യു.കെ, ഫ്രാന്‍സ്...ഫലസ്തീന്‍ വിധി നിര്‍ണയിച്ച അന്താരാഷ്ട്ര തെരഞ്ഞെടുപ്പുകള്‍
ലോക രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്നിടത്തോളം പ്രധാന വിഷയമായി മാറിയിരിക്കുന്നു ഗസ്സ. ഫലസ്തീന്‍ തെരുവുകളില്‍ ഇസ്‌റാഈല്‍ നരാധമന്‍മാര്‍ കൊന്നൊടുക്കിയ കുഞ്ഞുങ്ങളെ ലോകം മറന്നിട്ടില്ലെന്നും മറവിക്ക് വിട്ടു നല്‍കില്ലെന്നും ഉറച്ച് പ്രഖ്യാപിക്കുന്നതായിരുന്നു യു.കെയിലേയും ഫ്രാന്‍സിലേയും തെരഞ്ഞെടുപ്പ് ഫലം. ഫലസ്തീന് വേണ്ടി സംസാരിച്ചവര്‍, ഇസ്‌റാഈലിനെതിരെ ശക്തമായി നിലകൊണ്ടവര്‍ വെന്നിക്കൊടി നാട്ടിയ തെരഞ്ഞെടുപ്പുകള്‍. യു.കെ പാര്‍ലമെന്റില്‍ പാലസ്റ്റൈന്‍ ബ്ലോക്ക് തന്നെ തീര്‍ത്ത തെരഞ്ഞെടുപ്പ്.
ഇസ്‌റാഈല്‍ നരനായാട്ടിനെതിരെ ലോകത്ത് തന്നെ യൂറോപ്യന്‍ രാജ്യങ്ങളിലാണ് ഏറ്റവും ശ്രദ്ധേയമായ പ്രതിഷേധങ്ങള്‍ ഉണ്ടായത്. ആ പ്രതിഷേധങ്ങളുടെ അലയൊലി വ്യക്തമാക്കുന്നതായിരുന്നു യു.കെ തെരഞ്ഞെടുപ്പ്. ഫലസ്തീന്‍ മാത്രം പ്രചാരണായുധമാക്കിയ അഞ്ചു സ്ഥാനാര്‍ഥികളാണ് അവിടെ വിജയിച്ചത്. യു.കെയില്‍ ഭരണം പിടിച്ച ലേബര്‍ പാര്‍ട്ടി നിലപാടിനോട് യോജിക്കാനാവാതെ പാര്‍ട്ടിയില്‍ നിന്നിറങ്ങിയവരായിരുന്നു അവര്‍ എന്നതാണ് ശ്രദ്ധേയം. പാര്‍ട്ടിയുടെ ഫലസ്തീന്‍ വിരുദ്ധത തന്നെയാണ് ഈ സീറ്റുകള്‍ പാര്‍ട്ടിക്ക് നഷ്ടപ്പെടുത്തിയതെന്ന് ഇവരുടെ വിജയം തെളിയിക്കുന്നു.
ഇംഗ്ലീഷ് മിഡ്‌ലാന്‍ഡിലെ വ്യാവസായിക നഗരത്തിലെ സീറ്റായ ലെസ്റ്റര്‍ സൗത്തില്‍ ലേബര്‍ ഷാഡോ കാബിനറ്റ് അംഗം ജോനാഥന്‍ ആഷ് വര്‍ത്തിനെയാണ് 979 വോട്ടുകള്‍ക്ക് സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഷൗക്കത്ത് ആദം പരാജയപ്പെടുത്തുന്നത്. ഈ വിജയം ഗസ്സക്ക് സമര്‍പ്പിക്കുന്നു എന്നായിരുന്നു വിജയ ശേഷമുള്ള ആദമിന്റെ ആദ്യ പ്രസ്താവന. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ജെറമി കോര്‍ബിന്റെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടി 1935നു ശേഷമുള്ള ഏറ്റവും മോശമായ തോല്‍വിയിലേക്ക് കൂപ്പുകുത്തിയപ്പോഴും 67 ശതമാനം വോട്ടുകള്‍ക്ക് വിജയിച്ചയാളായിരുന്നു ആഷ് വര്‍ത്ത്.
