വംശപരമ്പര പെരുകുന്നു : വികസന മാനദണ്ഡം 2011ലെ കാനേഷുമാരി
മലപ്പുറം: രാജ്യത്ത് ജനസംഖ്യ പെരുകുമ്പോഴും വികസനപ്രവർത്തനങ്ങൾക്കും ആനുകൂല്യങ്ങൾക്കും ഇന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് മാനദണ്ഡം 13 വർഷം മുമ്പുള്ള 2011ലെ സെൻസസ് തന്നെ. 2021 ലെ സെൻസസ് പ്രവർത്തനങ്ങൾ നിലച്ചതോടെയാണ് ജനസംഖ്യാ ആനുപാതികമായി ഫണ്ടുകളും പദ്ധതികളും എത്തിക്കാനാവാത്തത്. ഇതിന് പുറമെ ഗുണഭോക്തൃ ആനുകൂല്യങ്ങളും കിട്ടാതാവുന്നു.
2019 മാർച്ച് 28നാണ് കേന്ദ്രം 2021ൽ സെൻസസ് പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്ന് ഉത്തരവിട്ടത്. ഇതിൻ്റെ ആദ്യഘട്ടമായ വീടുകളുടെ കണക്ക് 2020 ഏപ്രിലിൽ തുടങ്ങി സെപ്റ്റംബർ 30ന് മുമ്പ് പൂർത്തിയാക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി കൊവിഡ് വന്നതോടെ കാനേഷുമാരി പ്രവർത്തനങ്ങൾ അവതാളത്തിലായി. 2021 ഫെബ്രുവരിയിൽ ജനസംഖ്യാ കണക്കെടുപ്പ് നടത്താൻ തീരുമാനിച്ചെങ്കിലും ഇതും ഫലം കണ്ടില്ല.
2011ലെ സെൻസസ് പ്രകാരം രാജ്യത്തെ ജനസംഖ്യ 121,01,93,442 ആയിരുന്നു. എന്നാൽ ഇത് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. എന്നാൽ 2024ലും 2011ലെ ജനസംഖ്യാനുപാതത്തിലാണ് കേന്ദ്രം സംസ്ഥാനങ്ങൾക്കും, സംസ്ഥാനങ്ങൾ താഴെതട്ടിലേക്കും ഫണ്ടുകൾ വിതരണം ചെയ്യുന്നത്.
സംസ്ഥാനത്ത് അടുത്താരംഭിക്കുന്ന ഓരോ തദ്ദേശ സ്ഥാപനങ്ങളിലും വാർഡുകളും അതിർത്തികളും പുനർനിർണയിക്കുന്നതിനും 2011ലെ ജനസംഖ്യാനുപാതമാണ് ആധാരമാക്കുന്നത്. ഒരോ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ വാർഡ് ആറുമാസം കൊണ്ടു നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനം. എന്നാൽ ജനസംഖ്യാനുപാതം ഇവിടേയും പാലിക്കപ്പെട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."