നിക്ഷേപകർ ചോദിക്കുന്നു: ഹൈറിച്ചില്‍ നേരറിയാൻ എന്തേ സി.ബി.ഐ വരുന്നില്ല ?
തൃശൂര്‍: ഹൈറിച്ച് നിക്ഷേപ തട്ടിപ്പില്‍ സി.ബി.ഐ അന്വേഷണം എന്തുകൊണ്ട് ഇനിയും നടപ്പാകുന്നില്ലെന്ന് കേസിലെ പരാതിക്കാരനായ അനില്‍ അക്കര. ഇ.ഡി താല്‍ക്കാലികമായി കണ്ടുകെട്ടിയ 212.5 കോടിയുടെ ആസ്തികളും ഫിക്‌സഡ് ഡെപ്പോസിറ്റുകളും കണ്ടുകെട്ടി. ഇതോടെ കമ്പനി സാമ്പത്തികമായി ഇല്ലാതായി. അടുത്ത അറസ്‌റ്റോടെ വിവിധ ഡീലര്‍മാരുടെ കൈവശമുള്ള സ്വത്തുക്കളും കണ്ടുകെട്ടുമെന്നാണ് സൂചന.
സര്‍ക്കാര്‍ സംസ്ഥാന കോമ്പിറ്റന്റ് അതോററ്റി വഴി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടും സി.ബി.ഐ അന്വേഷണം ഇനിയും പ്രഖ്യാപിച്ചിട്ടില്ല. സി.ബി.ഐ വന്നാലേ പൂര്‍ണമായ തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവരാനാകൂ എന്നു നിക്ഷേപകര്‍ പറയുന്നു. കോമ്പിറ്റന്റ് അതോററ്റി ആവശ്യപെട്ടാല്‍ സി.ബി.ഐ കേസ് അന്വേഷിക്കണമെന്നാണ് ചട്ടം. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഹൈറിച്ച് ഉടമ കെ.ഡി പ്രതാപനെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ ചോദ്യം ചെയ്യലുകള്‍ക്കുശേഷമാണ് നടപടിയുണ്ടായത്.
കമ്പനിയുടെ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളിലൂടെ വന്‍തുക ഹൈറിച്ച് പ്രമോര്‍ട്ടര്‍മാര്‍ സമ്പാദിച്ചിട്ടുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് മറവില്‍ 1157കോടി രൂപയാണ് തട്ടിച്ചത്. അതിനിടെ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ കേരളീയത്തിൻ്റെ വരവു ചെലവ് കണക്ക് പുറത്തുവിടണമെന്ന് അനില്‍ അക്കര ആവശ്യപ്പെട്ടു. ഇവര്‍ കേരളീയത്തിനു സംഭാവന നല്‍കിയിരുന്നുവോ എന്നും ആരാഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കണം.
2024 ഏപ്രില്‍ എട്ടിനാണ് ഹൈറിച്ച് കേസ് സര്‍ക്കാര്‍ സി.ബി.ഐക്ക് വിടാന്‍ തീരുമാനിച്ചത്. 19 കേസുകള്‍ ചേര്‍പ്പ് ആസ്ഥാനമായ കമ്പനിക്കെതിരേ പൊലിസ് രജിസ്റ്റര്‍ ചെയ്തു. 3141കോടിയിലേറെ രൂപ രാജ്യവ്യാപകമായി കമ്പനി സമാഹരിച്ചതായി കണ്ടെത്തി. ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ മറവില്‍ മണിചെയിന്‍ മാതൃകയിലായിരുന്നു തട്ടിപ്പ്. ക്രിപ്‌റ്റോ കറന്‍സി വഴി 1000 കോടി രൂപയിലേറെ വിദേശത്തേക്ക് കടത്തിയതായും സ്ഥിരീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."