ലേബര്‍ പാര്‍ട്ടിയുടെ കുത്തക സീറ്റായിരുന്ന ബ്ലാക്ക്‌ബേണും പാര്‍ട്ടിക്ക് നഷ്ടമായി. സ്വതന്ത്ര സ്ഥാനാര്‍ഥിയായ അദ്‌നാന്‍ ഹുസൈനാണ് ഇവിടെ വിജയിച്ചത്. 'വംശഹത്യക്കെതിരായ പ്രതിഷേധ വോട്ട്' എന്നാണ് തന്റെ വിജയത്തില്‍ അദ്‌നാന്‍ പ്രതികരിച്ചത്. 2019 ലെ പൊതു തെരഞ്ഞെടുപ്പില്‍ 18,304 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ ലേബര്‍ പാര്‍ട്ടിയുടെ കേറ്റ് ഹോളണെയാണ് അദ്‌നാന്‍ ഹുസൈന്‍ പരാജയപ്പെടുത്തിയത്. ഡ്യൂസ്ബറി , ബാറ്റ്‌ലി പ്രദേശങ്ങളും ലേബര്‍ പാര്‍ട്ടിയെ കൈവിട്ടു. മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഇഖ്ബാല്‍ മുഹമ്മദ് ആണ് ഇവിടെ വിജയിച്ചത്. ഗസ്സയിലെ വെടിനിര്‍ത്തല്‍ ആയിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം അദ്ദേഹം മുന്‍ഗണന നല്‍കിയ വിഷയം. ചരിത്രത്തില്‍ രേഖപ്പെടുത്തിയ മറ്റൊരു ജയമാണ് ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്റേതാണ്. പുതിയ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം സ്വതന്ത്രനായി മത്സരത്തിനിറങ്ങുന്നത്. ഫലസ്തീനെ കുറിച്ചാണ് ജെര്‍മി സംസാരിച്ചതും. വിജയ ശേഷം അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചതും ഇങ്ങനെ.' പുതിയ സര്‍ക്കാറിന് വേണ്ടിയുള്ള ഞങ്ങളുടെ സന്ദേശം. ഞങ്ങള്‍ ഫലസ്തീന് വേണ്ടിയുള്ള ഒരു പ്രസ്ഥാനമാണ്. ഞങ്ങള്‍ ഒരിക്കലും അതില്‍ നിന്ന് പിന്നോട്ട് പോകില്ല'. അഞ്ച് സ്ഥാനാര്‍ഥികള്‍ വിജയിക്കുന്നു എന്നത് മാത്രമല്ല നിരവധി മണ്ഡലങ്ങളില്‍ ഫലസ്തീന് വേണ്ടി സംസാരിച്ചവര്‍ രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നു എന്നതും കൂടിയാണ് പ്രധാനം.
കീര്‍സ്റ്റാര്‍മാന്റെ വലംകൈ ആയ വെസ്റ്റ്ട്രീറ്റിങ് ഇല്‍ഫോര്‍ഡ് നോര്‍ത്ത് മണ്ഡലത്തില്‍ വെറും 526 വോട്ടിനാണ് ജയിക്കുന്നത്. ലെന അഹമദ് എന്ന 24കാരിയാണ് ഇവിടെ രണ്ടാം സ്ഥാനത്ത്. 1948ല്‍ ഹൈഫയില്‍ നിന്ന് അഭയാര്‍ഥികളായി ബ്രിട്ടനിലേക്ക് വന്നയാളുടെ കൊച്ചു മകള്‍. എന്തിനേറെ പ്രചാരണത്തിന്റെ തുടക്കത്തില്‍ ഗസ്സക്കെതിരെ ശബ്ദിച്ച സ്റ്റാര്‍മര്‍ക്കും അവസാന ഘട്ടത്തില്‍ സ്വരം മാറ്റേണ്ടി വന്നു.
