‍ വിഛേദിച്ചതെന്നാണ് വാര്‍ത്തകള്‍. അജ്മലിന്റെ വീട്ടിലുള്ള ബില്‍ ഓണ്‍ലൈനായി അടച്ചങ്കിലും കണക്ഷന്‍ വിഛേദിച്ചെന്നാണ് പരാതി. ഇതിന്റെ പേരിലാണ് യുവാവും ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."