വാങ്ങുമ്പോള്‍ വില 350 കോടി; യൂസഫലിയുടെ പഴയ വിമാനം വില്‍പ്പനയ്ക്ക്
പുതിയ സ്വകാര്യജെറ്റ് വാങ്ങിച്ചതോടെ പഴയ വിമാനം വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണ് എം.എ യൂസഫലി. സ്വകാര്യ ജെറ്റ് വിമാനങ്ങള്‍ വില്‍ക്കാനും വാങ്ങാനും സഹായിക്കുന്ന സ്റ്റാന്റണ്‍ ആന്‍ഡ് പാര്‍ട്ട്‌ണേര്‍സ് ഏവിയേഷന്‍ എന്ന കമ്പനിയാണ് വിമാനം പല സൈറ്റുകളിലും വില്‍പ്പനയ്ക്കായി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഗള്‍ഫ്‌സ്ട്രീം 550 എന്ന വിമാനം 2016 ലാണ് യൂസഫല സ്വന്തമാക്കിയത്. അന്ന് ഏകദേശം 350 കോടി രൂപയിലധികമായിരുന്നു വിമാനത്തിന്റെ വില.
ലെഗസി 650 എന്ന വിമാനം ഉപയോഗിച്ചതിന് ശേഷമാണ് യൂസഫലി ഗള്‍ഫ്‌സ്ട്രീം 550 വാങ്ങിയത്. അമേരിക്കയിലെ വെര്‍ജീനിയ ആസ്ഥാനമായുള്ള ജനറല്‍ ഡൈനാമിക്‌സിന്റെ ഉടമസ്ഥതയിലുള്ള ഗള്‍ഫ് സ്ട്രീം എയ്‌റോസ്‌പെയ്‌സാണ് വിമാനം നിര്‍മിച്ചിരിക്കുന്നത്. 16 യാത്രക്കാര്‍ക്ക് വരെ ഈ വിമാനത്തില്‍ യാത്ര ചെയ്യാനാവും. റോള്‍സ് റോയ്‌സിന്റെ ബിആര്‍ 710സി411 എന്ന എന്‍ജിന്‍ ഉപയോഗിച്ചിരിക്കുന്ന വിമാനം ഇതുവരെ 3065.11 മണിക്കൂര്‍ പറന്നിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിലില്‍ ഏകദേശം 483 കോടിയോളം രൂപ വിലവരുന്ന ജി600 എന്ന വിമാനം യൂസഫലി വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് പഴയ വിമാനം വില്‍ക്കാനുള്ള തീരുമാനമെടുത്തത്. ടി7-വൈഎംഎ എന്ന റജിസ്‌ട്രേഷനിലുള്ള വിമാനം ഗള്‍ഫ്സ്ട്രീം കമ്പനിയാണ് നിര്‍മിച്ചത്.
2023 ഡിസംബറില്‍ പുറത്തിറക്കിയ വിമാനത്തിന് 6600 നോട്ടിക്കല്‍ മൈല്‍ വരെ പറക്കാനാവും. വേഗം 0.925 മാക്കും. പുതിയ വിമാനത്തില്‍ 19 പേര്‍ക്ക് വരെ സഞ്ചരിക്കാം. പ്രാറ്റ് ആന്‍ഡ് വിറ്റ്‌നിയുടെ എന്‍ജിനാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."