2023ല്‍ ഉടലെടുത്ത ടി.എം.വി (ദ മുസ് ലിം വോട്ട്) എന്ന ഒരു നോണ്‍ പൊളിറ്റിക്കല്‍ പ്രഷര്‍ ഗ്രൂപ്പിനും നിര്‍ണായക പങ്കുണ്ട് ഈ തെരഞ്ഞെടുപ്പില്‍. തെരഞ്ഞെടുപ്പില്‍ സംഘടിതമായ കാന്‍വാസിങ് നടത്തിയിരുന്നു അവര്‍. അവര്‍ മുന്നോട്ടു വെച്ച സ്ഥാനാര്‍ഥികളാണ് ജയിച്ചവരെല്ലാം.
ഫ്രാന്‍സിലേക്ക് പോയാല്‍ തീവ്ര ഇടതുപക്ഷ പാര്‍ട്ടിയാണ് അവിടെ അധികാരത്തിലെത്തുന്നത്. തീവ്രമായ ഇസ്‌ലാമോഫോബിക് നിലപാടുള്ള രാജ്യമാണ് ഫ്രാന്‍സ്. പടിഞ്ഞാറന്‍ മാധ്യമങ്ങളൊന്നടങ്കം ഫ്രാന്‍സില്‍ തീവ്ര വലതുപക്ഷ ത്തിന്റെ വിജയമുറപ്പിച്ചിരിക്കുമ്പോഴാണ് ഇടതു പക്ഷ പാര്‍ട്ടിയുടെ വിജയം പ്രവചിച്ച് എക്‌സിറ്റ് പോള്‍ വരുന്നത്. ഫ്രാന്‍സില്‍ നടന്ന വിജയറാലിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിക്കുന്ന ഇടതു പാര്‍ട്ടി നേതാവ് ആദ്യമായി പറയുന്നത് തന്നെ ഫലസ്തീനെ അംഗീകരിക്കും എന്നാണ്. ഫ്രാന്‍സില്‍ അഞ്ചു ലക്ഷത്തോളം വരുന്ന ജൂത സമൂഹത്തെ ഞെട്ടിക്കുകയാണ് ഫലമെന്ന് ടൈംസ് ഓഫ് ഇസ്‌റാഈല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗസ്സയിലെ ഇസ്‌റാഈലെ ആക്രമണം കാതങ്ങള്‍ക്കപ്പുറെയുള്ള ബ്രിട്ടനില്‍ പോലും ഒരു പുതിയ രാഷ്ട്രീയ ഘടകം രൂപപ്പെടാന്‍ കാരണമാകുന്നു എന്നത് നല്‍കുന്നത് അതിരില്ലാത്ത പ്രതീക്ഷയാണ്. രാഷ്ട്രീയമായ ഒരു ജയത്തിലേക്ക് ഫലസ്തീന്‍ ജനത നടന്നടുത്തു കൊണ്ടിരിക്കുകയാണ്. ഇക്കാലമത്രയും തുടര്‍ന്ന ഇസ്‌റാഈല്‍ അധിനിവേശങ്ങളും അതിക്രമങ്ങളും കുറച്ചു ദിവസങ്ങള്‍ മാത്രം വാര്‍ത്തകളില്‍ നിറയുകയും പിന്നീട് മറവിക്കയങ്ങളിലേക്ക് താഴ്ന്നു പോവുകയും ചെയ്തിരുന്ന അവസ്ഥയില്‍ നിന്ന് ഫലസ്തീന്‍ എന്നത് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട തലക്കെട്ടായിരിക്കുന്നു. അതിന്റെ തെളിവാണ് യു.കെയിലേയും ഫ്രാന്‍സിലേയും ജനങ്ങള്‍ വിധിയെഴുതിയ തെരഞ്ഞെടുപ്പുകള്‍. ഫലസ്തീന് വേണ്ടി സംസാരിച്ചതിന് വോട്ടു പോയെന്ന് വിലപിക്കുന്ന കേരളത്തിലേതുള്‍പെടെ പ്രബലമായ പാര്‍ട്ടികള്‍ക്ക് ഒരു പാഠം കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."