നീറ്റ് പരീക്ഷാ ക്രമക്കേട്: ഹരജികള്‍ ഇന്ന് സുപ്രിം കോടതിയില്‍
ന്യൂഡല്‍ഹി: നീറ്റ് യു.ജി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ഹരജികള്‍ സുപ്രിംകോടതിയില്‍. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. പുനഃപരീക്ഷയിലടക്കം പരമോന്നത കോടതി ഇന്ന് വ്യക്തത നല്‍കിയേക്കും. വീണ്ടും പരീക്ഷ നടത്തണോ വേണ്ടയോ എന്നതില്‍ സുപ്രിം കോടതിയുടെ ഇന്നത്തെ വിധി നിര്‍ണായകമാണ്.
വിദ്യാര്‍ഥികളും അധ്യാപകരും കോച്ചിങ് സെന്ററുകളുമാണ് ഹരജികള്‍ നല്‍കിയത്. മെയ് അഞ്ചിന് നടന്ന നീറ്റ് യു.ജി പരീക്ഷയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി മെയ് 17നാണ് ആദ്യ ഹരജി സുപ്രിംകോടതിയിലേക്ക് എത്തുന്നത്. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വേനല്‍ അവധിക്ക് ശേഷം വാദം കേള്‍ക്കാനായി ഹരജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ വലിയ പ്രതിരോധത്തില്‍ ആയിരുന്നു. നീറ്റ് വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും നീതിയുക്തമായ അന്വേഷണവും ആവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റില്‍ അടക്കം വലിയ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെ വിദ്യാര്‍ഥികളുടെ പരാതികള്‍ പരിശോധിക്കുന്നതിനായി മുന്‍ യു.പി.എസ്.സി ചെയര്‍മാന്റെ അധ്യക്ഷതയിലുള്ള സമിതിയെ എന്‍.ടി.എ നിയമിക്കുകയും ചെയ്തിരുന്നു.
ഹരജികള്‍ കോടതി പരിഗണിക്കാനിരിക്കെ സോളിസിറ്റര്‍ ജനറലുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ചര്‍ച്ച നടത്തി. കേസില്‍ തീര്‍പ്പ് വരുന്നത് വരെ കൗണ്‍സലിംഗ് മാറ്റി വയ്ക്കാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."