ഗൂഗിള്‍ മാപ്പ് ഉപേക്ഷിച്ച് ഒല; പകരം സ്വന്തം സംവിധാനം, ലാഭം 100 കോടി
ഓണ്‍ലൈന്‍ ടാക്സി സേവനമായ ഒല കാബ്സ് ആപ്പില്‍നിന്ന് ഗൂഗിള്‍ മാപ്പ്സ് സേവനം ഒഴിവാക്കുന്നു. യാത്രകളില്‍ ഒലയ്ക്ക് ഇതുവരെ സഹായിയായ ഗൂഗിള്‍ മാപ്പിനെ ഒഴിവാക്കുന്നതിലൂടെ കമ്പനിക്ക് 100 കോടി രൂപയാണ് ലാഭമുണ്ടാവുക. അതായത്, ഗൂഗിള്‍ മാപ്പ് സേവനം ഒല ഇതുവരെ സ്വീകരിച്ചിരുന്നത് 100 കോടി രൂപ നല്‍കിയായിരുന്നു.
ഗൂഗിള്‍ മാപ്പിന് പകരമായി ഓല തന്നെ വികസിപ്പിച്ച ഓല മാപ്പ്സ് സേവനമാണ് ഇനി മുതല്‍ ഉപയോഗിക്കുകയെന്ന് ഒല സ്ഥാപകനും മേധാവിയുമായ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു.
സ്ട്രീറ്റ് വ്യൂ, ന്യൂറല്‍ റേഡിയന്‍സ് ഫീല്‍ഡ്സ്, ഇന്‍ഡോര്‍ ഇമേജസ്, 3ഡി മാപ്പ്സ്, ഡ്രോണ്‍ മാപ്സ് ഉള്‍പ്പടെയുള്ള നിരവധി പുതിയ ഫീച്ചറുകള്‍ ഒല കാബ്സിലേക്ക് വൈകാതെ എത്തുമെന്നും ഭവിഷ് അഗര്‍വാള്‍ പറഞ്ഞു.
ഒല കാബ്സ് ആപ്പിനെ കൂടാതെ ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറുകളിലും സോഫ്റ്റ്വെയര്‍ അപ്ഡേറ്റിലൂടെ ഒല മാപ്പ്സ് സേവനം എത്തുമെന്നാണ് അറിയുന്നത്.
കഴിഞ്ഞ മാസം ക്ലൗഡ് സേവന ദാതാക്കളായ മൈക്രോസോഫ്റ്റ് എഷ്വറുമായുള്ള സഹകരണവും ഒല അവസാനിപ്പിച്ചിരുന്നു. പകരം ഒലയുടെ തന്നെ എ.ഐ. സ്ഥാപനമായ കൃത്രിമിന്റെ (Krturim) സെര്‍വറുകളിലേക്ക് ഒല ഗ്രൂപ്പ് സേവനങ്ങളുടെയെല്ലാം പ്രവര്‍ത്തനം മാറ്റുകയാണ് ചെയ്തത്. ഇതിനുവേണ്ടിയും പ്രതിവര്‍ഷം 100 കോടി രൂപയാണ് ഒല ചെലവഴിച്ചിരുന്നത്.
2021 ഒക്ടോബറില്‍ പൂനെ ആസ്ഥാനമായുള്ള ജിയോസ്പേഷ്യല്‍ കമ്പനി ജിയോസ്പോക്കിനെയും ഒല ഏറ്റെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."