1200 കോടിയുടെ മോറിസ് കോയിന്‍ തട്ടിപ്പ്; മൂന്ന് പേര്‍കൂടി അറസ്റ്റില്‍
മലപ്പുറം: 1200 കോടിയുടെ മോറിസ് കോയിന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികള്‍ പിടിയില്‍. പൂക്കോട്ടുംപാടം കരുളായി പിലാക്കോട്ടുപാടം വെള്ളമുണ്ട് വീട്ടില്‍ സക്കീര്‍ ഹുസൈന്‍ (40), തിരൂര്‍ കൂട്ടായി പടിഞ്ഞാറെക്കര അരയച്ചന്റെപുരക്കല്‍ ദിറാര്‍ (51), പെരിന്തല്‍മണ്ണ ആലിപ്പറമ്പ് കളരിക്കല്‍ വീട്ടില്‍ ശ്രീകുമാര്‍ (54) എന്നിവരെയാണ് ക്രൈംബ്രാഞ്ചിന്റെ മലപ്പുറം യൂനിറ്റ് അറസ്റ്റ് ചെയ്തത്. മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
കേസിലെ പ്രധാന പ്രതി പൂക്കോട്ടുംപാടം തോട്ടക്കര കിളിയിടുക്കില്‍ വീട്ടില്‍ നിഷാദ് (39) വിദേശത്തേക്ക് കടന്നിട്ടുണ്ട്. ഇയാള്‍ക്കെതിരെ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്റര്‍പോള്‍ മുഖേന നിഷാദിനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കേസില്‍ ഫോര്‍ട്ട് കൊച്ചി സ്വദേശി ചിരട്ടപ്പാലം സരോജിനി റോഡില്‍ ജൂനിയര്‍ കെ. ജോഷി (40)യെ മലപ്പുറം ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മോറിസ് കോയിന്‍ എന്ന പോരിലുള്ള ക്രിപ്‌റ്റോ കറന്‍സി നിക്ഷേപ പദ്ധതിയെന്ന പേരിലാണ് പ്രതികള്‍ തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഇതിലൂടെ നിരവധി ആളുകളെ പദ്ധതിയുടെ ഭാഗമാക്കി ഏകദേശം 1200 കോടിയോളം രൂപ തട്ടിച്ചെടുത്തെന്നാണ് കേസ്. മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പില്‍ വടക്കന്‍ ജില്ലകളിലെ നിരവധി പേരുടെ പണം നഷ്ടപ്പെട്ടിരുന്നു.
സംസ്ഥാനത്തെ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ പ്രതികള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് പ്രതികളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും വസ്തുക്കളും വാഹനങ്ങളുമടക്കം പ്രതികളുടെ പേരിലുള്ള സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.
morris coin heist crime branch arrested three more suspects / fraud case
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."