മുംബൈയെ മുക്കി കനത്ത മഴ; 50 വിമാനങ്ങൾ റദ്ദാക്കി, റോഡുകൾ വെള്ളത്തിനടിയിൽ
മുംബൈ: സാമ്പത്തിക തലസ്ഥാനത്തെ മുക്കി മുംബൈയിൽ കനത്ത മഴ തുടരുന്നു. മഴയെ തുടർന്ന് വിവിധ ഭാഗങ്ങളിൽ വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളിൽ മിക്കതും വെള്ളത്തിനടിയിലാണ്. മഴയെ തുടർന്ന് 50 ഓളം വിമാനങ്ങൾ റദ്ദാക്കി. നഗരത്തിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുംബൈ, രത്‌നഗിരി, സിന്ധുദുർഗ് ജില്ലകളിലെ എല്ലാ സ്‌കൂളുകൾക്കും സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചു. മഹാരാഷ്ട്ര സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി ദീപക് കേസാർക്കറാണ് സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിലിൽ ഇക്കാര്യം അറിയിച്ചത്.
കൂടാതെ, കനത്ത മഴയെത്തുടർന്ന് 50 ഓളം വിമാനങ്ങൾ വിവിധ എയർലൈനുകൾ റദ്ദാക്കി. ജൂലൈ 8 ന് പുലർച്ചെ 1 മുതൽ 7 വരെ കനത്ത മഴ മുംബൈ നഗരത്തിലും പരിസര പ്രദേശങ്ങളിലും പെയ്തു. ചില താഴ്ന്ന പ്രദേശങ്ങളിൽ കനത്ത മഴയിൽ വെള്ളക്കെട്ടും സബർബൻ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.
സെൻട്രൽ റെയിൽവേ റൂട്ടുകളിലെ ലോക്കൽ ട്രെയിൻ സർവിസുകളെ മഴ സാരമായി ബാധിച്ചു. മെയിൻ, ഹാർബർ ഇടനാഴികളിലെ ട്രാക്കുകളിൽ വെള്ളം കയറിയതിനാൽ സെൻട്രൽ റെയിൽവേയുടെ സബർബൻ സർവിസുകളിൽ പലതും മുടങ്ങി.
മുംബൈയിലെ വിവിധ റോഡുകൾ വെള്ളത്തിനടിയിലായിട്ടുണ്ട്. ചില പ്രദേശങ്ങളിൽ ഒറ്റരാത്രികൊണ്ട് 300 മില്ലിമീറ്ററിലധികം മഴ പെയ്തതായി അധികൃതർ പറഞ്ഞു. അതേസമയം ജൂലൈ എട്ടിന് കനത്ത മഴയും പ്രതീക്ഷിക്കുന്നതായി ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) രാവിലെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."