അതിവേഗം പുരോഗമിച്ച് ദേശീയ പാത നിർമാണം; 75% പണികൾ പൂർത്തിയായി, കാസർകോട് നിന്നും തിരുവനന്തപുരമെത്താൻ പകുതി സമയം പോലും വേണ്ട
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ദേശീയപാത 66ൻറെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. വിവിധ ഇടങ്ങളിൽ പണി 70 മുതൽ 80 ശതമാനം വരെ പൂർത്തിയായിട്ടുണ്ട്. ആകെ 643 കിലോമീറ്റർ നീളത്തിൽ ഒരുങ്ങുന്ന റോഡുകളിൽ സിഗ്നലുകൾ ഉണ്ടാകില്ലെന്ന പ്രത്യേകതയും ഉണ്ട്. പണി പൂർണമായും പൂർത്തിയാകുന്നതോടെ കാസർകോട് നിന്നും തിരുവനന്തപുരമെത്താൻ നിലവിൽ ഉള്ളതിന്റെ പകുതി സമയം പോലും വേണ്ടിവരില്ലെന്നാണ് റിപ്പോർട്ട്.
നിലവിൽ 18 മണിക്കൂറോളം സമയമെടുക്കുന്ന കാസർകോട് - തിരുവനന്തപുരം യാത്രയ്ക്ക് റോഡ് പണി പൂർത്തിയായാൽ ഏഴ് മണിക്കൂർ മാത്രം മതിയാകുമെന്നാണ് കണക്കാക്കുന്നത്. റോഡിൽ സിഗ്നലുകൾ ഇല്ലാത്തതിനാൽ എവിടെയും നിർത്താതെ പറപറന്ന് പോകാം. 45 മീറ്റർ വീഥിയിൽ നിർമിക്കുന്ന റോഡിന്റെ ഇരുവശവും മൂന്ന് ട്രക്കുകൾ വീതം ഉണ്ടാകും. കൂടാതെ സർവിസ് റോഡുകളും ഉണ്ടാകും.
എൻഎച്ച് 66ന്റെ നിർമാണം സംസ്ഥാനത്ത് 17 റീച്ചുകളായാണ് നടക്കുന്നത്. ഇതിൽ മിക്കയിടത്തും പണികൾ പൂർത്തിയാകാറായിട്ടുണ്ട്. ഏറ്റവും കൂടുതൽ പണികൾ പൂർത്തീകരിച്ചത് വളാഞ്ചേരി - കാപ്പിരിക്കാട് റീച്ചിലാണ്. ഇവിടെ 85 ശതമാനം പണികളും പൂർത്തീകരിച്ചിട്ടുണ്ട്. മറ്റു റീച്ചുകളിലെ പണികൾ ശതമാന കണക്കിൽ ഇങ്ങനെയാണ്...
- രാമനാട്ടുകര - വളാഞ്ചേരി റീച്ച് - 75%
- തലപ്പാട് - ചെങ്ങള റീച്ച് - 74%
- വെങ്ങളം ജംഗ്ഷൻ - രാമനാട്ടുകര റീച്ച് - 73%
- ചെങ്കള - നീലേശ്വരം റീച്ച് - 56%
- നീലശ്വരം - തളിപ്പറമ്പ റീച്ച് - 50%
- തളിപ്പറമ്പ് - മുഴപ്പിലങ്ങാട് റീച്ച് - 60%
- അഴിയൂർ വെങ്ങളം റീച്ച് - 50%
- കാപ്പിരിക്കാട് - തളിക്കുളം റീച്ച് - 50%
റോഡിന്റെ നിർമാണം 2025 ഡിസംബറോടെ പൂർത്തിയാക്കുമെന്നാണ് കണക്കാക്കുന്നത്. പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഇക്കാര്യം കഴിഞ്ഞ ദിവസം നിയമസഭയിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. നിലവിൽ വിവിധ ഭാഗങ്ങൾ റോഡ് നിർമാണം പൂർത്തിയാക്കി ഗതാഗതത്തിന് ഭാഗികമായി തുറന്ന് നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."